രാജ്യത്ത് എവിടെ നിന്നും വോട്ട് ചെയ്യാം: നിർണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

0
146

ഡല്‍ഹി: മറ്റ് സംസ്ഥാനങ്ങളിലിരുന്നും സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍റെ സഹായത്തോടെയാണ് വോട്ട് രേഖപ്പെടുത്താൻ സാധിക്കുക. ജനുവരി 16ന് പുതിയ വോട്ടിങ് യന്ത്രത്തിന്‍റെ പ്രവർത്തനം രാഷ്ട്രീയ പാർട്ടികൾക്ക് പരിചയപ്പെടുത്തും.

72 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടിക ഒറ്റ യന്ത്രത്തിൽ ഉൾപ്പെടുത്താനാണ് നീക്കം. നിലവിൽ സ്വന്തം മണ്ഡലത്തില്‍ നേരിട്ടെത്തി മാത്രമേ വോട്ട് ചെയ്യാന്‍ കഴിയൂ. വിദ്യാഭ്യാസത്തിനും തൊഴിലിനുമൊക്കെയായി മറ്റ് സ്ഥലങ്ങളില്‍ പോയവര്‍ക്ക് പലപ്പോഴും വോട്ട് രേഖപ്പെടുത്താന്‍ കഴിയാറില്ല. നിലവിൽ ഒരു വോട്ടിങ് യന്ത്രത്തിൽ ആ മണ്ഡലത്തിലെ സ്ഥാനാർഥി പട്ടിക മാത്രമേ ഉണ്ടാകൂ. ഇതിനു പകരം 72 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടിക ഒറ്റ യന്ത്രത്തിൽ ഉൾപ്പെടുത്തുന്ന രീതിയിൽ വോട്ടിങ് യന്ത്രം പരിഷ്കരിക്കാനാണ് നീക്കം.

“2019ലെ പൊതുതെരഞ്ഞെടുപ്പിൽ 67.4 ശതമാനം പോളിങ് രേഖപ്പെടുത്തി. 30 കോടിയിലധികം വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാത്തതിൽ ആശങ്കയുണ്ട്”- തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

പുതിയ സംവിധാനം രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. പല തെരഞ്ഞെടുപ്പുകളിലും പ്രതിപക്ഷം വോട്ടിങ് മെഷീനില്‍ കൃത്രിമം ആരോപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ സംവിധാനത്തോടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതികരണം അറിയാനിരിക്കുന്നേയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here