ജ്വല്ലറിയില്‍ നിന്ന് മാല മോഷ്ടിച്ചു; ബി.ജെ.പി നേതാവ് അറസ്റ്റില്‍; പ്രതിക്ക് മാനസിക സമ്മര്‍ദ്ദമെന്ന് പൊലീസ്

0
395

കോട്ടയം: പാമ്പാടിയിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ കേസില്‍ പ്രാദേശിക ബി.ജെ.പി നേതാവ് അറസ്റ്റില്‍. കൂട്ടിക്കല്‍ ടോപ്പ് സ്വദേശി അജീഷാണ് പാമ്പാടി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വ്യക്തിയാണ് അജീഷ്.

കൊവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കടബാധ്യതകള്‍ പരിഹരിക്കാനും മാതാപിതാക്കളെ പരിചരിക്കാന്‍ പണം കണ്ടെത്താനുമായിരുന്നു മോഷണമെന്ന് അജീഷ് പൊലീസിനോട് പറഞ്ഞു.

മോഷണത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസമായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഇയാളെന്നും പൊലീസ് പറഞ്ഞു. കറുകച്ചാലിലും സമാനമായ രീതിയില്‍ മോഷണം നടത്തിയത് ഇയാളെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, അജീഷിനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ പൊലീസ് വാഹനം ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. പാമ്പാടി ആശുപത്രി പടിക്കലിലുള്ള കയ്യാലപ്പറമ്പില്‍ ജ്വല്ലറിയിലായിരുന്നു മോഷണം നടന്നിരുന്നത്. മാല വാങ്ങാനാണെന്ന് വ്യാജേന ജ്വല്ലറിയിലെത്തിയാണ് മോഷണം നടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലായിരുന്നു അജീഷിനെ പിടികൂടിയിരുന്നത്.

കടയില്‍ എത്തിയ ശേഷം മാല കാണണമെന്ന് ആവശ്യപ്പെട്ടതോടെ കടയുടമ ജയകുമാര്‍ രണ്ട് മാലകള്‍ കാട്ടിക്കൊടുത്തു. ഉടമ കടയുടെ ഉള്ളിലേക്ക് പോയ തക്കം നോക്കി നാല് പവന്റെ രണ്ട് മാലകളുമായി മോഷ്ടാവ് കടന്നുകളയുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here