‘വിവാഹം കഴിച്ചവര്‍ സ്വയംഭോഗം ചെയ്യുമോ?’; കുറിപ്പ്

0
474

പാഠ്യ പദ്ധതി പരിഷ്‌കരണത്തെക്കുറിച്ച് മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണി നടത്തിയ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് വഴിവച്ചത്. പരിഷ്‌കരണത്തിന്റെ പേരില്‍ ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗ രതിയും ആണെന്നാണ് ലീഗ് നേതാവ് പ്രസംഗിച്ചത്. ഈ സാഹചര്യത്തില്‍ സ്വയംഭോഗത്തെക്കുറിച്ച് ചില ചിന്തകള്‍ പങ്കുവയ്ക്കുകയാണ്, നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് ഈ കുറിപ്പില്‍. ആരോഗ്യപരമായ ലൈംഗികതയില്‍ സ്വയംഭോഗത്തിന്റെ സ്ഥാനം എന്ത് എന്നാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

കുറിപ്പു വായിക്കാം:

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ സ്വയംഭോഗം ചെയ്യാൻ തുടങ്ങിയത്. ഏഴാംക്ലാസ്സുവരെ ആൺകുട്ടികളും പെൺകുട്ടികളും ഉള്ള സ്കൂളിൽ നിന്ന് , ആൺകുട്ടികൾ മാത്രമുള്ള ഹൈസ്കൂളിലേക്ക് മാറിയ സമയത്തായിരുന്നു അത്. ഇന്നുവരെ അഭങ്കുരം തുടരുന്ന ഒരു കാര്യമാണ് സ്വയംഭോഗം എന്ന് പറയുന്നതിൽ ഒരു ലജ്ജയും എനിക്ക് തോന്നുന്നില്ല, കാരണം സ്വയംഭോഗം ഒരു ആരോഗ്യമുള്ള ലൈംഗിക ജീവിതത്തിന്റെ ലക്ഷണമാണ്. സത്യം പറഞ്ഞാൽ ഇന്ത്യയിലെ ലൈംഗിക അക്രമങ്ങൾ കുറെ കുറഞ്ഞിരിക്കുന്നതിന് വിവാഹത്തിന് മുൻപുള്ള ആൺകുട്ടികളുടെ സ്വയംഭോഗത്തിന് വലിയ പങ്കുണ്ടെന്ന് കരുതുന്ന ഒരാളാണ് ഞാൻ. വിവാഹത്തിന് മുൻപ് ലൈംഗിക ബന്ധം പാപമായി കരുതുന്ന നമ്മുടെ നാട്ടിൽ, വേറെ ആരെയും ഉപദ്രവിക്കാതെ, ലൈംഗിക ആഗ്രഹ പൂർത്തീകരണം വരുത്താൻ സുരക്ഷിത മാർഗമാണിത്.

എന്നാൽ വിവാഹം കഴിച്ചവർ സ്വയംഭോഗം ചെയ്യുമോ എന്ന് ചിലർ അത്ഭുതപ്പെട്ടേക്കാം. ബഹുഭൂരിപക്ഷം വിവാഹിതരും സ്വയംഭോഗം ചെയ്യുന്നവരാണ്. ചില സമയങ്ങളിൽ പങ്കാളികൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാനും സ്വയംഭോഗം ഉപകരിക്കും. നമ്മുടെ നാട്ടിൽ സ്വയംഭോഗം എന്ന് കേട്ടാൽ പുരുഷന്മാരുടെ കാര്യമാണ് പലർക്കും ഓർമ വരിക, യഥാർത്ഥത്തിൽ ക്ലിറ്റോറിസിൽ കൊടുതൽ നെർവ് എൻഡിങ്‌സ് ഉള്ളത് കൊണ്ട് സ്ത്രീകൾക്കാണ് സ്വയംഭോഗം മൂലം കൂടുതൽ ശക്തമായ രതിമൂർച്ചയുണ്ടാവുക.

സ്വയംഭോഗം പാപമെന്നു പഠിപ്പിക്കുന്ന നമ്മുടെ സമൂഹം പോലുള്ളയിടത്ത്, വിവാഹശേഷം സ്വയംഭോഗം ചെയ്യുന്നത് ചിലപ്പോൾ പങ്കാളിയെ ബാധിച്ചേക്കാം. ചിലരെങ്കിലും തന്നെ ഇഷ്ടമില്ലാത്തത് കൊണ്ടാണോ പങ്കാളി സ്വയംഭോഗം ചെയ്യുന്നതെന്ന് കരുതുകയും അത് വഴക്കിലേക്ക് നയിക്കുകയും ചെയ്യാം. തമ്മിൽ തമ്മിലുള്ള ലൈംഗിക ബന്ധത്തെ ബാധിക്കാത്തിടത്തോളം കാലം ഇത് സ്വാഭാവികമായ കാര്യമാണെന്ന് മനസിലാക്കിയാൽ തീരാവുന്ന പ്രശ്‌നമാണിത്. പലപ്പോഴും ദമ്പതികളുടെ സെക്സ് ഡ്രൈവ് വ്യത്യസ്തമാണെങ്കിൽ , ഡ്രൈവ് കൂടുതൽ ഉള്ള ആൾക്ക് സ്വയംഭോഗം ഒരു രക്ഷാമാർഗമാണ്. യഥാർത്ഥ ഇണചേരലിനു പകരം സ്വയംഭോഗം ചെയ്യാൻ തുടങ്ങിയാൽ മാത്രമാണ് വിവാഹശേഷമുള്ള സ്വയംഭോഗം പ്രശ്‌നമായി തീരുന്നത്.

ഞാൻ സ്വയംഭോഗം ചെയ്യാൻ തുടങ്ങിയത് മിക്സഡ് സ്കൂളിൽ നിന്ന് ബോയ്സ് ഒൺലി സ്കൂളിലേക്ക് മാറിയത് കൊണ്ടല്ല, എനിക്ക് ലൈംഗിക പ്രായപൂർത്തിയായത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയതുകൊണ്ടാണ്. പക്ഷെ ആൺകുട്ടികൾ മാത്രമുള്ള സ്കൂളിലും കോളേജിലും കൗമാര കാലം പിന്നിട്ട എനിക്ക് പെൺകുട്ടികളെ കണ്ടാൽ സംസാരിക്കാൻ പേടിയായിരുന്നു, മാത്രമല്ല വളരെ വർഷങ്ങൾ കഴിഞ്ഞാണ് പെൺകുട്ടികളെ ലൈംഗിക ചിന്തയില്ലാതെ സുഹൃത്തുക്കളായി കാണാനുള്ള മനസ്ഥിതി എനിക്ക് വന്നത്. കേരളത്തിൽ ആൺകുട്ടികൾക്ക് മാത്രമുള്ളതും, പെൺകുട്ടികൾക്ക് മാത്രമുള്ളതുമായ സ്കൂളുകൾ നിർത്തലാക്കി എല്ലാ സ്കൂളുകളും മിക്സഡ് ആക്കുകയും, ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തുകയും ചെയ്‌താൽ , ആൺകുട്ടികൾക്ക് പെൺകുട്ടികളും വികാര വിചാരങ്ങളുള്ള മനുഷ്യരാണെന്നും, ലൈംഗികതയ്ക്ക് അപ്പുറം സൗഹൃദം വളർത്താൻ കഴിയുമെന്നും പഠിക്കാൻ കഴിയും. ഇപ്പോഴത്തെ തലമുറയിൽ അതീവ സൗഹൃദത്തോടെ പെരുമാറുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും കാണുമ്പോൾ എനിക്ക് തോന്നുന്ന അസൂയ പറഞ്ഞറിയിക്കാൻ കഴിയില്ല.

സ്വയംഭോഗത്തെ കുറിച്ച് അനേകം തെറ്റിദ്ധാരണകളുണ്ട്. സ്വയംഭോഗം കാഴ്ചയെ ബാധിക്കുകയോ, കാൻസർ വരുത്തുകയോ, ഭാവിയിലുള്ള ലൈംഗിക ശേഷിയെ ബാധിക്കുകയോ മുഖക്കുരുവിനു കാരണമാവുകയോ, പ്രത്യുല്പാദനത്തെ ബാധിക്കുകയോ ഒന്നും ചെയ്യില്ല. യഥാർത്ഥത്തിൽ നിങ്ങൾ സ്വയംഭോഗം ചെയ്യുന്നില്ല എങ്കിൽ ലൈംഗിക ശേഷി ഉളവാകുന്ന ഹോർമോണിന്റെ അളവ് കുറഞ്ഞിരിക്കാൻ സാധ്യത ഉള്ളത് കൊണ്ട്, ഡോക്ടറെ കാണിക്കുന്നത് നന്നായിരിക്കും.

യഥാർത്ഥത്തിൽ സ്വയംഭോഗം ചെയ്യതാൽ കുറെ ഏറെ ഗുണങ്ങളുണ്ട്. ആണുങ്ങളിലെ ഏറ്റവും അപകടകാരിയായ പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറക്കാൻ സ്വയംഭോഗത്തിനു കഴിയും. ഉദ്ധാരണമില്ലായ്മ കുറക്കാനും ഇത് സഹായിക്കും. പ്രതിരോധ ശേഷി കൂട്ടുനന്നത് മുതൽ ഉറങ്ങാൻ സഹായിക്കുന്നത് വരെ അനേകം ഗുണങ്ങൾ വേറെയുണ്ട്. ഇത്ര അടിപൊളി ഒരു സാധനം ഏതെങ്കിലും മണ്ടൻ രാഷ്ട്രീയക്കാരൻ എന്തെങ്കിലും പറയുന്നത് കേട്ട് വേണ്ടെന്ന് വയ്ക്കണോ?

ആണും പെണ്ണും തമ്മിൽ ഇഷ്ടം തോന്നുന്നതും, പെണ്ണും പെണ്ണും തമ്മിൽ ഇഷ്ടം തോന്നുന്നതും ഒരാളുടെ ജൻഡർ എന്താണ് എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും. ജനിക്കുമ്പോൾ നമുക്ക് ഉള്ള ലൈംഗിക അവയവം നമ്മുടെ സെക്സ് ( ജീവശാസ്ത്രപരമായി ആണോ പെണ്ണോ ) എന്ന് തീരുമാനിക്കുമ്പോൾ, ജൻഡർ , നിങ്ങളുടെ മനസ്സിൽ നിങ്ങൾ ആരാണ് എന്നത് തീരുമാനിക്കുന്നു. അതും ജനിക്കുന്ന സമയത്തെ, ജീവശാസ്ത്രപരമായ കാരണങ്ങൾ കൊണ്ട് സംഭവിക്കുന്നതാണ്, അല്ലാതെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നതോ മാറിയിരിക്കുന്നതോ ഒന്നും ഒരാൾ ഗേ ആകുന്നതോ ലെസ്ബിയൻ ആകുന്നതിനെയോ ബാധിക്കുന്നില്ല. പെൺകുട്ടിയെ ഇഷ്ടപെടുന്ന ഒരു പെൺകുട്ടിക്ക് ആൺകുട്ടിയെ വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതും, ആൺകുട്ടിയെ ഇഷ്ടപെടുന്ന ഒരു ആൺകുട്ടിക്ക് പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചുകൊടുക്കുന്നതും, രണ്ടുപേരോടും ചെയ്യുന്ന വലിയ തെറ്റാണ്. എതിർ ലിംഗത്തോട് ഇഷ്ടമുള്ള ഒരാളാണ് നിങ്ങളെന്ന് കരുതുക, നിങ്ങളെ നിങ്ങളുടെ അതെ ലിംഗത്തിൽ പെട്ട ഒരാളെ ബലമായി വിവാഹം ചെയ്യിപ്പിച്ചാൽ നിങ്ങൾക്ക് എന്ത് തോന്നുമോ അതുപോലെയാണ് മേല്പറഞ്ഞ സന്ദർഭങ്ങളിൽ അവർക്കും തോന്നുക.

ഇനി പ്രതിഷേധിക്കാൻ മുട്ടി നിൽക്കുകയാണെങ്കിൽ ഞാൻ അതിനൊരു വിഷയം പറഞ്ഞുതാരം. കഴിഞ്ഞ അനേകം വർഷങ്ങളായി ഏതാണ്ട് എല്ലാ ആഴ്ചയിലും ഒരു വാർത്ത വീതം കാണുന്ന ഒന്നാണ്, ഉസ്താദ് മദ്രസയിൽ കുട്ടികളെ പീഡിപ്പിക്കുന്ന വാർത്തകൾ. സത്യം പറഞ്ഞാൽ

ഈ വാർത്തകൾ കണ്ടുകഴിഞ്ഞ് , എന്ത് വിശ്വാസത്തിലാണ്, നമ്മുടെ കുട്ടികളെ മദ്രസയിൽ വിടുന്നത് എന്നെനിക്ക് ഒരു പിടിയും കിട്ടുന്നില്ല. കേരളത്തിലെ മുസ്ലിം സംഘടനകൾ ഒരുമിച്ചിരുന്ന് ആലോചിച്ച ഒരു പരിഹാരം കാണേണ്ട വിഷയമാണിത്. ഓർക്കുക മദ്രസയിൽ കുട്ടികളെ ഒരുമിച്ചിരുത്തുന്നതോ, മാറ്റി ഇരുത്തുന്നതോ അല്ല പ്രശനം, ഉസ്താദുമാർക്ക്, ഇന്ത്യയിലെ പോക്സോ നിയമങ്ങളെ കുറിച്ച്, കുട്ടികളുടെ അവകാശങ്ങളെ കുറിച്ചൊക്കെ മനസിലാക്കി കൊടുക്കുകയും, മദ്രസയ്ക്ക് പുറത്തു നിന്നുള്ള ഒരു സ്വതന്ത്ര കമ്മിറ്റി ഓരോ മാസം കൂടുമ്പോഴും കുട്ടികളെ കൗൺസിലിംഗിന് വിധേയമാക്കി സ്വഭാവ വ്യത്യാസം കാണുന്ന കുട്ടികളോട് കാര്യങ്ങൾ തിരക്കി , കുറ്റവാളികൾക്ക് അനുയോജ്യമായ ശിക്ഷ വാങ്ങി നല്കാൻ മുന്നിൽ നില്കുകയുമൊക്കെയാണ് ഇപ്പോൾ നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ. കോടികണക്കിന് രൂപ മുടക്കി, കുട്ടികളെ ഇതുപോലെ പീഡിപ്പിച്ച പള്ളീലച്ചന്മാരെ സംരക്ഷിച്ച കത്തോലിക്കാ സഭയുടെ കഥ കെട്ടുകാണുമല്ലോ, ആയിരകണക്കിന് കുട്ടികളുടെ ഭാവിയാണ് അവർ വെള്ളത്തിലാക്കിയത്. അതൊരു പാഠമായി ഉൾകൊണ്ട് , മാറ്റം കൊണ്ടുവരാൻ മുസ്ലിം ലീഗിന് ഒക്കെ ശ്രമിക്കാവുന്നതാണ്.

അതുവരെ സ്വയംഭോഗം ചെയ്യൂ, സന്തോഷിക്കൂ. ലോകാ സമസ്താ സുഖിനോ ഭവന്തു…

ഓഫ് ടോപ്പിക്ക് : Kegel exercise എന്നൊരു സംഭവമുണ്ട്, ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഇത് ചെയ്താൽ “അവിടെ” ഉള്ള മസിൽ സ്ട്രെങ്ത്എന് ചെയ്ത സംഭവം കൂടുതൽ കളറാക്കാം. ചെയ്യേണ്ടത് ഇത്രമാത്രം, മൂത്രം ഒഴിച്ചികൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് നിർത്താൻ വേണ്ടി നമ്മൾ ഒരു മസിൽ പിടിക്കില്ലേ , ആയ മസിൽ അതുപോലെ കുറച്ചു നേരം പിടിച്ചുകൊണ്ടിരിക്കുക, കുറച്ചു കഴിയുമ്പോൾ റിലാക്സ് ചെയ്യുക, അതുപോലെ ദിവസെന കുറെ ചെയ്താൽ പെൽവിക് ഫ്ലോർ മസിൽ കൂടുതൽ ബലപ്പെടുത്തും. കയ്യിലിലെയും കാലിലെയും മസിൽ മാത്രം ബലപ്പെടുത്തിയാൽപോരല്ലോ…

LEAVE A REPLY

Please enter your comment!
Please enter your name here