ലോകകപ്പിന് ശേഷം ഒളിമ്പിക്സിനും ഖത്തർ വേദിയാകും?

0
231

ലോകത്തിന്റെ പ്രശംസകളേറ്റുവാങ്ങി നടക്കുന്ന ഫിഫ ലോകകപ്പ് സംഘാടനത്തിന് ശേഷം ഒളിമ്പിക്‌സും ഖത്തർ ഏറ്റെടുത്തേക്കുമെന്ന് വാർത്ത. 2036ലെ ശരത്കാല ഒളിമ്പിക്സ് നടത്തിപ്പ് രാജ്യം ഏറ്റെടുത്തേക്കുമെന്ന് ദി ഗാർഡിയനാണ് റിപ്പോർട്ട് ചെയ്തത്. ഒളിമ്പിക്സ് സംഘാടക പദവിക്കായുള്ള ശ്രമം നേരത്തെ മൂന്നു വട്ടം പരാജയപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞു. 32 കായിക ഇനങ്ങളിലായി 10,500 അത്ലറ്റുകൾ പങ്കെടുക്കുകയും ദശലക്ഷക്കണക്കിന് കാണികളെത്തുകയും ചെയ്യുന്ന പരിപാടി നടത്താനുള്ള അടിസ്ഥാന സൗകര്യം ഇത്രയും ചെറിയ രാജ്യത്തിനുണ്ടോയെന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ സംശയം കൊണ്ടാണ് നേരത്തെ ഖത്തറിന് അവസരം ലഭിക്കാതിരുന്നത്. എന്നാൽ ഒരു പ്രധാന നഗരത്തിൽ തന്നെ ഒന്നിലധികം വേദികളുള്ള ഒളിമ്പിക്സ് ശൈലി നടപ്പാക്കാൻ ഖത്തറിന് കഴിയുമെന്നതിന് ഈ ലോകകപ്പ് സംഘാടനം സാക്ഷിയാണ്. ഐഒസി ഇക്കാര്യം തിരിച്ചറിയുമെന്ന് ശുഭാപ്തിവിശ്വാസത്തിലാണ് അധികൃതർ.

ഒളിമ്പിക്‌സ് നടത്തിപ്പ് തനിച്ച് തന്നെ ചെയ്യണമെന്ന് ഖത്തർ ആഗ്രഹിക്കുന്നതായാണ് വിവരം. എന്നാൽ സൗദി അറേബ്യയുമായി ചേർന്ന് മിഡിൽ ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘാടനം ഏറ്റെടുക്കാൻ ഒളിമ്പിക് കമ്മിറ്റിയിൽനിന്ന് തന്നെ സമ്മർദമുണ്ടാകാൻ സാധ്യതയുണ്ട്. 2002 മുതൽ ഐഒസി അംഗമായ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഈ ലോകകപ്പിൽ സൗദി പതാകയുമായി പോസ് ചെയ്തത് ശ്രദ്ധേയമായിരുന്നു.

വേനൽക്കാലത്ത് ഖത്തറിലുണ്ടാകുന്ന ഉയർന്ന താപനില കണക്കിലെടുത്ത് പരിപാടി ശരത്കാലത്തേക്ക് മാറ്റേണ്ടി വരും. എന്നാൽ ഇത്തരം മാറ്റം ആദ്യമായി സംഭവിക്കുന്നതല്ല. 1964ൽ ടോക്കിയോ ഒളിമ്പിക്സ് ഒക്ടോബർ 10നും 1988ൽ സിയോളിലെയും 2000ൽ സിഡ്നിയിലെയും ഒളിമ്പിക്‌സുകൾ സെപ്റ്റംബർ പകുതിയോടെയുമാണ് ആരംഭിച്ചിരുന്നത്.

ഫുട്‌ബോൾ ലോകകപ്പ് നടത്തിപ്പിൽ വിജയം കണ്ട എയർകണ്ടീഷൻ ചെയ്ത സ്റ്റേഡിയങ്ങളുടെ ഉപയോഗം മറ്റ് ഔട്ട്‌ഡോർ വേദികളിലേക്കും വ്യാപിപ്പിക്കാൻ ഖത്തർ ശ്രമിക്കും. 2019-ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ വനിതാ മാരത്തണിൽ അർദ്ധരാത്രിക്ക് മുമ്പ് കോർണിഷിൽ ഓട്ടമാരംഭിച്ചിട്ടും ഉയർന്ന ചൂടും ഈർപ്പവും കാരണം പകുതിയോളം ദൂരം ഉപേക്ഷിച്ചിരുന്നു. അന്ന് വനിതാ മാരത്തണിൽ സംഭവിച്ച കാര്യങ്ങൾ ഒഴിവാക്കാൻ ഈ നീക്കം ഉപകരിക്കുമെന്നും ഗാർഡിയൻ റിപ്പോർട്ടിൽ പറഞ്ഞു.

സംഘാടന മികവിൽ ഖത്തറിന് ശുഭാപ്തിവിശ്വാസം ഉണ്ടെങ്കിലും വേറെയും വെല്ലുവിളികൾ നേരിടേണ്ടിവന്നേക്കും. ഒളിമ്പിക് കമ്മ്യൂണിറ്റിയിൽ ഫുട്ബോളിനേക്കാൾ വളരെ അധികം LGBTQ+ അത്ലറ്റുകളുണ്ട്, സ്വവർഗ്ഗാനുരാഗം ക്രിമിനൽ കുറ്റമാക്കപ്പെടുന്ന രാജ്യത്ത് ഗെയിംസ് അരങ്ങേറുന്നതിനെതിരെ അവർ നിലകൊള്ളാൻ സാധ്യതയുണ്ട്.

ഫുട്‌ബോൾ ലോകകപ്പ് നടന്ന സ്റ്റേഡിയങ്ങളിൽ കാണികൾക്ക് ഖത്തർ മദ്യനിരോധനം ഏർപ്പെടുത്തിയിരുന്നു. അതിനാൽ അത്തരം ഉത്പന്നങ്ങൾ നിർമിക്കുന്ന സ്പോൺസർമാരാരെയും ഐഒസി സ്വീകരിക്കാനിടയില്ല. ഐഒസി പ്രസിഡന്റ് തോമസ് ബാച്ച് ഖത്തറിന്റെ അപേക്ഷ സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ 2036ലെ ഗെയിംസ് എവിടെ നടത്തണമെന്ന് തീരുമാനമെടുക്കുന്നതിന് മുമ്പ്, 2025ൽ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും.

സമുദ്രനിരപ്പിൽ നിന്ന് 338 അടി ഉയരമുള്ള ഒരു രാജ്യത്ത് മൗണ്ടൻ ബൈക്ക് മത്സരം എങ്ങനെ സംഘടിപ്പിക്കാമെന്നതുൾപ്പെടെയുള്ള ചില വെല്ലുവിളികളുണ്ടാകും. എന്നിരുന്നാലും, 2019 ൽ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയായ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയമുണ്ടെങ്കിലും ഒരു പുതിയ ഒളിമ്പിക് സ്റ്റേഡിയം നിർമിക്കേണ്ടിവരും. ഖലീഫ സ്‌റ്റേഡിയത്തിൽ 45,000ൽ കൂടുതൽ ശേഷിയുണ്ട്. അതേസമയം, താമസം, ഗതാഗതം, സ്റ്റേഡിയം എന്നിവയിൽ ഭൂരിഭാഗവും ഇതിനകം തന്നെ നിലവിലുണ്ടെന്നാകും ഖത്തർ വാദിക്കുക. ഖത്തറിന് പുറമേ ഇന്ത്യ, ഇന്തോനേഷ്യ, തുർക്കി എന്നിവയാണ് 2036 ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മറ്റ് രാജ്യങ്ങൾ.

 

LEAVE A REPLY

Please enter your comment!
Please enter your name here