ന്യൂയോർക്ക് തങ്ങളുടെ ഏറ്റവും വലിയ ശത്രുവിനെ നേരിടാൻ ഒരാളെ തിരയുകയാണ്. ആരാണ് ആ ശത്രു എന്നല്ലേ? എലികളാണ് ആ ശത്രു. ഈ തിങ്കളാഴ്ചയാണ് ന്യൂയോർക്ക് സിറ്റി മേയറുടെ ഓഫീസ് നഗരത്തിലെ എലിശല്യം ഇല്ലാതാക്കുന്നതിന് വേണ്ടി പദ്ധതികൾ തയ്യാറാക്കാനായി ഒരാളെ വേണം എന്ന് പരസ്യം നൽകിയിരിക്കുന്നത്. എലികളെ ഇല്ലാതാക്കാനായി ഒരു രാജാവിനെ തന്നെയാണ് നഗരം തിരയുന്നത്.
ഇയാൾക്ക് ശമ്പളം കുറച്ചൊന്നുമല്ല, വർഷത്തിൽ ഒരു കോടിക്ക് മുകളിൽ ഈ പോസ്റ്റിലേക്കെത്തുന്നയാൾക്ക് ശമ്പളം കിട്ടും. പദ്ധതികൾ തയ്യാറാക്കുക, അതിന് മേൽനോട്ടം വഹിക്കുക, എലികളെ ഇല്ലാതാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ടീമിനെ നയിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇയാൾക്ക് ചെയ്യേണ്ടി വരിക. അങ്ങനെ ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ച് കഴിഞ്ഞു.
ന്യൂയോർക്കിൽ ഏകദേശം 1.8 കോടി എലികളെങ്കിലും ഉണ്ട് എന്നാണ് കരുതുന്നത്. ഈ എലികളെ എല്ലാം ഇല്ലാതാക്കാനായാണ് ഇപ്പോൾ നഗരം ഒരാളെ തിരയുന്നത്. ഒപ്പം തന്നെ പ്രസിദ്ധീകരിച്ച പരസ്യത്തിൽ എലിശല്ല്യം ഇല്ലാതെയാക്കാൻ നഗരവാസികളും ശ്രമിക്കണം എന്ന് പറയുന്നു. നഗരത്തിന്റെ മേയർ എറിക് ആഡംസ് ആണ് എലിയെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരാൾക്ക് വേണ്ടി പരസ്യം നൽകിയിരിക്കുന്നതും എലികളെ ഇല്ലാതെയാക്കാൻ സഹായിക്കുന്നവർക്കായി ഇത്രയധികം തുക നൽകാൻ തയ്യാറാണ് എന്നും അറിയിച്ചത്.
എറിക് പറയുന്നത്, പ്രോജക്ട് മാനേജ്മെന്റിലോ നഗര ആസൂത്രണത്തിലോ പരിചയമുള്ള ആർക്കും അപേക്ഷിക്കാൻ അർഹതയുണ്ട് എന്നാണ്. ഒപ്പം അങ്ങനെ ഇല്ലാതാക്കുന്ന ആളുകൾക്കായി 1.13 കോടി രൂപ നൽകുമെന്നും എറിക് പറഞ്ഞു.
ഒക്ടോബറിൽ, മേയർ എറിക് ആഡംസ് ഒരു വാർത്താ സമ്മേളനം നടത്തിയിരുന്നു. അതിൽ വർധിച്ചു വരുന്ന എലികളുടെ എണ്ണത്തിനെതിരായ പോരാട്ടത്തെ കുറ്റകൃത്യങ്ങൾക്കും അസമത്വത്തിനും എതിരായ പോരാട്ടത്തിന്റെ അതേ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത് എന്നും അതില്ലാതായാലെ മനുഷ്യന് സമാധാനമായി നഗരത്തിൽ ജീവിക്കാൻ സാധിക്കൂ എന്നും പറഞ്ഞിരുന്നു.