ദില്ലി: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത് അപകടനില തരണം ചെയ്തിരുന്നു. ഇക്കാര്യം ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു. രാവിലെ 5.30ന് ഉത്തരാഖണ്ഡില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവിംഗിനിടെ ഉറങ്ങി പോയതോടെയാണ് അപകടം സംഭവിച്ചതെന്ന് പന്ത് പൊലീസിനോട് പറഞ്ഞിരുന്നു. ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഋഷഭ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ക്രിക്കറ്റ് ലോകം പന്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്.
പുതുവര്‍ഷം അമ്മയ്‌ക്കൊപ്പം ആഘോഷിക്കാനായി വീട്ടിലേക്ക് വരികയായിരുന്നു പന്ത്. അമ്മയ്ക്ക് സര്‍പ്രൈസാവട്ടെയെന്ന് മനസിലുണ്ടായിരുന്നു. എന്നാല്‍ അതൊരു അപകടത്തില്‍ അവസാനിച്ചു. അത്ഭുതകരമായിട്ടാണ് താരം രക്ഷപ്പെട്ടതെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. കാല്‍മുട്ടിലും കൈ മുട്ടിലുമാണ് പന്തിന് പ്രധാനമായും പരിക്കേറ്റ്. പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. കാറിന്റെ ഗ്ലാസുകള്‍ സ്വയം തകര്‍ത്താണ് പന്ത് വാഹനത്തില്‍ നിന്ന് പുറത്തുവരുന്നത്. പിന്നാലെ നിലത്ത് കിടക്കുകയായിരുന്നു താരം. കാറ് പൂര്‍ണമായും കത്തി നശിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചില ദൃശ്യങ്ങള്‍ കാണാം…
Rishabh Pant's miraculous escape after his car met with an accident early morning on Friday. pic.twitter.com/APtcjxbdEp
— TIMES NOW (@TimesNow) December 30, 2022
This video is told to be of Rishabh Pant's recent accident in Uttarakhand. Vehicle can be seen on fire and Pant is lying on the ground. @TheLallantop pic.twitter.com/mK8QbD2EIq
— Siddhant Mohan (@Siddhantmt) December 30, 2022
ഒരു വര്‍ഷമെങ്കിലും താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇപ്പോള്‍ പന്തിന്റെ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ക്രിക്കറ്റ് ലോകം. പാകിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദി, ബംഗ്ലാദേശ് താരം ലിറ്റണ്‍ ദാസ്, ഇന്ത്യന്‍ താരം മുഹമ്മദ് ഷമി, മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍, എന്‍സിഎ ഡയറക്റ്ററും മുന്‍ താരവുമായി വിവിഎസ് ലക്ഷ്മണ്‍, മുന്‍ വനിതാ ക്രിക്കറ്റര്‍ ജുലന്‍ ഗോസ്വാമി തുടങ്ങിയവരെല്ലാം പന്തിന്റെ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്.
ഡിവൈഡറില്‍ ഇടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. അപകടസമയത്ത് കാറില്‍ ക്രിക്കറ്റ് താരം തനിച്ചായിരുന്നു. തലയ്ക്കും കാല്‍മുട്ടിനും പരിക്കേറ്റു. പുറത്ത് പൊള്ളലേറ്റ നിലയിലാണുള്ളത്. പന്തിനെ, ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി. താരത്തിന്റെ ചികിത്സയുടെ മുഴുവന്‍ ചെലവും സംസ്ഥാനം വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.