‘മെസിയായിരുന്നില്ല ഗോൾഡൻ ബോൾ അർഹിച്ചിരുന്നത്’; മറ്റൊരു താരത്തെ വാനോളം പുകഴ്ത്തി ബ്രസീലിയൻ ഇതിഹാസം

0
229

സാവോ പോളോ: ഖത്തർ ലോകകപ്പ് അവസാനിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ചർച്ചകൾ തീരുന്നില്ല. മെസിയുടെ ​ഗോളിനെ ചൊല്ലിയുള്ള തർക്കങ്ങൾ ഒരു വശത്ത് കൂടെ നടക്കുമ്പോൾ ​ഗോൾഡൻ ബോൾ അർജൻൈൻ നായകനല്ല അർഹിച്ചിരുന്നതെന്നുള്ള അഭിപ്രായങ്ങളും മുൻ താരങ്ങൾ ഉൾപ്പെ‌ടെ ഉയർത്തുന്നുണ്ട്. ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയാണ് ഇപ്പോൾ അത്തരമൊരു അഭിപ്രായം പറഞ്ഞിട്ടുള്ളത്. ഖത്തർ ലോകകപ്പിൽ തന്നെ ഏറ്റവും ആകർഷിച്ചത് ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയാണെന്ന് റൊണാൾഡോ പറഞ്ഞു.

ആദ്യ മത്സരം മുതൽ ഫൈനൽ വരെ അദ്ദേഹം അതി​ഗംഭീരമായി കളിച്ചു. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയോ സെമിഫൈനലിൽ മൊറോക്കോയ്‌ക്കെതിരെയോ എന്നപോലെ ഗോൾ നേടിയിട്ടില്ലെങ്കിലും അസിസ്റ്റുകൾ നൽകിക്കൊണ്ട് അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു. സാങ്കേതികമായി വളരെയേറെ മികവ് പ്രകടിപ്പിക്കാൻ എംബാപ്പെയ്ക്ക് സാധിച്ചുവെന്നും ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്കാരത്തിന് അർഹത ഫ്രഞ്ച് താരത്തിന് തന്നെയാണെന്നും റൊണാൾഡോ പറഞ്ഞു.

അതേസമയം, ബ്രസീലിനൊപ്പം അടുത്ത ലോകകപ്പ് വരെ തുടരാന്‍ നെയ്മര്‍ ജൂനിയര്‍ തീരുമാനിച്ചെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നതിന്റെ ആശ്വാസത്തിലാണ് ബ്രസീലിയൻ ആരാധകർ. 2026 ലോകകപ്പാകുമ്പോള്‍ 34 വയസായിരിക്കും നെയ്മറിന്. ഖത്തറില്‍ ഉജ്വലമായി കളിച്ചിട്ടും ക്വാര്‍ട്ടറില്‍ ബ്രസീല്‍ വീണത് കണ്ണീരോടെ നോക്കിനില്‍ക്കാനെ നെയ്മറിന് കഴിഞ്ഞുള്ളൂ. കോപ്പ അമേരിക്കയിലും ഒളിംപിക്‌സിലും കോണ്‍ഫഡറേഷന്‍ കപ്പിലുമെല്ലാം ബ്രസീലിന് കിരീടം സമ്മാനിച്ച സൂപ്പര്‍താരം ഒരിക്കല്‍ കൂടി ലോകകപ്പെന്ന സ്വപ്നത്തിനായി ശ്രമിക്കുമെന്നാണ് വിവരങ്ങൾ.

2026ല്‍ അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായി വേദിയാകുന്ന ലോകകപ്പിലും ബ്രസീലിനായി കളിക്കണമെന്നാണ് നെയ്മറിന്റെ മോഹം. ബ്രസീലിയന്‍ മാധ്യമങ്ങളാണ് നെയ്മാര്‍ അടുത്ത ലോകകപ്പ് വരെ ടീമില്‍ തുടരുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. 35 -ാം വയസില്‍ സുഹൃത്തും സഹതാരവുമായ മെസി കിരീടം നേടിയത് നെയ്മറിന് പ്രചോദനമായതാണ് തീരുമാനത്തിന് പിന്നില്‍. മെസി കിരീടം നേടിയപ്പോഴും ആശംസകള്‍ നേര്‍ന്ന് നെയ്മര്‍ എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here