രാജ്യത്തെ ആദ്യ മുസ്ലിം വനിതാ ഫൈറ്റര്‍ പൈലറ്റ്; ലക്ഷ്യത്തിലേക്ക് ഒരു കയ്യകലെ സാനിയ മിര്‍സ

0
191

രാജ്യത്തെ ആദ്യ മുസ്ലിം വനിത പൈലറ്റ് ആവണമെന്ന സ്വപ്നവുമായി ഉത്തര്‍പ്രദേശ് സ്വദേശിനി. നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പരീക്ഷയില്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ചതിന് പിന്നാലെയാണ് സാനിയ മര്‍സയുടെ പ്രതികരണം. ഉത്തര്‍ പ്രദേശിലെ മിര്‍സാപൂര്‍ സ്വദേശിയാണ് സാനിയ മിര്‍സ. എന്‍ഡിഎയുടെ പരീക്ഷയില്‍ 149ാം റാങ്ക് ജേതാവാണ് സാനിയ. ഇന്ത്യയുടെ ആദ്യ വനിതാ കോംപാക്ട് പൈലറ്റ് ആയ അവ്നി ചതുര്‍വേദിയാണ് സാനിയയുടെ റോള്‍ മോഡല്‍.

ടിവി മെക്കാനിക്കാണ് സാനിയയുടെ പിതാവ് ഷാഹിദ് അലി. തനിക്ക് അവ്നി ചതുര്‍വേദി പ്രചോദനമായത് പോലെ ഏതെങ്കിലും കാലത്ത് മറ്റുള്ളവര്‍ക്ക് താനുമൊരു പ്രചോദനമായാലോയെന്ന ആഗ്രഹവും സാനിയ മറച്ചുവയ്ക്കുന്നില്ല. എന്‍ഡിഎയുടെ പരീക്ഷയ്ക്ക് ശേഷം വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള 19 സീറ്റുകളില്‍ രണ്ടാം സ്ഥാനം നേടിയാണ് സാനിയ മിന്നുന്ന പ്രകടനം കാഴ്ച വച്ചിട്ടുള്ളത്. മിര്‍സാപൂരിലെ ജസോവറിലെ ചെറുഗ്രാമത്തില്‍ നിന്നും ഇത്തരമൊരു നേട്ടവുമായി പറക്കാനാണ് സാനിയ ലക്ഷ്യമിടുന്നത്.

ജസോവറില്‍ തന്നെയുള്ള പണ്ഡിറ്റ് ചിന്താമണി ദുബെ ഇന്‍റര്‍ കോളേജില്‍ നിന്നാണ് സാനിയ പഠനം പൂര്‍ത്തിയാക്കിയത്. ഫൈറ്റര്‍ പൈലറ്റ് വിംഗില്‍ രണ്ട് സീറ്റുകളാണ് വനിതകള്‍ക്കുള്ളത്. ഇവയിലൊന്നില്‍ ഇടം നേടാന്‍ ആദ്യ ശ്രമത്തില്‍ സാനിയയ്ക്ക് സാധിച്ചിരുന്നില്ല. രണ്ടാമത്തെ ശ്രമത്തിലാണ് ഫൈറ്റര്‍ പൈലറ്റ് സീറ്റിലേക്കുള്ള ആദ്യ പടി സാനിയ കടക്കുന്നത്.

12ാം ക്ലാസ് പരീക്ഷയില്‍ യുപി സംസ്ഥാന ബോര്‍ഡ് പരീക്ഷയില്‍ മിര്‍സാപൂരിലെ ടോപ്പര്‍ കൂടിയാണ് സാനിയ. പൂനെയിലെ എന്‍ഡിഎ അക്കാദമിയില്‍ ഈ ഡിസംബറില്‍ സാനിയ പഠനം തുടങ്ങുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിശീലന കാലം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ വായുസേനയിലെ ആദ്യ മുസ്ലിം വനിതാ ഫൈറ്റര്‍ പൈലറ്റാവും സാനിയ.

LEAVE A REPLY

Please enter your comment!
Please enter your name here