നെറ്റിയില്‍ മെസിയുടെ പേര്, കവിളില്‍ 3 നക്ഷത്രം; ആരാധന മൂത്തപ്പോള്‍ ടാറ്റു ചെയ്തു, ഇപ്പോള്‍ ‘പണി’ പാളി!

0
265

ബ്യൂണസ് അയേഴ്സ്: അര്‍ജന്‍റീനയും ലിയോണല്‍ മെസിയും ലോകകപ്പ് നേടിയതിന്‍റെ ആവേശത്തില്‍ മുഖത്ത് ടാറ്റു ചെയ്ത ആരാധകന്‍ ‘ആകെപ്പാടെ പെട്ട’ അവസ്ഥയില്‍. കൊളംബിയന്‍ ഇന്‍ഫ്ലുവന്‍സറായ മൈക്ക് ജാംബ്സാണ് നെറ്റിയിലും കവിളിലും അടക്കം ടാറ്റു ചെയ്തത്. നെറ്റിയില്‍ മെസി എന്ന പേരും ഒരു കവിളില്‍ അര്‍ജന്‍റീന നേടിയ മൂന്ന് ലോകകപ്പുകളെ കാണിക്കുന്ന മൂന്ന് നക്ഷത്രങ്ങളുമാണ് മൈക്ക് ടാറ്റു ചെയ്തത്. ഒരു കവിളില്‍ 10-ാം നമ്പര്‍ ധരിച്ച ദൈവം എന്ന് സ്പാനിഷില്‍ അര്‍ത്ഥം വരുന്ന ‘D10s’എന്നും മൈക്ക് ടാറ്റു ചെയ്തു.

ഇപ്പോള്‍ ഇങ്ങനെ ചെയ്യേണ്ടായിരുന്നു എന്ന തോന്നലിലാണ് മൈക്ക്. ആദ്യം ഇത്തരത്തില്‍ ടാറ്റു ചെയ്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മൈക്ക് അതിനെ ന്യായീകരിച്ചിരുന്നു. ആരെയും ഉപദ്രവിക്കുന്നില്ല, നിയമവിരുദ്ധമായി താന്‍ ഒന്നും ചെയ്യുന്നില്ല എന്നാണ് മൈക്ക് പറഞ്ഞത്. പക്ഷേ, അധികം വൈകാതെ അഭിപ്രായം മാറി. ടാറ്റു ചെയ്തതിൽ ഖേദിക്കുന്നു. കാരണം പോസിറ്റീവ് പ്രതികരണങ്ങള്‍ ലഭിക്കുന്നതിന് പകരം വ്യക്തിപരമായും തന്‍റെ കുടുംബത്തിനും നെഗറ്റീവ് ആണ് ഈ സംഭവം ഉണ്ടാക്കിയതെന്ന് മൈക്ക് പറഞ്ഞു.

കടുത്ത നിരാശയിലാണ് മൈക്ക് ഇപ്പോഴുള്ളത്. നേരത്തെ, അർജന്റീന ആരാധിക എമിയുടെ പേര് ടാറ്റുവായി തന്റെ പുറത്ത് ചെയ്യാൻ നോക്കിയപ്പോൾ സംഭവിച്ച ഒരു അബദ്ധം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഫൈനലിന് ശേഷം അർജന്റീന പതാക, മൂന്ന് നക്ഷത്രങ്ങൾ, ഒരു ജോടി ​ഗ്ലൗസുകൾ, ദിബു മാർട്ടിനസ് എന്ന പേര് എന്നിവയാണ് പട്രീഷ്യ എന്ന ആരാധിക ടാറ്റു ചെയ്തത്.

എന്നാൽ, ദിബു മാർട്ടിനസിന് പകരം ടാറ്റു ആർട്ടിസ്റ്റ് പേര് എഴുതിയത് ദിബു ഫെർണാണ്ടസ് എന്നായി പോയി. ഇതോടെ പട്രീഷ്യക്ക് ടാറ്റു മാറ്റേണ്ടി വന്നു. ദിബു ഫെർണാണ്ടസ് എന്നെഴുതിയതിന് മുകളിൽ കൂടെ ഒരു ​ഗോൾ കീപ്പർ സേവ് ചെയ്യുന്നതിന്റെ മാതൃക ടാറ്റു ചെയ്യുകയും ദിബു മാർട്ടിനസ് എന്ന പേര് ഉൾപ്പെടുത്തുകയും ചെയ്തതോടെ കാര്യം പരിഹരിക്കപ്പെട്ടു. എന്തായാലും രണ്ട് ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here