കാറിൽ കടത്തുകയായിരുന്ന 40 ഗ്രാം എംഡിഎംഎയുമായി മഞ്ചേശ്വരം സ്വദേശി അറസ്റ്റിൽ

0
440

കാസർകോട്: കാറിൽ കടത്തുകയായിരുന്ന 40 ഗ്രാം എംഡിഎംഎയുമായി മഞ്ചേശ്വരം ഉദ്യാവർ കെജെഎം റോഡ് അജ്മീർ മൻസിലിലെ എ.ഷമീറി(45)നെ പൊലീസ് അറസ്റ്റ് ചെയ്തു. കാറും കസ്റ്റഡിയിലെടുത്തു. ഇന്നലെ ഒരു മണിയോടെ മൊഗ്രാൽപുത്തൂർ അറഫാത്ത് നഗർ ജംക‍്ഷനിൽ നിന്നാണ് എസ്ഐ ആർ.രാകേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ദേശീയപാത മൊഗ്രാൽപുത്തൂരിൽ വാഹന പരിശോധനയ്ക്കിടെ എത്തിയ കാർ കൈ കാണിച്ചിട്ടും നിർത്താതെ പോവുകയായിരുന്നു.

സംശയം തോന്നിയ പൊലീസ് സംഘം പിൻതുടർന്നു കൃഷി ഭവനു സമീപത്ത് അറഫാത്ത് ജംക‍്ഷനിൽ പൊലീസ് വാഹനം കുറുകെയിട്ട് കാർ തടഞ്ഞു. നിർത്തിയ കാറിൽ നിന്നു ഷമീർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിൻതുടർന്നു പിടികൂടുകയായിരുന്നു. തുടർന്നു കാർ പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.

ചെറുകിട വിൽപനക്കാർക്കു നൽകാനായി മംഗളൂരുവിൽ നിന്നു കൊണ്ടു വരുകയായിരുന്ന എംഡിഎംഎയാണു പിടികൂടിയത്. സീനിയർ സിവിൽ പൊലീസ് ഓഫിസർ ഫിലിപ് തോമസ്, സിവിൽ പൊലീസ് ഓഫിസർമാരായ  എ.സി.വിനോദ്, സനീഷ് ജോസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here