പോക്സോ കേസിൽ കുടുക്കി; മംഗളൂരുവിൽ മലയാളി വനിതാഎസ്.ഐ.ക്ക് ഉൾപ്പെടെ അഞ്ചുലക്ഷം രൂപ പിഴ

0
215

മംഗളൂരു : നിരപരാധിയെ പോക്സോ കേസിൽ കുടുക്കി ഒരുവർഷത്തോളം ജയിലിൽ കിടക്കേണ്ടിവന്ന കേസിൽ മലയാളി എസ്.ഐ. ഉൾപ്പെടെ രണ്ട്‌ വനിതാ പോലീസുകാർക്ക് അഞ്ചുലക്ഷം രൂപ പിഴ വിധിച്ചു. മംഗളൂരു വനിതാ പോലീസ് സ്റ്റേഷനിലെ മലയാളി എസ്.ഐ. പി.പി. റോസമ്മ, ഇൻസ്‌പെക്ടർ രേവതി എന്നിവരെയാണ് സെക്കൻഡ് അഡീഷണൽ പോക്‌സോ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷമാണ് നവീൺ സക്കറിയയെ മംഗളൂരു റൂറൽ പോലീസ് സ്റ്റേഷനിൽ പെൺകുട്ടി നൽകിയ പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്യുന്നത്.

പെൺകുട്ടി പറഞ്ഞ പേരുമാത്രം മുഖവിലയ്ക്കെടുത്ത് നവീൺ സക്കറിയക്കെതിരേ റോസമ്മ എഫ്.ഐ.ആർ. ഫയൽചെയ്തു. തുടരന്വേഷണം ഇൻസ്‌പെക്ടർ രേവതിയായിരുന്നു നടത്തിയത്‌. ഇവർ നടത്തിയ അന്വേഷണത്തിലും സക്കറിയ തെറ്റ്‌ ചെയ്‌തെന്ന്‌ കണ്ടെത്തി. കോടതി ഇയാളെ റിമാൻഡ്‌ ചെയ്തു. ജാമ്യമെടുക്കാൻ ആൾ വരാത്തതിനെത്തുടർന്ന് ഇയാൾ ഒരുവർഷത്തോളം ജയിലിൽ കിടന്നു. കേസ് കോടതിയിൽ വന്നപ്പോൾ നവീണിന്റെ വക്കീലുമാരായ രാജേഷ് കുമാർ അംടാഡിയും ഗിരീഷ് ഷെട്ടിയും തെളിവുസഹിതം വാദിച്ചതോടെ കോടതിക്ക് സത്യം ബോധ്യപ്പെട്ടു.

മതിയായ തെളിവില്ലാതെ പെൺകുട്ടി പറഞ്ഞ പേരുമാത്രം കേട്ടാണ് നവീണിനെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തതെന്ന് ജഡ്ജ് കെ.യു. രാധാകൃഷ്ണൻ നിരീക്ഷിച്ചു. തുടർന്ന് നവീൺ നിരപരാധിയാണെന്ന് കോടതി വിധിക്കുകയായിരുന്നു. രണ്ടു പോലീസ് ഉദ്യോഗസ്ഥരോടും പിഴത്തുകയായ അഞ്ചുലക്ഷം രൂപ നിരപരാധിയായ നവീൺ സക്കറിയക്ക് നൽകാനും കോടതി വിധിച്ചു. നിരപരാധിയെ പോക്‌സോ കേസിൽ കുടുക്കിയ രണ്ട്‌ വനിതാ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടി സ്വീകരിക്കാനും ആഭ്യന്തരവകുപ്പ് ചീഫ് സെക്രട്ടറിയോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here