വീണ്ടും നോട്ട് നിരോധനം നടപ്പിലാക്കണം, രണ്ടായിരം രൂപയുടെ കറൻസി ഭീകര പ്രവർത്തനത്തിനായി പൂഴ്ത്തിവെയ്ക്കപ്പെടുന്നു, പിൻവലിക്കണമെന്ന് ബിജെപി എം പി

0
191

ന്യൂഡൽഹി: രണ്ടായിരം രൂപയുടെ കറൻസിയ്ക്ക് രാജ്യത്ത് നിരോധനമേർപ്പെടുത്തണമെന്ന് ബിജെപി എം പി സുശീൽ മോദി. 2,000 രൂപ നോട്ടുകൾ നിലവിൽ റിസർവ്വ് ബാങ്ക് അച്ചടിക്കുന്നില്ലെന്നും സാധാരണക്കാർ നോട്ട് വിനിയോഗിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഘട്ടം ഘട്ടമായുള്ള നോട്ട് നിരോധനം പ്രാവർത്തികമാക്കണമെന്ന് ബീഹാർ മുൻ ധനമന്ത്രിയായിരുന്ന സുശീൽ മോദി രാജ്യസഭയിൽ ആവശ്യപ്പെട്ടു.

2,000 രൂപയ്ക്ക് നിരോധനമേർപ്പെടുത്തിയ ശേഷം കറൻസി മാറി മൂല്യം കുറഞ്ഞ നോട്ടുകളാക്കി മാറ്റാൻ സർക്കാർ രണ്ട് വർഷത്തെ സമയം അനുവദിക്കണമെന്ന നിർദേശം അദ്ദേഹം മുന്നോട്ട് വെച്ചു. 2,000 രൂപയുടെ നോട്ട് പിൻവലിക്കുന്നതിന് പിൻതാങ്ങാനായി നിലവിൽ നോട്ട് പൂഴ്ത്തി വെച്ച് ഭീകരപ്രവർത്തനത്തിനും മയക്കുമരുന്ന് കടത്തിനുമാണ് ഉപയോഗിക്കുന്നതെന്ന് ബിജെപി എം പി വാദിച്ചു.

രാജ്യത്തെ ഏറ്റവും വലിയ കറൻസിയായിരുന്ന 1,000 രൂപ പിൻവലിച്ച് പകരം 2,000 രൂപ കൊണ്ട് വന്ന കേന്ദ്ര സർക്കാർ നടപടി യുക്തിരഹിതമാണെന്നും രാജ്യത്തിലെ എടിഎമ്മുകളിൽ നിന്ന് 2,000 രൂപ അപ്രത്യക്ഷമായ സ്ഥിതിവിശേഷമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു മൂന്ന് വർഷത്തിലധികമായി റിസർവ്വ് ബാങ്ക് രണ്ടായിരം രൂപ നോട്ടുകൾ അച്ചടിക്കാത്ത നടപടിയിൽ കേന്ദ്ര സർക്കാർ വിശദീകരണം നൽകണമെന്നും സുശീൽ മോദി രാജ്യസഭയുടെ ശൂന്യവേളയിൽ ആവശ്യപ്പെട്ടു.

അതേ സമയം ഇന്ത്യൻ കറൻസികളിൽ നിന്നും രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ചിത്രം നീക്കുമെന്ന അഭ്യൂഹങ്ങൾ കേന്ദ്ര ധനമന്ത്രാലയം തള്ളിയിരുന്നു. ഗാന്ധിജിയുടെ ചിത്രം കറൻസിയിൽ നിന്ന് നീക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം ഇന്ന് പാർലമെന്റിൽ വ്യക്തമാക്കി. ഇടക്കാലത്ത് ഹെെന്ദവ ദെെവങ്ങളുടെയും സുഭാഷ് ചന്ദ്രബോസ് അടക്കമുള്ള സ്വാതന്ത്ര്യസമരസേനാനികളുടെയും ചിത്രങ്ങൾ കറൻസിയിൽ ഉൾപ്പെടുത്താൻ ആവശ്യം ഉയർന്നിരുന്നു. എന്നാൽ നിലവിലെ കറൻസിയിൽ മാറ്റം വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here