മെക്സിക്കോ സിറ്റി: ഖത്തർ ലോകകപ്പിൽ മിന്നും പ്രകടനം കാഴ്ച വെച്ച് മുന്നേറുന്ന അർജന്റീനിയൻ സൂപ്പർ താരത്തിനെതിരെ മെക്സിക്കോ കർശന നടപടി സ്വീകരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. മെക്സിക്കോയുടെ ദേശീയത മുൻനിർത്തി രാഷ്ട്രീയ പാർട്ടികൾ നൽകിയ പരാതിയിൻമേലാണ് നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. പരാതി അംഗീകരിക്കപ്പെട്ടാൽ താരത്തിന് മെക്സിക്കോയിലേയ്ക്ക് പ്രവേശന വിലക്ക് നേരിടേണ്ടി വരുമെന്നാണ് സൂചന.
ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് സി വിഭാഗത്തിലായിരുന്നു അർജന്റീനയും മെക്സിക്കോയുമുണ്ടായിരുന്നത്. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ അർജന്റീന മെക്സിക്കോയെ പരാജയപ്പെടുത്തിയിരുന്നു. മെക്സിക്കോയ്ക്ക് എതിരായ വിജയം ഡ്രസിംഗ് റൂമിൽ ആഘോഷിക്കവേ എതിർ താരം കൈമാറിയ മെക്സിക്കൻ ജഴ്സി ലയണൽ മെസി തറയിലിട്ട് ചവിട്ടിയെന്ന് ആരോപണമുയർന്നത് വിവാദത്തിന് വഴിവെച്ചിരുന്നു.
Rare video of Messi “Kicking a Mexico jersey” while only trying to take off his boots.pic.twitter.com/etF7g4fLBZ https://t.co/S9pIZOocSk
— FELA GRANDSON😎 (@jerriejerrie_) November 27, 2022
മത്സര ദിവസം ഡ്രെസിംഗ് റൂമിൽ നിന്നുള്ള വീഡിയോ പുറത്തുവന്നതോടെയാണ് ആരോപണമുയർന്നത്. മെക്സിക്കൻ ജഴ്സി തറയിൽ കിടക്കുന്നതും മെസി മനപ്പൂർവമല്ലാതെ അത് കാലുകൊണ്ട് തട്ടിനീക്കുന്നതും വീഡിയോയിൽ കാണാം. ഈ സംഭവത്തിന് പിന്നാലെ മെസിയെ തന്റെ കയ്യിൽകിട്ടിയാൽ ശരിയാക്കുമെന്ന ഭീഷണിയുമായി മെക്സിക്കൻ ബോക്സർ കാൻസെലോ അൽവാരസ് രംഗത്തെത്തിയിരുന്നു. ഈ സംഭവ വികാസങ്ങൾക്കേറ്റവും ഒടുവിലാണ് താരത്തെ വിലക്കാനുള്ള ശ്രമം മെക്സിക്കോ ആരംഭിച്ച തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നത്.