മഞ്ചേശ്വരം : തലപ്പാടി ചെങ്കള റീച്ചിൽ ദേശീയപാതാ വികസനം അതിവേഗം പുരോഗമിക്കുന്നു. തലപ്പാടിക്കും ഹൊസങ്കടി ടൗണിനുമിടയിൽ പലയിടത്തും ഒരുഭാഗത്തെ ടാറിങ് ജോലികൾക്ക് വേഗം കൂടിയിട്ടുണ്ട്. ഒപ്പം പാലങ്ങൾ, അടിപ്പാതകൾ, സർവീസ് റോഡുകൾ എന്നിവയുടെ നിർമാണവും അതിവേഗം നടക്കുകയാണ്.
ആദ്യഘട്ടത്തിൽ കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുമാറ്റുകയും മരങ്ങൾ മുറിച്ച് നീക്കുകയുംചെയ്തിരുന്നു. പാർശ്വഭിത്തി നിർമാണവും പൂർത്തിയായിവരികയാണ്. റോഡിന്റെ വീതികൂട്ടി പലയിടത്തും ടാറിങ്ങും നടക്കുന്നു. ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാകാത്തവിധം മാറ്റം പ്രദേശത്ത് വന്നിട്ടുണ്ട്.
ഹൊസങ്കടിയിൽ തുരങ്കപാത
ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി വലിയ തോതിൽ മാറ്റമുണ്ടാകുന്നത് ഹൊസങ്കടി ടൗണിലാണ്. ഹൊസങ്കടിയിൽ ടൗണിലൂടെയുള്ള ദേശീയപാത നിലവിലെ റോഡിന് സമാന്തരമായി തുരങ്കപാതയായാണ് നിർമിക്കുന്നത്. അഞ്ചരമീറ്റർ താഴ്ചയിൽ 300 മീറ്റർ നീളത്തിലാണ് ഇവിടെ റോഡ് അടിയിലൂടെ കടന്നുപോകുന്നത്. ടൗണിന്റെ മധ്യഭാഗത്ത് റെയിൽവേ മേൽപ്പാലം കൂടി വരുന്നതിനാലാണ് ദേശീയപാത അടിയിലൂടെ നിർമിക്കുന്നത്.
നിലവിൽ അഞ്ചരമീറ്റർ ഉയരത്തിലാണ് ദേശീയപാത നിർമിക്കുന്നത്.
റെയിൽവേ മേൽപ്പാലം വരുമ്പോൾ അതിന്റെ ഉയരം വീണ്ടും കൂടും അങ്ങിനെ വന്നാൽ മേൽപ്പാല നിർമാണം അസാധ്യമാകും. ഇതൊഴിവാക്കാനാണ് ദേശീയപാത അടിയിലൂടെ നിർമിക്കുന്നത്. മുകളിൽ മേൽപ്പാലവും കൂടി വന്നാൽ ഹൊസങ്കടി ടൗണിലെ ഗതാഗതക്കുരുക്കും കുറക്കാൻ കഴിയും.
ഓവുചാലിന്റെ നിർമാണം പുരോഗമിക്കുകയാണ്. മഴക്കാലത്ത് വെള്ളക്കെട്ടും പല സമയങ്ങളിലായി ടൗണിനെ നിശ്ചലമാക്കുന്ന ഗതാഗതക്കുരുക്കും കൊണ്ട് കാലങ്ങളായി ദുരിതമനുഭവിക്കുന്നവരാണ് ഇവിടെയെത്തുന്നവരും വ്യാപാരികളും ടാക്സിഡ്രൈവർമാരുമെല്ലാം.
ദേശീയപാതയും റെയിൽവേ മേൽപ്പാലവും യാഥാർഥ്യമാകുന്നതോടെ കാലങ്ങളായുള്ള നാട്ടുകാരുടെയും യാത്രക്കാരുടെയും ദുരിതങ്ങൾക്ക് അറുതിയാകും. ഒപ്പം വടക്കേയറ്റത്തേ പ്രധാന ടൗണിന്റെ മുഖവും മാറും