വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന; ഫോണുകളും ചാർജറുകളും ഇനി പുറത്തെടുക്കേണ്ടി വരില്ല

0
204

ദില്ലി: ലാപ്‌ടോപ്പുകൾ, ഫോണുകൾ, ചാർജറുകൾ എന്നിവ പ്രത്യേക ട്രേകളിൽ ഇടാതെ തന്നെ യാത്രക്കാർക്ക് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാനായേക്കും. വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇലക്‌ട്രോണിക് ഉപകരണങ്ങൾ നീക്കം ചെയ്യാതെ ബാഗുകൾ സ്‌ക്രീൻ ചെയ്യുന്നതിനുള്ള ആധുനിക ഉപകരണങ്ങൾ  വേ​ഗത്തിൽ ലഭ്യമാക്കാനുള്ള ഒരു ഉത്തരവ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി‌സി‌എ‌എസ്) ഒരു മാസത്തിനുള്ളിൽ പുറത്തിറക്കിയേക്കുമെന്നും ദി ഹിന്ദു ദിനപത്രം റിപ്പോർട്ട് ചെയ്തു.

അമേരിക്കയിലെയും യൂറോപ്പിലെയും പല വിമാനത്താവളങ്ങളിലും നിലവിൽ ഉപയോഗത്തിലുള്ള ഈ പുതിയ ലഗേജ് സ്കാനറുകൾക്ക് പരിശോധനയ്ക്കായി യാത്രക്കാരുടെ ഇലക്ട്രോണിക് ഉപകരണങ്ങളോ ജാക്കറ്റുകളോ പ്രത്യേകം ആവശ്യമില്ല. “ഞങ്ങളുടെ ലക്ഷ്യം യാത്രക്കാരെ വേഗത്തിലും മികച്ച സുരക്ഷാ സജ്ജീകരണങ്ങളോടെയും വിടുക എന്നതാണ്,” കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ്  കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ എല്ലാ പ്രധാന വിമാനത്താവളങ്ങളിലും പുതിയ യന്ത്രങ്ങൾ ആദ്യം സ്ഥാപിക്കുമെന്നും ഒരു വർഷത്തിനുള്ളിൽ മറ്റ് വിമാനത്താവളങ്ങളിലും സജ്ജമാക്കുമെന്നും  റിപ്പോർട്ടിൽ പറയുന്നുണ്ട്.
 
രാജ്യത്തെ ഏറ്റവും തിരക്കേറിയ ചില വിമാനത്താവളങ്ങളിൽ കഴിഞ്ഞയാഴ്ച യാത്രക്കാരുടെ തിരക്ക് നേരിടാൻ കൂടുതൽ സുരക്ഷാ ഉപകരണങ്ങളും ജീവനക്കാരെയും സജ്ജമാക്കേണ്ടി വന്നിരുന്നു. ദില്ലിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലെ പ്രധാന ആഭ്യന്തര, അന്തർദേശീയ ടെർമിനലുകളിൽ ചെക്ക്-ഇൻ, സെക്യൂരിറ്റി എന്നിവയിലൂടെ കടന്നുപോകാൻ യാത്രക്കാർ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്നിരുന്നു. ഇത് ചില വിമാനങ്ങൾ വൈകുന്നതിനും കാരണമായിരുന്നു.  ഇതേത്തുടർന്നാണ് ഈ പുതിയ നീക്കം. 

വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിമാനത്താവളം സന്ദർശിച്ച് ടെർമിനൽ 3 ലേക്ക് കൂടുതൽ എക്സ്-റേ മെഷീനുകളും ജീവനക്കാരെയും ലഭ്യമാക്കിയതായി അറിയിച്ചു. മുംബൈ, ബെംഗളൂരു  ഉൾപ്പെടെയുള്ള മറ്റ് വിമാനത്താവളങ്ങളിലും കൂടുതൽ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.”കഴിഞ്ഞ 24 മുതൽ 36 മണിക്കൂറിനുള്ളിൽ, എല്ലാ പ്രധാന വിമാനത്താവളങ്ങളിലെയും എല്ലാ ചെക്ക്‌പോസ്റ്റുകളിലെയും തിരക്ക് ലഘൂകരിക്കാൻ എല്ലാ ഏജൻസികളും നടപടി സ്വീകരിച്ചു. ടി3യിലെ എൻട്രി പോയിന്റുകളിലും ചെക്ക്-ഇൻ കൗണ്ടറുകളിലും തിരക്ക് കുറഞ്ഞു,” സിന്ധ്യ പറഞ്ഞു.  കൊവിഡ് 19 നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാൽ മറ്റ് രാജ്യങ്ങളിലെന്നപോലെ, ഇന്ത്യയിലെയും വിമാന യാത്രകളുടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. ദില്ലി വിമാനത്താവളത്തിലെ തിരക്ക് കാരണം ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക്, സാധാരണ രണ്ട് മണിക്കൂറിന് പകരം മൂന്നര മണിക്കൂർ മുമ്പെങ്കിലും ചെക്ക്-ഇൻ ചെയ്യുന്നതിനായി വിമാനത്താവളത്തിൽ എത്താൻ യാത്രക്കാരോട് ആവശ്യപ്പെടേണ്ടി വന്നു. . മറ്റ് വിമാനക്കമ്പനികൾക്കും വിമാനങ്ങൾ വൈകിക്കേണ്ടി വന്നു. ആഗോള വ്യോമയാന മേഖലയെ സംബന്ധിച്ചിടത്തോളം ഡിസംബർ തിരക്കേറിയ മാസമാണ്.  കൊവിഡ് കാരണമുണ്ടായ രണ്ട് വർഷത്തെ നിയന്ത്രിത യാത്രയ്ക്ക് ശേഷം ഇത്തവണ തിരക്ക് വളരെ കൂടുതലായിരിക്കുമെന്നും വിമാനക്കമ്പനികൾ പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here