ഇന്ധന വിലയില്‍ വലിയ കുറവ്; കര്‍ണാടകയില്‍ നിന്നും ഡീസല്‍ വാങ്ങി കെഎസ്ആര്‍ടിസി; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അവസാനവട്ട ശ്രമങ്ങള്‍

0
203

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കര്‍ണാടകയില്‍ നിന്നും ഡീസല്‍ എത്തിച്ച് കെഎസ്ആര്‍ടിസി. കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള ഡിപ്പോളകിലേക്കാണ് കര്‍ണാടകയില്‍ നിന്നും കെഎസ്ആര്‍ടിസി ഡീസല്‍ എത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് നികുതി നഷ്ടം ഉണ്ടാകുമെങ്കിലും സാമ്പത്തിക പ്രതിസന്ധിയില്‍ മറ്റുവഴികളില്ലെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.

കര്‍ണാടകയുടെ ആസ്ഥാനമായ ബെംഗളൂരുവില്‍ നിന്നും മൈസൂരുവില്‍ നിന്നുമാണ് ഡീസല്‍ കേരളത്തിലേക്ക് എത്തിക്കുന്നത്. കെഎസ്ആര്‍ടിസി കേരളത്തിലെ ഇന്ധനത്തിന്റെ ബള്‍ക്ക് യൂസറാണ്. അതിനാല്‍ തന്നെ, വിപണി വിലയേക്കള്‍ കൂടുതല്‍ നല്‍കിയാണ് കെഎസ്ആര്‍ടിസി ഡീസല്‍ വാങ്ങുന്നത്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കോര്‍പറേഷന് വരുത്തി വെയ്ക്കുന്നത്. ഇതു മറികടക്കാനാണ് കര്‍ണാടകയെ ആശ്രയിക്കുന്നത്. കേരളത്തേക്കാളും ഡീസലിന് ആറു രൂപ കുറവാണ് കര്‍ണാടകയില്‍.

ഇതിനു പുറമെ കുറച്ച് നികുതിയും നല്‍കിയാല്‍ മതി. കേരളത്തില്‍ 22.76 ശതമാനം നികുതി നല്‍കേണ്ടി വരുമ്പോള്‍ കര്‍ണാടകയില്‍ അത് 14.34 ശതമാനം നല്‍കിയാല്‍ മതി. 1000 ലിറ്റര്‍ അടിക്കുമ്പോള്‍ 1975 രൂപയും ഇളവ് ലഭിക്കും. ഇതാണ് കെഎസ്ആര്‍ടിസി ഡീസലിന് കര്‍ണാടകയെ ആശ്രയിക്കാന്‍ കാരണം.

നേരത്തെ,മികച്ച ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കര്‍ണാടക ആര്‍.ടി.സി.കെ മാതൃകയാക്കാന്‍ കേരളം തീരുമാനിച്ചിരുന്നു. ഇതിനായി ധനമന്ത്രി പ്ലാനിങ് ബോര്‍ഡ് അംഗത്തെ ചുമതലപ്പെടുത്തി. സംസ്ഥാനത്തെ പ്ലാനിങ് ബോര്‍ഡ് അംഗം നമശിവായം അധ്യക്ഷനായ സമിതിയെയാണ് പഠനത്തിന് നിയോഗിച്ചിട്ടുള്ളത്. സര്‍വീസുകള്‍, ടിക്കറ്റ് നിരക്ക്, മാനേജ്മെന്റ് രീതി തുടങ്ങിയവ സമിതി പഠന വിധേയമാക്കും. പഠന റിപ്പോര്‍ട്ട് ഉടന്‍ ധനവകുപ്പിന് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കര്‍ണാടകയില്‍ കെ.എസ്.ആര്‍.ടി.സി രണ്ടു രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രത്യേകം വിഭാഗങ്ങള്‍ ഉണ്ട്. രണ്ടു രീതിയില്‍ നടത്തുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വന്‍ ലാഭകരമായാണ് പോകുന്നത്. ഇതെങ്ങനെയാണെന്നാകും സമിതി പഠിക്കുക. കര്‍ണാടക മോഡലില്‍ കേരളത്തിലെ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ വരുത്തേണ്ട മാറ്റങ്ങളും സമിതി നിര്‍ദേശിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here