കിരീടം സമ്മാനിക്കുന്നതിന് തൊട്ടു മുമ്പ് മെസിയെ ബിഷ്ത് ധരിപ്പിച്ച് ഖത്തര്‍ അമീര്‍, അഭിനന്ദനവും വിമര്‍ശനവും

0
234

ദോഹ: ലോകകപ്പ് ഫൈനലില്‍ 36 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ച് ലിയോണല്‍ മെസി അര്‍ജന്‍റീനക്ക് വിശ്വകീരീടം സമ്മാനിച്ചപ്പോള്‍ ആരാധകര്‍ക്ക് അത് ആഘോഷരാവായിരുന്നു. വിജയത്തിനുശേഷം നടന്ന സമ്മാനദാനച്ചടങ്ങായിരുന്നു പിന്നീട് ഏവരുടെയും ശ്രദ്ധാകേന്ദ്രം. ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റീനോയും ഖത്തര്‍ അമീറായ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും ചേര്‍ന്നാണ് സമ്മാനവിതരണം നടത്തിയത്.

ആദ്യം മാച്ച് ഒഫീഷ്യലുകള്‍ക്കുള്ള മെഡല്‍ദാനം, പിന്നെ ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള സമ്മാനം അര്‍ജന്‍റീനയുടെ എന്‍സോ ഫെര്‍ണാണ്ടസിന്. ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗവ് അര്‍ജന്‍റീനയുടെ എമിലിയാനോ മാര്‍ട്ടിനെസിന്, ലോകകപ്പിലെ ടോപ് സ്കോറര്‍ക്കുള്ള പുരസ്കാരം എട്ട് ഗോളടിച്ച ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെക്ക്, ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ലിയോണല്‍ മെസിക്ക്. ഇതിനുശേഷം ഫൈനലില്‍ അര്‍ജന്‍റീനയോട് തോറ്റ് രണ്ടാം സ്ഥാനക്കാരായ ഫ്രഞ്ച് താരങ്ങള്‍ക്കുള്ള മെഡല്‍ ദാനം.

പിന്നെ വിജയികള്‍ക്കുള്ള മെഡല്‍ദാനം. അര്‍ജന്‍റീന കളിക്കാര്‍ ഓരോരുത്തരായി മെഡല്‍ കഴുത്തിലണിഞ്ഞ് വേദിയില്‍ വെച്ചിരിക്കുന്ന സ്വര്‍ണക്കപ്പില്‍ തലോടിയും മുത്തമിട്ടും ആ നിമിഷത്തിനായി കാത്തു നിന്നു. ഏറ്റവും ഒടുവിലായി അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി വേദിയിലേക്ക്. മെസിയുടെ കഴുത്തില്‍ മെഡലണിഞ്ഞശേഷം ഖത്തര്‍ അമീര്‍ ഒരു സവിശേഷ വസ്ത്രം പുറത്തെടുക്കുന്നു. കറുത്ത നിറമുള്ള ബിഷ്ത്, അത് മെസിയെ ശ്രദ്ധാപൂര്‍വം ധരിപ്പിക്കുന്നു. ശേഷം കിരീടത്തിനടുത്തേക്ക് നടന്ന് ഇന്‍ഫാന്‍റീനോയും ഖത്തര്‍ അമീറും ചേര്‍ന്ന് കിരീടം മെസിക്ക് സമ്മാനിക്കുന്നു.

എന്താണ് ബിഷ്ത്

Lionel Messi Wears black robe before lifting the World Cup, What is bishtസവിശേഷ അവസരങ്ങളില്‍ മാത്രം ധരിക്കുന്ന പരമോന്നത ഖത്തറി ഗൗണാണ് ബിഷ്ത്. ഒട്ടകത്തിന്‍റെയും ആടിന്‍റെയും രോമങ്ങള്‍കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഭരണാധികാരികള്‍ക്കു പുറമെ ഉന്നത കുടുംബങ്ങളിലെ ഷെയ്ഖുമാരും വിവാഹം, പെരുന്നാള്‍ നമസ്‌കാരം, ജുമുഅ നമസ്‌കാരം എന്നിവക്കാണ് ഇത് ധരിക്കുന്നത്. വെള്ളിയാഴ്ച ഖുതുബ നിര്‍വ്വഹിക്കുന്ന ഇമാമുമാര്‍ക്കും ഈ രാജകീയ മേല്‍ക്കുപ്പായം ധരിക്കുന്നതിന് അനുമതി നല്‍കുന്നു.

വിമര്‍ശനം എന്തിന്

36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോക കിരീടം കൈപ്പിടിയിലൊതുക്കി പത്താം നമ്പര്‍ ജേഴ്സി ധരിച്ചു നില്‍ക്കുന്ന മെസിയെയും അര്‍ജന്‍റീനയുടെ നീലയും വെള്ളയും വരകളുള്ള കുപ്പായത്തെയും മറക്കുന്നതായിപ്പോയി ഖത്തര്‍ അമീറിന്‍റെ സവിശേഷ സമ്മാനമെന്നാണ് പാശ്ചാത്യലോകത്ത് ഉയര്‍ന്ന പ്രധാന വിമര്‍ശനം. സമൂഹമാധ്യമങ്ങളിലും ഇത്തരത്തിലുള്ള നിരവധി ട്വീറ്റുകള്‍ പ്രചരിക്കുന്നുണ്ട്.

സന്തോഷത്തോടെ സ്വീകരിച്ച് മെസി

എന്നാല്‍ ഖത്തര്‍ അമീറിന്‍റെ സവിശേഷ സമ്മാനം സ്വീകരിക്കുന്നതിനോ ധരിക്കുന്നതിനോ അത് ധരിച്ച് വിജാഘോഷം നടത്തുന്നതിനോ മെസി യാതൊരു വൈമനസ്യലും കാണിച്ചില്ല. മാത്രമല്ല ലോകകപ്പ് കൈപ്പിടിയിലൊതുക്കാനുള്ള ആവേശത്തള്ളിച്ചയിലും അമീര്‍ ബിഷ്ത് ധരിപ്പിക്കുമ്പോള്‍ സന്തോഷത്തോടെ ഒരു കൊച്ചു കുട്ടിയെപ്പോലെ നിന്നു കൊടുക്കുന്ന മെസിയെ ആണ് ആരാധകര്‍ കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here