വാഹന അപകടത്തില്‍നിന്ന് പരിക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോഗ്യനിലയില്‍ പുതിയ വിവരങ്ങളുമായി ഡോക്ടര്‍മാര്‍. താരത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. നെറ്റിയില്‍ രണ്ട് മുറിവുകളും വലത് കാല്‍മുട്ടിന്റെ ലിഗമെന്റിന് പരിക്കുമുണ്ട്. വലത് കൈത്തണ്ട, കണങ്കാല്‍, കാല്‍വിരല്‍ എന്നിവയ്ക്കും പരിക്കുണ്ട്.
പൂർണ്ണമായ ഫിറ്റ്നസ് വീണ്ടെടുക്കാൻ 2 മുതൽ 6 മാസം വരെ എടുത്തേക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. താരത്തിന്‍റെ വേഗത്തിലുള്ള തിരിച്ചുവരവ് ആഗ്രഹിച്ചവര്‍ക്ക് ഇതൊരു നിരാശ നല്‍കുന്ന വാര്‍ത്തയാണ്.
ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് പോകവേയാണ് റിഷഭിന്റെ മേഴ്‌സിഡസ് കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചത്. റൂര്‍ക്കിക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 5.30നാണ് സംഭവം. റിഷഭ് പന്താണ് കാര്‍ ഓടിച്ചിരുന്നത്. വേറെ ആരും കാറിലുണ്ടായിരുന്നില്ല.
ഡ്രൈവിംഗിനിടെ മയങ്ങിപ്പോയതിനാല്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് റിഷഭ് പന്ത് പറഞ്ഞെന്ന് ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാര്‍ പറഞ്ഞു. ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച കാറിന്റെ ചില്ല് തകര്‍ത്താണ് റിഷഭ് പന്ത് പുറത്തെത്തിയത്.