റോഡ് കേരളത്തില്‍, കാര്‍ മറിഞ്ഞത് കര്‍ണാടകയിലേക്ക്; ആശയക്കുഴപ്പത്തിനൊടുവില്‍ കേസെടുത്ത് കേരള പൊലീസ്

0
477

കാസര്‍കോട്: കല്യാണവിരുന്ന് കഴിഞ്ഞുള്ള മടക്കത്തിനിടെ കാര്‍ മറിഞ്ഞ് മരത്തിലിടിച്ച് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ കേരള പൊലീസ് കേസെടുത്തു. അതിര്‍ത്തിയിലുണ്ടായ അപകടത്തില്‍ ആര് കേസെടുക്കുമെന്ന ആശയക്കുഴപ്പത്തിനൊടുവിലാണ് കേരള പൊലീസ് കേസെടുക്കുന്നത്. അപകടം നടന്ന റോഡ് കേരളത്തിലും കാര്‍ മറിഞ്ഞത് കര്‍ണാടകയിലേക്കുമായതാണ് ആശയക്കുഴപ്പത്തിന് കാരണം.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ചെര്‍ക്കള-ജാല്‍സൂര്‍ അന്തസ്സംസ്ഥാനപാതയില്‍ കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ പരപ്പ വില്ലേജ് ഓഫീസിന് സമീപം അപകടം നടന്നത്. റോഡില്‍ നിന്നും നിയന്ത്രണം വിട്ട് ഇന്നോവ കാര്‍ പയസ്വിനിയുടെ ഭാഗമായ പള്ളങ്കോട് പുഴയ്ക്കരികില്‍ മരത്തിലുടക്കി നില്‍ക്കുകയായിരുന്നു. അപകടത്തില്‍  ഗ്വാളിമുഖ കൊട്ടിയാടിയിലെ തേങ്ങവ്യാപാരി ഷാനവാസിന്റെ ഭാര്യ ഷഹദ (30), മകള്‍ ഷസ ഫാത്തിമ (മൂന്ന്) എന്നിവര്‍ മരണപ്പെട്ടു. ഷാനവാസിന്‍റെ  മാതാവുള്‍പ്പെടെ കുടുംബത്തിലെ  ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ ചികിത്സയിലാണ്.

അപകടമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ കുഴക്കിയത് പ്രദേശത്തെ ഭൂഘടനയാണ്. അപകടം നടന്ന റോഡ് കേരളത്തിലും. കാര്‍ മറിഞ്ഞത് കര്‍ണാടകത്തിലേക്കുമായിരുന്നു. റോഡിന്‍റെ ഒരു ഭാഗം കേരളവും മറുഭാഗം കര്‍ണാടകയുമാണ്. അപകടം നടന്ന ഉടനെ തന്നെ തൊട്ടടുത്തുള്ള ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കര്‍ണ്ണാടക പൊലീസ് സംഘം സ്ഥലത്ത് എത്തി. എന്നാല്‍ റോഡ് കേരളത്തിലാണെന്ന് പറഞ്ഞ് തിരിച്ച് പോവുകയായിരുന്നു.

തുടര്‍ന്ന് കേരള അതിര്‍ത്തിയിലെ ആദൂര്‍ സ്റ്റേഷന്‍ സിഐ എ അനില്‍കുമാറും സംഘവും സ്ഥലത്തെത്തി അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. കേരള പൊലീസിനും കേസെടുക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടായി. നേരത്തെ ഇവിടെ അപകടം നടന്നപ്പോള്‍ കേസെടുത്തത് കര്‍ണ്ണാടക പൊലീസ് ആണെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. കാര്‍ മറിഞ്ഞ സ്ഥലം കര്‍ണ്ണാടകിയാണെന്നാണ് വില്ലേജ് ഓഫീസറും വ്യക്തമാക്കിയത്. ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ കേരള പൊലീസ് കേസെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here