പാസ്‍പോര്‍ട്ടും വേണ്ട, ടിക്കറ്റും വേണ്ട; യുഎഇയിലെ ഈ വിമാനത്താവളത്തില്‍ ഇനി ‘മുഖം കാണിച്ചാല്‍’ മതി

0
223

അബുദാബി: അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അത്യാധുനിക ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചു. യാത്രാക്കാര്‍ക്ക് ബോര്‍ഡിങ് പാസ് കിട്ടാനും വിമാനത്താവളത്തിലെ മറ്റ് നിരവധി സേവനങ്ങള്‍ക്കും സ്വന്തം മുഖം തന്നെ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണിത്.

അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെക്സ്റ്റ് 50 എന്ന കമ്പനിയാണ് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ വിമാനത്താവളത്തില്‍ സജ്ജീകരിക്കുന്നത്. ആഗോള തലത്തില്‍ തന്നെ അറിയപ്പെടുന്ന പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക സ്ഥാപനങ്ങളായ IDEMIA, SITA എന്നിവയുടെ പിന്തുണയോടെയാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്. വിമാനത്താവളത്തില്‍ യാത്രക്കാരുമായി ബന്ധപ്പെടുന്ന എല്ലാ കൗണ്ടറുകളിലും ഗേറ്റുകളിലും ഇത് സജ്ജീകരിക്കുന്നതിന് മുന്നോടിയായി ഇപ്പോള്‍ പ്രത്യേകമായി തെരഞ്ഞെടുത്ത ചില സെല്‍ഫ് സര്‍വീസ് ബാഗേജ് ടച്ച് പോയിന്റുകള്‍, ഇമിഗ്രേഷന്‍ ഇലക്ട്രോണിക് ഗേറ്റുകള്‍, ബോര്‍ഡിങ് ഗേറ്റുകള്‍ എന്നിവിടങ്ങളിലാണ് ഇത് പ്രവര്‍ത്തിച്ചു തുടങ്ങിയത്.

മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ ബില്‍ഡിങിലെ എല്ലാ കൗണ്ടറുകളിലും ഗേറ്റുകളിലും വൈകാതെ ഈ അത്യാധുനിക സംവിധാനം വ്യാപിപ്പിക്കും. പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ, യാത്രക്കാരുമായി ബന്ധപ്പെടുന്ന എല്ലാ ടച്ച് പോയിന്റുകളിലും ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുന്ന മേഖലയിലെ ആദ്യത്തെ വിമാനത്താവളമായി അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളം മാറുമെന്ന് അധികൃതര്‍ അറിയിച്ചു. ഏറ്റവും മികച്ച സാങ്കേതികവിദ്യയില്‍ അധിഷ്‍ഠിതമായ വിമാനത്താവളം ഒരുക്കുകയെന്ന അബുദാബിയുടെ വികസന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിലേക്കുള്ള ഒരു പടി കൂടിയായി മാറും ഇത്. ഒപ്പം എല്ലാ യാത്രക്കാര്‍ക്കും ബുദ്ധിമുട്ടില്ലാത്തെ യാത്രാ അനുഭവവും സമ്മാനിക്കാനാവും.

  1. പദ്ധതി പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകുന്നതോടെ വിമാനത്താവളത്തില്‍ എത്തുന്നത് മുതല്‍ വിമാനത്തില്‍ കയറുന്നതു വരെയുള്ള നടപടികള്‍ ഏറ്റവും സൗകര്യപ്രദമായി പൂര്‍ത്തീകരിക്കാനും അതിലൂടെ വിവിധ കൗണ്ടറുകളില്‍ കാത്തിരിക്കാതെയും വരി നില്‍ക്കാതെയും യാത്ര കൂടുതല്‍ എളുപ്പമാവുകയും ചെയ്യും. അത്യാധുനിക ബയോമെട്രിക് ക്യാമറകളാണ് വിമാനത്താവളത്തിലെ വിവിധ പോയിന്റുകളില്‍ പദ്ധതിക്കായി സ്ഥാപിച്ചത്. ഇതിലൂടെ യാത്രക്കാരെ ഓരോ പോയിന്റിലും തിരിച്ചറിയാനും വിവരങ്ങള്‍ രേഖപ്പെടുത്താനും സാധിക്കും. സെല്‍ഫ് സര്‍വീസ് ബാഗേജ് ഡ്രോപ്പ്, പാസ്‍പോര്‍ട്ട് കണ്‍ട്രോള്‍, ബിസിനസ് ക്ലാസ് ലോഞ്ചുകള്‍, ബോര്‍ഡിങ് ഗേറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം ഇത്തരം ക്യാമറകളിലൂടെ യാത്രക്കാരനെ തിരിച്ചറിഞ്ഞ് നടപടികള്‍ സുരക്ഷിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here