മുസ്‌ലിം പെണ്‍കുട്ടികള്‍ക്കായി കോളജുകള്‍ ആരംഭിക്കാന്‍ ഉദ്ദേശമില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി

0
125

ബെംഗളൂരു: മുസ്‌ലിം പെണ്‍കുട്ടികള്‍ക്കായി പ്രത്യേകകോളജുകള്‍ തുറക്കുന്നതിന് സംസ്ഥാന വഖഫ് ബോര്‍ഡില്‍ നിന്ന് നിര്‍ദേശമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കര്‍ണാടകമുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തള്ളി. സംസ്ഥാന വഖഫ് ബോര്‍ഡ് തലവന്റേത് ഒരു പ്രസ്താവന മാത്രമാണെന്നുംഅത്തരമൊരു നിര്‍ദേശം സര്‍ക്കാരിനു മുന്നിലില്ലെന്നും ശിവമോഗയിലെ ബൊമ്മനക്കാട്ടെയില്‍ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിവിധ ജില്ലകളിലായി 2.5 കോടി രൂപ വീതം ചെലവിട്ട് പെണ്‍കുട്ടികള്‍ക്കായി 10 കോളജുകള്‍ ആരംഭിക്കാന്‍ സംസ്ഥാന വഖഫ് ബോര്‍ഡ് തീരുമാനിച്ചതായി ചെയര്‍പേഴ്‌സണ്‍ മൗലാന ഷാഫി സഅദി പറഞ്ഞിരുന്നു. പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയെന്നും താമസിയാതെ ഇത് ആരംഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദിക്കാത്തത് വലിയ പ്രതിഷേധങ്ങള്‍ക്കും കോടതി വ്യവഹരങ്ങള്‍ക്കും ഇടയാക്കിയതിനു പിന്നാലെ ബോര്‍ഡ് മേധാവിയുടെ പ്രസ്താവനയും ചിലര്‍ വിവാദമാക്കി. ഹിജാബ് പ്രതിഷേധവുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും 56 മാസം മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണിതെന്നും മൗലാന ഷാഫി സഅദി ഇന്ത്യ ടുഡേയോട് പറഞ്ഞു. കോളജുകളില്‍ എല്ലാവര്‍ക്കും പ്രവേശനം ലഭിക്കും. സ്‌കൂളുകള്‍ക്ക് ബോര്‍ഡ് 25 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. ബോര്‍ഡിന്റെ കൈവശം ധാരാളം ഭൂമിയുമുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വനിതാ കോളജുകള്‍ക്ക് വേണ്ടിയുള്ളതാണ് ഇവയെന്നും അദ്ദേഹം പറഞ്ഞു.

ഹിജാബ് നിയന്ത്രണങ്ങള്‍ക്ക് ശേഷം മുസ്‌ലിം പെണ്‍കുട്ടികളുടെ ഹാജര്‍ കുറഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കര്‍ണാടകയിലെ സാക്ഷരതാ നിരക്ക് വര്‍ധിച്ചെന്നും ന്യൂനപക്ഷ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here