ലീച്ചേ… ഒന്ന് നിന്നേ, തല കൊണ്ട് ഒരു ചെറിയ പണിയുണ്ട്! പന്തിന് തിളക്കം കൂട്ടാന്‍ റൂട്ടിന്‍റെ ഐഡിയ-Video

0
220

റാവല്‍പിണ്ടി: വിക്കറ്റുകള്‍ വീഴ്ത്താനും ബാറ്റര്‍മാരുടെ കണക്കുക്കൂട്ടലുകള്‍ തെറ്റിക്കുന്ന പന്തുകള്‍ എറിയാനും ക്രിക്കറ്റില്‍ ധാരാളം തന്ത്രങ്ങള്‍ പുറത്തെടുക്കുന്നവരെ കാണാറുണ്ട്. എന്നാല്‍, പാകിസ്ഥാനെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിന്‍റെ ‘കുതന്ത്രം’ കണ്ട് കാണികളടക്കം ഒന്ന് അമ്പരുന്നു. മത്സരത്തിന്‍റെ 73-ാം ഓവറിലാണ് സംഭവം. റോബിന്‍സണ്‍ ആണ് ബൗള്‍ ചെയ്യാന്‍ എത്തിയത്.

ഈ സമയം ജാക്ക് ലീച്ചിനെ അടുത്തേക്ക് വിളിച്ച ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട് പന്തിന്‍റെ തിളക്കം കൂട്ടുന്നതിനായി തലയിലിട്ട് ഉരച്ചു. ഈ സമയം ബാബര്‍ അസമമും അസര്‍ അലിയും ആയിരുന്നു ക്രീസില്‍. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ പാകിസ്ഥാന്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ സ്കോറിനെതിരെ പൊരുതുകയാണ്.

ഏഴ് വിക്കറ്റിന് 499 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്‍. ഇംഗ്ലണ്ട് ഉയര്‍ത്തിയ സ്കോറിന് ഒപ്പമെത്താന്‍ പാകിസ്ഥാന് ഇനി 158 റണ്‍സ് കൂടെ വേണം. 10 റണ്‍സുമായി അഗാ സല്‍മാനും ഒരു റണ്‍സുമായി സാഹിദ് മഹ്മൂദുമാണ് ക്രീസില്‍. അബ്‍ദുള്ള ഷഫീക്ക്, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം എന്നിവരുടെ സെഞ്ചുറികളാണ് പാകിസ്ഥാനെ തുണച്ചത്. 114 റണ്‍സെടുത്ത ഷെഫീക്കും 121 റണ്‍സെടുത്ത ഇമാം ഉള്‍ ഹഖും ചേര്‍ന്ന ഓപ്പണിംഗ് വിക്കറ്റ് കൂട്ടുക്കെട്ട് കളിയില്‍ നിര്‍ണായകമായി.

ബാബര്‍ അസം 136 റണ്‍സെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി വില്‍ ജാക്സ് 132 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ജാക്ക് ലീച്ച് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആന്‍ഡേഴ്സണ്‍, റോബിന്‍സണ്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുകള്‍ വീതം ലഭിച്ചു. നേരത്തെ സാക് ക്രൗളി (122), ബെന്‍ ഡക്കറ്റ് (107), ഒല്ലി പോപ് (108), ഹാരി ബ്രൂക്ക് (153) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇംഗ്ലണ്ടിന് തുണയായത്.  അരങ്ങേറ്റക്കാരന്‍ സഹിദ് മഹ്മൂദ് പാകിസ്ഥാനായി നാല് വിക്കറ്റ് നേടിയിരുന്നു.

സഹിദിന്റെ അക്കൗണ്ടില്‍ ഒരു മോശം റെക്കോര്‍ഡും വന്നുചേര്‍ന്നു. 33 ഓവര്‍ എറിഞ്ഞ താരം  235 റണ്‍സ് വിട്ടുകൊടുക്കുകയുണ്ടായി. റണ്‍ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ താരം ‘ഇരട്ട സെഞ്ചുറി’ നേടി. ഒരോവറില്‍ 7.10 റണ്‍സ് എന്ന നിലയിലാണ് താരം റണ്‍സ് വിട്ടുകൊടുത്തത്. സഹിദിന്റെ ഒരോവറില്‍ 27 റണ്‍സ് ബ്രൂക്ക് അടിച്ചെടിരുന്നു. രണ്ട് സിക്‌സും മൂന്ന് ഫോറും അതിലുണ്ടായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ മോശം റെക്കോര്‍ഡുകളില്‍ ഒന്നാണിത്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇത്രയും റണ്‍സ് മറ്റൊരു താരവും വിട്ടുകൊടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here