ദില്ലി: ഏക സിവില്‍ കോഡ് വിഷയത്തിൽ കോൺഗ്രിനോടുള്ള അതൃപ്തി പരസ്യമാക്കി മുസ്ലിംലീഗ്. സിവിൽ കോഡിനോടുള്ള സ്വകാര്യബില്ലിനെ കോണ്‍ഗ്രസ് ആദ്യം എതിർക്കാത്തതിലാണ് മുസ്ലീം ലീഗ് എം പി പി വി അബ്ദുൾ വഹാബ് രാജ്യസഭയിൽ അതൃപ്തി അറിയിച്ചത്. ബി ജെ പി എം പി കിരോഡി ലാല്‍ മീണയുടെ ഏകീകൃത സിവില്‍ കോഡ് സ്വകാര്യബില്ലിനെ പ്രതിപക്ഷം എതിർക്കുമ്പോള്‍ രാജ്യസഭയില്‍ ആദ്യം കോണ്‍ഗ്രസ് അംഗങ്ങള്‍ ഉണ്ടായിരുന്നില്ല. എതിർക്കുന്നവരുടെ പട്ടിക വായിച്ചപ്പോഴും കോൺഗ്രസ് ഇല്ലായിരുന്നു. ഇതാണ് മുസ്ലീം ലീഗിനെ പ്രകോപിപ്പിച്ചത്. ഇതോടെയാണ് മുസ്ലിം ലീഗ് അസാധാരണ പരസ്യവിമർശനത്തിന് തയ്യാറായത്.
അതേസമയം സി പി എമ്മിന്‍റെയും സി പി ഐയുടെയും എം പിമാർ ബില്ലിനെ എതിർത്ത് നോട്ടീസ് നല്കിയിരുന്നു. ലീഗും കോണ്‍ഗ്രസും കേരളത്തില്‍ സഖ്യമാണന്ന് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. സി പി എമ്മിനെ ലീഗ് പിന്തുണക്കുന്നില്ലെന്നായിരുന്നു വഹാബിന്‍റെ മറുപടി. ലീഗിന്‍റെ വിമർശനത്തിന് പിന്നാലെ സഭയിലെത്തിയ കോണ്‍ഗ്രസ് എം പിമാരായ ജെബി മേത്തറും എല്‍ ഹനുമന്തയ്യയും ബില്ലിനെ എതിർത്ത് സംസാരിച്ചു. ബില്ലിനെതിരെ തമിഴ്നാട്ടിൽ നിന്നുള്ള എം പി വൈക്കോ ശബ്ദമുയര്‍ത്തി. പിന്നീട് കര്‍ണാടകയിൽ നിന്നുള്ള കോണ്‍ഗ്രസ് എം പി എൽ.ഹനുമന്തയ്യും അവതരാണനുമതി നൽകുന്നതിനെ എതിര്‍ത്ത് സംസാരിച്ചു.
അതേസമയം ബില്ല് അവതരണത്തിന് വോട്ടെടുപ്പിലൂടെ സഭ അംഗീകാരം നൽകി. 63 പേർ അവതരണത്തെ അനുകൂലിച്ചപ്പോൾ 23 പേർ എതിർത്തു. ബില്ല് പിന്നീട് ചർച്ചയ്ക്കെടുക്കും. കോൺഗ്രസിന്‍റെ ഭൂരിപക്ഷം അംഗങ്ങളും നിലപാട് എടുക്കാതെ വിട്ടു നിന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടു പിന്നാലെയാണ് സ്വകാര്യ ബില്ലായി വിഷയം പാർലമെന്‍റിന്‍റെ പരിഗണനയിൽ എത്തിയിരിക്കുന്നത്. കോൺഗ്രസിൻറെ മൃദു ഹിന്ദുത്വ നിലപാടിൽ ലീഗിന് കുറെ നാളായി തുടരുന്ന അതൃപ്തിയാണ് രാജ്യസഭയിൽ മറനീക്കി പുറത്തു വന്നതെന്നാണ് വിലയിരുത്തൽ.