എംബാപ്പെ സ്പാനിഷ് ലീഗിലേക്ക്? സൂപ്പർതാരത്തിനായി അണിയറയിൽ ഒരുങ്ങുന്നത് 8761.22 കോടിയുടെ പാക്കേജ്

0
253

ലോക ഫുട്ബാളിലെ ഭാവി വാഗ്ദാനമായ ഫ്രാഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയെ ക്ലബിലെത്തിക്കാനുള്ള നീക്കം സജീവമാക്കി സ്പാനിഷ് ലീഗ് വമ്പന്മാരായ റയൽ മാഡ്രിഡ്. ഖത്തർ ലോകകപ്പിൽ ഫൈനലിലെ ഹാട്രിക് ഉൾപ്പെടെ എട്ടു ഗോളുകൾ നേടി സുവർണ പാദുകം എംബാപ്പെ സ്വന്തമാക്കിയിരുന്നു.

ലോകകപ്പിലെ മിന്നുംപ്രകടനത്തിനു പിന്നാലെയാണ് പി.എസ്.ജി താരത്തിനായി റയൽ കളത്തിലിറങ്ങിയത്. ലോകകപ്പ് ഫൈനലിനെ ഫൈനലാക്കിയത് താരത്തിന്‍റെ പ്രകടനമായിരുന്നു. സീസൺ തുടക്കത്തിൽതന്നെ എംബാപ്പെ റയലിൽ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് താരത്തിന് പി.എസ്.ജി കരാർ നീട്ടി നൽകിയത്. 2022-23 സീസണൊടുവിൽ തന്നെ താരത്തെ ക്ലബിലെത്തിക്കാനുള്ള നീക്കമാണ് റയൽ നടത്തുന്നത്.

എംബാപ്പെയെ ക്ലബിലെത്തിക്കാനായി റയലിന്‍റെ അണിയറയിൽ 8761.22 കോടി രൂപയുടെ പാക്കേജ് ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന വിവരം. താരത്തിന് 1318.56 കോടി രൂപയാണ് 14 തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും സ്പാനിഷ്, ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സീസണിൽ പി.എസ്.ജിക്കായി എംബാപ്പെ 20 മത്സരങ്ങളിൽനിന്നായി 19 ഗോളുകൾ നേടിയിട്ടുണ്ട്.

അഞ്ചു തവണ ഗോളിന് വഴിയൊരുക്കി. തുടർച്ചയായ മൂന്നു തവണയാണ് ഫ്രഞ്ച് ലീഗ് വണ്ണിലെ മികച്ച താരമായി എംബാപ്പെ തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ചു വർഷം മുമ്പാണ് താരം പി.എസ്.ജിയിലെത്തിയത്. താരം റയലിലെത്തുകയാണെങ്കിൽ ക്ലബിലെ ഏറ്റവും വിലപിടിപ്പുള്ള താരമാകും.

LEAVE A REPLY

Please enter your comment!
Please enter your name here