ന്യൂദല്‍ഹി: ചേരി നിവാസികള്‍ രാജ്യത്ത് കുറവുള്ള സംസ്ഥാനം കേരളമെന്ന് കേന്ദ്ര സര്‍ക്കാര്‍. എ.എ. റഹീം എം.പി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
ഏറ്റവും കൂടുതല്‍ ചേരി നിവാസികളുള്ളത് മഹാരാഷ്ട്രയിലാണ്. 25 ലക്ഷത്തോളം കുടുംബങ്ങളാണ് മഹാരാഷ്ട്രയില്‍ ചേരിയില്‍ ജീവിക്കുന്നത്. തലസ്ഥാന നഗരമായി ദല്‍ഹിയില്‍ മാത്രം 16,17,239 പേരാണ് ചേരിയില്‍ കഴിയുന്നത്. 45,471 പേരാണ് ഇത്തരത്തില്‍ കേരളത്തിലുള്ളത്.
രാജ്യത്ത് 1.39 കോടി കുടുംബങ്ങള്‍ 1,08,227 ചേരികളിലായി ജിവിക്കുന്നുവെന്നാണ് 2011 ലെ സെന്‍സസ് റിപ്പോര്‍ട്ട്. മുംബൈ- 52,06,473, ബെംഗളൂരു- 7,12,801, ചെന്നൈ- 13,42,337, ഹൈദരാബാദ്- 22,87,014, കൊല്‍ക്കത്ത- 14,09,721 എന്നിങ്ങനെയാണ് ചേരിയില്‍ താമസിക്കുന്നയാളുകളുടെ കണക്കുകള്‍.
അതേസമയം, വ്യാവസായിക ഉല്‍പ്പാദന സൂചിക(ഐ.ഐ.പി) കുത്തനെ ഇടിയുന്ന വിഷയവും ശൂന്യവേളയില്‍ എ.എ.റഹീം രാജ്യസഭയില്‍ ഉന്നയിച്ചു.
രാജ്യത്തെ തൊഴിലില്ലായ്മ തുറന്നുകാട്ടുന്ന കണക്കാണിത്. കേന്ദ്ര സര്‍ക്കാരിന്റെ സ്വന്തം നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് (എന്‍.എസ്.ഒ)ഐ.ഐ.പിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത്. ഒക്ടോബറിലെ കണക്കുകള്‍ കാണിക്കുന്നത് ഐ.ഐ.പി 26 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ നാല് ശതമാനത്തിലേക്ക് ഇടിഞ്ഞു എന്നാണ്.
വ്യാവസായിക മേഖല വലിയ പ്രതിസന്ധി നേരിടുന്നതായി കാണിക്കുന്ന ഈ കണക്ക് അത്യന്തം ആശങ്കാജനകമാണ്. രാജ്യത്തെ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് വ്യവസായ മേഖല നിര്‍ണായകമാണ്. കോടികള്‍ മുടക്കി മേക്ക് ഇന്‍ ഇന്ത്യയുടെ പരസ്യങ്ങള്‍ ഇറക്കിയും അത്മനിര്‍ഭര്‍ ഭാരത് തുടങ്ങിയ പുതിയ വാചകങ്ങളും കൊണ്ടുവന്നിട്ടും വ്യവസായ മേഖല പ്രതിസന്ധിയിലാണ്.
ബി.ജെ.പി സര്‍ക്കാര്‍ പൊള്ളയായ കുപ്രചരണങ്ങള്‍ അവസാനിപ്പിച്ച് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കണം, എ.എ. റഹീം കൂട്ടിച്ചേര്‍ത്തു.