സാധാരണക്കാരനാണെങ്കില്‍ ഇപ്പോള്‍ ജയിലിലായേനെ; മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസില്‍ ഹൈക്കോടതി

0
178

കൊച്ചി: മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസില്‍ താരം നിയമലംഘനം നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ സാധാരണക്കാരന്‍ ആണെങ്കില്‍ സര്‍ക്കാര്‍ ഇങ്ങനെ ഇളവ് നല്‍കുമോ എന്ന് ഹൈക്കോടതി ചോദിച്ചു.

കേസില്‍ പ്രതി ആയ ശേഷമാണ് ആനക്കൊമ്പിന് ഉടമസ്ഥാവകാശം നല്‍കിയതെന്നും കോടതി പറഞ്ഞു. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്ന് പറഞ്ഞ കോടതി, സാധാരണക്കാരന്‍ ആണെങ്കില്‍ ഇപ്പോള്‍ ജയിലില്‍ ആയേനെ എന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്ന് മോഹന്‍ലാലും കോടതിയില്‍ വാദിച്ചു. ഇത് വൈല്‍ഡ് ലൈഫ് ആക്ടിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ വാദം.

ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള പ്രോസിക്യൂഷന്‍ ഹരജി തള്ളിയത് ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ കോടതിയെ സമീപിച്ചത്.

മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

2012ല്‍ ആണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. നാല് ആനക്കൊമ്പുകളാണ് ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.

ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് എന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

അതേസമയം, കേസില്‍ മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പും ഹൈക്കോടതിയില്‍ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതാണെന്ന മോഹന്‍ലാലിന്റെ വാദം ശരിയാണെന്നായിരുന്നു ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്.

നിയമപരമല്ലാത്ത വഴിയിലൂടെയാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ആനക്കൊമ്പ് കൈവശം വെച്ചതിന് മോഹന്‍ലാലിനെതിരെ തുടര്‍ നടപടി വേണ്ടെന്നും വനംവകുപ്പ് നല്‍കിയ സത്യവാങ്മൂലത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here