മലപ്പുറം: അരിയിൽ ഷുക്കൂർ വധക്കേസിൽ ടി.പി ഹരീന്ദ്രന്റെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ലീഗ് നേതൃത്വത്തിന് ബോധ്യപ്പെട്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. രണ്ട് ദിവസം ഇത് സംബന്ധിച്ച അന്വേഷണത്തിലായിരുന്നു. ചില പേരുകൾ സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ട്. കേട്ടുകേൾവി ആയതുകൊണ്ട് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ ഗൂഢാലോചനക്ക് പിന്നിൽ പ്രവർത്തിച്ചവരെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടിക്കകത്തുള്ളവർക്ക് ഇതിൽ പങ്കുണ്ടോ എന്ന ചോദ്യം പൂർണമായും തള്ളാൻ അദ്ദേഹം തയ്യാറായില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളത് പറയാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇ.പി ജയരാജൻ വിഷയത്തിൽ തന്റെ നിലപാട് വലിയ ചർച്ചയായി. അത് രാഷ്ട്രീയമാണ്. അതിൽ പ്രശ്‌നമില്ല. പക്ഷേ, അരിയിൽ ഷുക്കൂർ മുസ്‌ലിം ലീഗ് പ്രവർത്തകരുടെ വികാരമാണ്. അത് ഉപയോഗിച്ച് തനിക്കെതിരെ ആരോപണം ഉന്നയിച്ചവർക്കെതിരെ ഏതറ്റം വരെ പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി തന്നെ ആരോപണം തള്ളിയതോടെ വക്കീലിന്റെ വെളിപ്പെടുത്തൽ നിലനിൽക്കില്ല. ഓർക്കാപ്പുറത്തുള്ള വെളിപാടിന് പിന്നിൽ എന്താണെന്ന് അന്വേഷിച്ചപ്പോഴാണ് ഗൂഢാലോചന ബോധ്യപ്പെട്ടത്. കെ.പി.സി.സി പ്രസിഡന്റിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല. അദ്ദേഹം തന്നെ അത് വിശദീകരിച്ചതാണ്. അദ്ദേഹത്തിന്റെ പ്രതികരണംകൊണ്ട് ചെറിയ ബുദ്ധിമുട്ട് ഉണ്ടായെങ്കിലും വിശദീകരിച്ചതോടെ ക്ലിയർ ആയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.