പ്രധാനമന്ത്രിയുടെ പേരുമായി ബന്ധമില്ല; ബംഗളൂരൂവിലെ ‘മോദി മസ്ജിദിന്റെ’ കഥ

0
223

കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവില്‍ ഒരു മനോഹരമായ മുസ്ലീം പള്ളിയുണ്ട്. മോദി മസ്ജിദ് എന്നാണ് പള്ളിയുടെ പേര്. എന്നാല്‍ ഈ പള്ളിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യാതൊരു ബന്ധവുമില്ല. ഈ പള്ളി മോദി അബ്ദുള്‍ ഗഫൂർ എന്ന വ്യവസായിയുമായാണ്  ബന്ധപ്പെട്ടിരിക്കുന്നത്.

ധനികനായ ഒരു വ്യാപാരിയായിരുന്നു മോദി അബ്ദുള്‍ ഗഫൂര്‍. 1849കളില്‍ അദ്ദേഹം ബംഗളൂരുവിലെ ടസ്‌കര്‍ ടൗണിലാണ് താമസിച്ചിരുന്നത്. മിലിട്ടറി ആന്‍ഡ് സിവില്‍ സ്റ്റേഷന്‍ എന്നായിരുന്നു ആ പ്രദേശം അറിയപ്പെട്ടിരുന്നത്. പേര്‍ഷ്യയ്ക്കും ഇന്ത്യയ്ക്കുമിടയില്‍ വ്യാപാരം നടത്തിയിരുന്ന പ്രശസ്തനായ ഒരു വ്യാപാരി കൂടിയായിരുന്നു മോദി അബ്ദുള്‍ ഗഫൂർ. മറ്റ് ചില രാജ്യങ്ങളിലും അദ്ദേഹം വ്യാപാരം നടത്തിയിരുന്നു. അങ്ങനെയിരിക്കെയാണ് താന്‍ താമസിച്ചിരുന്ന സ്ഥലത്ത് ഒരു മസ്ജിദ് വേണമെന്ന് അദ്ദേഹത്തിന് തോന്നലുണ്ടായത്. അങ്ങനെ 1849ല്‍ അദ്ദേഹം അവിടെ ഒരു പള്ളി നിര്‍മ്മിച്ചു.

അതിനുശേഷം, മോദി അബ്ദുള്‍ ഗഫൂറിന്റെ കുടുംബം ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ കൂടുതല്‍ പള്ളികള്‍ നിര്‍മ്മിച്ചു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി താനേരി പ്രദേശത്തിന് സമീപം മോദി റോഡ് എന്നൊരു റോഡുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. കാലക്രമേണ പഴയ പള്ളിക്ക് കേടുപാടുകള്‍ വന്നുതുടങ്ങി. 2015ല്‍ പഴയ പള്ളി പുതുക്കി പണിതു.

പുതിയ മസ്ജിദ് പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്ന സമയത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം തവണ അധികാരത്തിലേറിയത്. ഇതാണ് ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയത്. ഇത് യാദൃശ്ചികമായി സംഭവിച്ചതാണെന്നാണ് പ്രദേശത്തെ ഒരു പഴക്കച്ചവടക്കാരനായ മുദസിര്‍ പറയുന്നു. മോദി മസ്ജിദിലെ ഒരു സ്ഥിരം സന്ദര്‍ശകനാണ് മുദസിര്‍.

30,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പള്ളിയില്‍ സ്ത്രീകള്‍ക്ക് നമസ്‌ക്കരിക്കുന്നതിനായി പ്രത്യേകം സ്ഥലം ഒരുക്കിയിട്ടുണ്ട്. മറ്റ് അടിസ്ഥാന സൗകര്യങ്ങളും പള്ളിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയാണ് പള്ളിയുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

ഹിന്ദുക്കളും സിഖുകാരും ചേർന്ന് പരിപാലിക്കുന്ന ഒരു പള്ളിയും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. സാമുദായിക സൗഹാര്‍ദത്തിന്റെ പ്രതീകമായി മാറിയ മുസ്ലീം പള്ളിയാണ് ലുധിയാനയിലെ ഹെഡോണ്‍ ബെറ്റ് ഗ്രാമത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മസ്ജിദ്. വിഭജനത്തിനു ശേഷം ഇസ്ലാം വിശ്വാസികള്‍ ഈ ഗ്രാമത്തില്‍ താമസിച്ചിട്ടില്ല. എന്നിട്ടും പള്ളിയില്‍ എല്ലാ ദിവസവും പ്രാര്‍ത്ഥനകള്‍ നടത്തുകയും വൈകുന്നേരങ്ങളില്‍ വിളക്ക് തെളിയിക്കുകയും ചെയ്യുന്നുണ്ട്.

പതിറ്റാണ്ടുകളായി ഗ്രാമത്തിലെ സിഖ്, ഹിന്ദു വിശ്വാസികളാണ് ഇത് ചെയ്യുന്നത്. പവിത്രത നിറഞ്ഞ സ്ഥലമായാണ് ഇവര്‍ ഈ പള്ളിയെ കാണുന്നത്. വര്‍ഷങ്ങളോളം ഈ ആരാധനാലയം പരിപാലിച്ചിരുന്നത് ഒരു സൂഫി സന്യാസിയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് 2009ല്‍ 56കാരനായ പ്രേം ചന്ദ് എന്നയാള്‍ പള്ളിയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയായിരുന്നു. പ്രേം ചന്ദ് ദിവസത്തില്‍ രണ്ട് തവണ പള്ളിയില്‍ പോകാറുണ്ട്. മസ്ജിദിന്റെ പരിസരം വൃത്തിയാക്കുകയും പ്രാര്‍ത്ഥനകള്‍ ചൊല്ലുകയും വൈകുന്നേരം മുടങ്ങാതെ വിളക്ക് കത്തിക്കുകയും ചെയ്യാറുണ്ട്. 1920ലാണ് മസ്ജിദ് പണികഴിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here