ഫൈനലിനെ ഫൈനലാക്കിയ എംബാപ്പെ ; രാജ്യം തോറ്റ കളിയിലെ രാജാവ്

0
368

ങ്ങനെയൊരു ഫൈനലും ഇങ്ങനെയൊരു കിരീടധാരണവും വേറെയുണ്ടാവില്ല. അടിമുടി നാടകീയത നിറഞ്ഞ സാധ്യതകള്‍ മാറിമറിഞ്ഞ സസ്‌പെന്‍സ് ത്രില്ലര്‍. അര്‍ജന്റീനയും മെസ്സിയും വിശ്വവിജയികളായപ്പോഴും ആരാണ് ഫൈനലിലെ യഥാര്‍ഥ ഹീറോ. എല്ലാ കിരീടവും നേടി ലോകകിരീടത്തിലും മുത്തമിട്ട മെസ്സിയോ. അതോ ഷൂട്ടൗട്ടിനെ നെഞ്ചുവിരിച്ച് നേരിട്ട് മിശിഹയായി മാറിയ മാര്‍ട്ടിനസോ. രാജ്യം തോറ്റ കളിയില്‍ രാജാവായി വാണ എംബാപ്പെ തന്നെയല്ലെ യഥാര്‍ഥ ഹീറോ. സമ്മര്‍ദത്തിന്റെ പരകോടിയില്‍ ഒരു ചാഞ്ചല്യവുമില്ലാതെ നാല് തവണ അയാള്‍ വല കുലുക്കിയപ്പോള്‍ അര്‍ജന്റീന ഞെട്ടിത്തരിച്ച് പോയ നിമിഷങ്ങള്‍. 2014 ആവര്‍ത്തിക്കുന്നുവെന്ന വിതുമ്പാന്‍ തുടങ്ങിയ ആരാധകര്‍.

ഫൈനലിനെ ഫൈനലാക്കിയത് അയാളാണ്. 80-ാം മിനിറ്റ് വരെ പന്ത് കിട്ടാക്കനിയായും ഒരു മുന്നേറ്റവും നടത്താനാകാതെ നിശബ്ദനായ എംബാപ്പെ വീണുകിട്ടിയ പൊനാല്‍റ്റി കിക്ക് എടുക്കാന്‍ വരുമ്പോള്‍ ഗോള്‍ഡന്‍ ബൂട്ട് മെസ്സിയുടെ കാലിലായിരുന്നു. കാറ്റിലും കോളിലും കുലുങ്ങാത്തെ എംപററായ അയാള്‍ക്ക് മുന്നില്‍ മാര്‍ട്ടിനെസ് നിരായുധനായി. പൊനാല്‍റ്റി ഗോളാക്കിയ മെസ്സിക്കൊപ്പം പൊനാല്‍റ്റിയിലൂടെ തന്നെ എംബാപ്പെയ്ക്കും ആറാം ഗോള്‍. അപ്പോഴും ഒരു അസിസ്റ്റുമായി മെസ്സി തന്നെ മുന്നില്‍. ഗോള്‍ വീണെന്ന് അര്‍ജന്റീനന്‍ താരങ്ങള്‍ വിശ്വസിച്ചുവരും മുന്നെ അയാള്‍ വീണ്ടും നിറയൊഴിച്ചു. കാവലേല്‍പിച്ചവര്‍ പോലും ഒന്ന് കണ്ണ് ചിമ്മിയ നേരത്ത് മിന്നല്‍ വേഗത്തില്‍ പോസ്റ്റിലെത്തിയ എംബാപ്പെ തൊടുത്ത കിക്ക് അതിന്റെ ടൈമിങ് ഒരു ഫൈനലിലും വേറെ കിട്ടാനില്ല. തോറ്റ ഫ്രാന്‍സിനെ അയാള്‍ തിരിച്ചെത്തിക്കുന്നു. ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്ക്ക് സ്വന്തമായ നിമിഷം.

പ്രതിരോധവും മാര്‍ക്കിങ്ങും എല്ലാം പൊളിഞ്ഞു പാളീസായി. ഏത് നിമിഷവും അടുത്ത ഗോള്‍ വീഴാം എന്ന സ്ഥിതി. ഇന്‍ജുറി ടൈമിന് തൊട്ടുമുമ്പ് ഗോളെന്നുറപ്പിച്ച ഷോട്ട് മാര്‍ട്ടിനസ് തട്ടിത്തെറിപ്പിച്ചു. മറിച്ചായിരുന്നെങ്കില്‍ ആ നിമിഷം അര്‍ജന്റീനയ്ക്ക് പകരം ഫ്രഞ്ച് വീരഗാഥ രചിക്കപ്പെട്ടേനെ. ഫ്രാന്‍സോ അര്‍ജന്റീനയോ ആര് എന്നതുപോലെ എംബാപ്പെയോ മെസ്സിയോ എന്ന ആകാംക്ഷയും കൂടി. എക്‌സ്ട്രാ ടൈമിലേക്ക് ആ പോരും നീണ്ടു. 108 ാം മിനിറ്റില്‍ രക്ഷനായി മെസ്സി അവതരിക്കുന്നു വീണ്ടും. ഗോള്‍ഡന്‍ ബൂട്ട് തിരികെ മെസ്സിയിലേക്ക്. ഫ്രഞ്ച് സ്വപ്‌നങ്ങള്‍ അവസാനിച്ചു എന്ന് കരുതിയ നിമിഷങ്ങള്‍. അതാ വരുന്നു വീണ്ടും പൊനാല്‍റ്റി. വീണ്ടും എംബാപ്പെ. പിഴക്കാത്ത മൂന്നാം ഗോള്‍. രണ്ടാം പെനാല്‍റ്റിയും ലക്ഷ്യത്തില്‍. ലോകകപ്പ് ഫൈനലില്‍ ഹാട്രിക് പിറക്കുന്നു. 1966 ല്‍ ഇംഗ്ലണ്ടിന്റെ ജെഫ് ഹേഴ്സ്റ്റിന് ശേഷം ലോകകപ്പ് ഫൈനലില്‍ വീണ്ടും ഒരു ഹാട്രിക്. മെസ്സിയിലേക്ക് പോയ സുവര്‍ണപാദുകം എംബാപ്പെ തിരിച്ചെടുക്കുന്നു. അയാള്‍ അത് തീര്‍ച്ചയായും അര്‍ഹിക്കുന്നു.

ആര് കപ്പടിക്കും എന്ന സസ്‌പെന്‍സ് പോലെ സുവര്‍ണപാദുകവും മെസ്സിയിലും എംബാപ്പെയിലുമായി പാസ് ചെയ്ത് ഒടുവില്‍ എംബാപ്പെയില്‍ അവസാനിക്കുന്നു. ഗോള്‍ഡന്‍ ബൂട്ടുമായി എംബാപ്പെ. ഗോള്‍ഡന്‍ ബോളുമായി മെസ്സി. ഒരു രാജാവ് ലോകകപ്പിനോട് വിടചൊല്ലിയപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് പുതിയൊരു രാജവാഴ്ച അരങ്ങേറുന്നു. ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്ത് വീണ്ടും എംബാപ്പെ അര്‍ജന്റീനയെ ഞെട്ടിച്ചു. കളിയില്‍ നാല് തവണ മാര്‍ട്ടിനസിനെ കീഴടക്കിയ അക്ഷോഭ്യനായ പോരാളി. മിശിഹ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ മരിയ മാലാഖയായി ചിറകുവിരിച്ചുയര്‍ന്നപ്പോള്‍ അര്‍ജന്റീനയ്ക്ക് മാര്‍ട്ടിനസ് മിശിഹയായി അവതരിച്ച മുഹൂര്‍ത്തത്തില്‍ യുദ്ധം ജയിച്ച എംബാപ്പെ എന്ന രാജാവിന് പക്ഷേ രാജ്യത്തെ രക്ഷിക്കാന്‍ അത് മതിയായിരുന്നില്ല. ഫുട്‌ബോള്‍ ലോകമെ ഇനിയുള്ള നാളുകള്‍ അയാളുടേതാകും അത് ഉറപ്പ്. 23 വയസ്സ് മാത്രം പ്രായം. കന്നി ലോകകപ്പില്‍ മാസ് എന്‍ട്രി. കിരീടധാരണം. രണ്ട് ലോകകപ്പുകളില്‍ നിന്ന് അയാള്‍ മടങ്ങുമ്പോള്‍ 14 കളിയില്‍ 12 ഗോളുണ്ട്.

കഴിഞ്ഞ ലോകകപ്പില്‍ നാല്. ഇത്തവണ അത് ഇരട്ടിയായി. എട്ട്. ഇതിഹാസം പെലെയുടെ റോക്കോഡിനൊപ്പം അയാളും 12 ഗോളുമായി നില്‍ക്കുന്നു. എത്ര ലോകകപ്പുകള്‍ മുന്നില്‍ കിടക്കുന്നു. ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളിന്റെ ലോകകപ്പ് റെക്കോഡിലേക്കാണ് ഇനി അയാളുടെ യാത്ര. അടുത്ത വരവില്‍ അത് സംഭവിക്കുമോ. എംബാപ്പെ കമ്പനിയുടെ കളികള്‍ കാണാനിരിക്കുന്നതേയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here