റോണോയുടെ കോട്ടയിൽ കയറി മെസിയുടെ തൂക്കിയടി; പുതിയ തരം​ഗം സൃഷ്ടിച്ച് അർജന്റൈൻ നായകൻ

0
179

ദോഹ: ലോകകപ്പ് വിജയത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലും തരംഗമായി ലിയോണൽ മെസി. അർജന്റൈൻ നായകന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുകയാണ്. കാൽപ്പന്തുലോകം കാൽക്കീഴിലാക്കിയ ലിയോണൽ മെസിയുടെ ജീവിതത്തിലെ ഏറ്റവും വലിയമുഹൂർത്തമാണിത്. കാത്തുകാത്തിരുന്നുള്ള ലോകകപ്പ് വിജയം. ഫൈനലിൽ ഫ്രാൻസിന്റെ ഷൂട്ടൗട്ട് പരീക്ഷണം അതിജീവിച്ചാണ് മെസി ലോക ചാമ്പ്യനായത്.

ഇതിന് ശേഷം മെസി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തൊരു ചിത്രം കൊടുങ്കാറ്റായി. മണിക്കൂറുകൾക്കകം 50 ദശലക്ഷത്തിലധികം ആളുകളാണ് ചിത്രം ലൈക് ചെയ്തതത്. ഈ ലൈക് കൊടുങ്കാറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് കടപുഴകിയത്. മെസിക്കൊപ്പം ചെസ് കളിക്കുന്ന ചിത്രം റൊണാൾഡോ പോസ്റ്റ് ചെയ്തതായിരുന്നു ഇതുവരെ ഇൻസ്റ്റഗ്രാമിലെ റെക്കോർഡ്. ഇതാണിപ്പോൾ മെസി മണിക്കൂറുകൾക്കകം മറികടന്നത്.

ലോകകപ്പിൽ ചുംബിക്കുന്ന ചിത്രത്തിനൊപ്പം, ലോക ജേതാക്കൾ. ഒരുപാട് തവണ ഞാനിത് സ്വപ്‌നം കണ്ടിരുന്നു, ഒരുപാട് ആഗ്രഹിച്ചിരുന്നു, എനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നും മെസി കുറിച്ചിരുന്നു. ലോക കിരീടം നേടിയ മെസിയെ കായികലോകം ഒന്നടങ്കമാണ് അഭിനന്ദിക്കുന്നത്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മൗനവും ആരാധകർക്കിടയിൽ ചർച്ചയായി. മെസിയുടെ ലോകകപ്പ് വിജയത്തെക്കുറിച്ച് റൊണാൾഡോ ഒന്നും പ്രതികരിച്ചിട്ടില്ല. അതേസമയം, ലോകകപ്പ് മത്സരങ്ങള്‍ക്കായുള്ള തയാറെടുപ്പുകള്‍ തുടരുന്നതിനിടെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ 500 മില്യണ്‍ ഫോളോവേഴ്സ് ഉള്ള ആദ്യത്തെ വ്യക്തിയായി മാറിയിരുന്നു. മെസിയാണ് രണ്ടാം സ്ഥാനത്ത്.

ലോകകപ്പ് കിരീടവുമായുള്ള മറ്റൊരു ചിത്രവും ഇന്നലെ രാത്രി മെസി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരുന്നു. കാത്തിരുന്ന് കിട്ടിയ സുവർണ കിരീടം താഴെ വയ്ക്കാൻ പോലും മനസ് വരുന്നില്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.  ഖത്തര്‍ ലോകകപ്പ് നേട്ടത്തിന് പിന്നാലെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയാണ് അര്‍ജന്റൈന്‍ നായകന്‍ മെസി ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്. ഇതിഹാസ താരങ്ങളെ പിന്നിലാക്കി പുതിയചരിത്രം തന്നെ അർജന്റീനയുടെ മിശിഹ രചിച്ചു. ഗോളടിച്ചും ഗോളടിപ്പിച്ചും ലോകകപ്പിന്റെ താരമായ മെസ്സിക്ക് അപൂര്‍വമായ ഒരു റെക്കോര്‍ഡ് സ്വന്തമായി. രണ്ട് തവണ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ താരമായാണ് മെസി മാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here