മുസ്​ലിംകൾ ‘കുട്ടയിലെ ചീത്ത ആപ്പിളുകൾ’, ‘സ്റ്റാർ ഓഫ്​ മൈസൂർ’ പത്രത്തിന്​ വിലക്ക്​

0
173

ബംഗളൂരു: രാജ്യത്ത്​ കോവിഡ്​ പടരാൻ കാരണക്കാർ മുസ്​ലിം സമുദായമാണെന്ന്​ ധ്വനിപ്പിക്കുന്ന രീതിയിൽ ‘കുട്ടയിലെ ചീത്ത ആപ്പിളുകൾ’ എന്ന തലക്കെട്ടിൽ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ച മൈസൂർ ആസ്​ഥാനമായ ‘സ്റ്റാർ ഓഫ്​ മൈസൂർ’ സായാഹ്ന പത്രത്തിന്​ പ്രസ്​ കൗൺസിൽ ഓഫ്​ ഇന്ത്യയു​ടെ (പി.സി.ഐ) വിലക്ക്​. തുടർച്ചയായ മൂന്നുമാസങ്ങളിൽ സംസ്ഥാന സർക്കാറിന്‍റെ പരസ്യങ്ങൾ പത്രത്തിന്​ നൽകരുതെന്നും കൗൺസിൽ ഉത്തരവിട്ടു. 2020 ഏപ്രിലിലാണ്​ പത്രം വിവാദ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചത്​.

രാജ്യത്ത്​ കോവിഡിന്‍റെ തുടക്കസമയത്ത്​ ഡൽഹിയിൽ തബ്​ലീഗ്​ ജമാഅത്തിന്‍റെ ആ​ഗോള സമ്മേളനം നടന്നിരുന്നു. ഇതാണ്​ ഇന്ത്യയിൽ കോവിഡ്​ പടരാൻ കാരണമായതെന്ന്​ ധ്വനിപ്പിക്കുന്നതാണ്​ മുസ്​ലിം സമുദായം എന്ന്​ എടുത്ത്​ പറയാതെ പ്രസിദ്ധീകരിച്ച എഡി​റ്റോറിയലിൽ പറയുന്നത്​. ‘ദ കാമ്പയിൻ എഗൈൻസ്റ്റ്​ ഹേറ്റ്​ സ്പീച്ച്​’ എന്ന കൂട്ടായ്മയാണ്​ പത്രത്തിന്‍റെ എഡിറ്റർ എം. ഗോവിന്ദ ഗൗഡ, അന്നത്തെ എഡിറ്റർ ഇൻ ചീഫ്​ കെ.ബി. ഗണപതി എന്നിവർക്കെതിരെ കൗൺസിലിന്​ പരാതി നൽകിയത്​. വ്യക്​തികളുടെ തെറ്റുകൾ ഒരു സമുദായത്തിന്‍റെ പേരിൽ ചാർത്തുകയാണ്​ പത്രം ചെയ്​തതെന്നും പേരെടുത്ത്​ പറഞ്ഞിട്ടില്ലെങ്കിലും ഒരു സമൂഹത്തിനു നേരെ വെറുപ്പ്​ പ്രചരിപ്പിക്കാൻ ഇത്​ കാരണമായെന്നും പ്രസ്​ കൗൺസിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

വിവാദമായതോടെ 2020 ഏപ്രിൽ 10ന്​ പത്രം ക്ഷമാപണം നടത്തിയിരുന്നു. എന്നാൽ, ഓഫിസിന്​ പുറത്ത് ആളുകൾ പ്രതിഷേധിച്ചതുകൊണ്ടാണ്​ ക്ഷമ പറഞ്ഞതെന്നും ഇതിൽ ആത്മാർഥത ഇല്ലെന്നും കൗൺസിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here