രക്ഷകനായി തൂത്തുക്കുടി സ്വദേശി; കുറ്റാലത്ത് ഒഴുക്കിൽപ്പെട്ട 4 വയസ്സുകാരിക്ക് അദ്ഭുതരക്ഷ

0
273

തെങ്കാശി ∙ കുറ്റാലത്ത് കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട പാലക്കാട് സ്വദേശിനിയായ 4 വയസുകാരിക്ക് അദ്ഭുതരക്ഷ. വെള്ളത്തിലൂടെ ഒഴുകിനീങ്ങിയ കുഞ്ഞിന്, തൂത്തുക്കുടി സ്വദേശിയായ സഞ്ചാരിയുടെ മനോധൈര്യമാണ് തുണയായത്. വ്യാഴാഴ്ച രാവിലെ 11ന് പഴയ കുറ്റാലത്താണ് സംഭവം. പാലക്കാട് സ്വദേശിയായ നവനീത് കൃഷ്ണന്റെ മകൾ ഹരിണി(4) ആണ് ഒഴിക്കൽപ്പെട്ടെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

രണ്ട് കുട്ടികളുമായി കുറ്റാലത്ത് എത്തിയതായിരുന്നു നവനീത് കൃഷ്ണനും ഭാര്യയും. പ്രധാന വെള്ളച്ചാട്ടത്തിന‌ു തൊട്ടുതാഴെ കുട്ടികൾക്കു കുളിക്കാനുള്ള സ്ഥലത്ത് രണ്ട് കുട്ടികളേയും ആക്കിയിട്ട് ഭർത്താവും ഭാര്യയും വെള്ളച്ചാട്ടത്തിലേക്കു പോയി. കുട്ടികൾ കുളിക്കുന്നതിനിടെ നല്ല ഒഴുക്കുള്ള സ്ഥലത്തേക്ക് എത്തിപ്പെട്ടു. ഇവിടെനിന്നും കാൽവഴുതി ഹരിണി താഴേയ്ക്കു ഒഴുകുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ കുറ്റാലം ഭാഗത്ത് നല്ല മഴ പെയ്തിരുന്നതിനാൽ ശക്തമായ ഒഴുക്കാണ് ഇവിടെ ഉണ്ടായിരുന്നത്. കുട്ടി ഒഴുകുന്നതു കണ്ട് കുളിക്കാനെത്തിയവർ ബഹളം വച്ചതോടെ സമീപത്തു നിന്ന തൂത്തുക്കുടി സ്വദേശിയായ വിജയകുമാർ സാഹസികമായി താഴേക്കെത്തി കുട്ടിയെ രക്ഷിച്ചു. മുഖത്ത് ചെറിയ പരുക്കേറ്റ ഹരിണിയെ തെങ്കാശി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകി ആശപത്രിയിൽ നിന്നും വിട്ടെങ്കിലും, കുട്ടി ഭയം വിട്ടുമാറാത്ത അവസ്ഥയിലായിരുന്നു.

നല്ല ഒഴുക്കുള്ള സ്ഥലങ്ങളിൽ കുട്ടികളെ തനിച്ചാക്കിയിട്ടു പോകരുതെന്ന് തമിഴ്നാട് പൊലീസിന്റെ അറിയിപ്പ് ഉള്ളതാണ്. ഒഴുക്ക് കൂടുതലായി ഉള്ളപ്പോൾ രക്ഷകർത്താക്കൾക്കൊപ്പം മാത്രമേ കുട്ടികളെയും കുളിക്കാൻ അനുവദിക്കാറുള്ളൂ. അതേസമയം, ആഴം കുറഞ്ഞ സ്ഥലമെന്നു കരുതിയാണ് ഹരിണിയെ ഇവിടെ കുളിക്കാൻ വിട്ടതെന്നാണ് മാതാപിതാക്കളുടെ ഭാഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here