ഓഫീസിന് പകരം കാര്യാലയം; കമ്യൂണിസ്റ്റ് വാക്കുകള്‍ ഇനി BJP മിണ്ടില്ല, മുഷ്ടിചുരുട്ടിയ ചിത്രവും വേണ്ട

0
187

കൊല്ലം: കേരളത്തിലെ ബി.ജെ.പി.ക്ക് ഇനി ‘പാര്‍ട്ടി ഓഫീസ്’ ഉണ്ടാകില്ല. പാര്‍ട്ടി കേഡര്‍മാരും. ഓഫീസിനെ കാര്യാലയവും കേഡറെ പ്രവര്‍ത്തകനുമാക്കും. കുത്തക, സ്‌ക്വാഡ്, സാമ്രാജ്യത്വം, മുതലാളിത്തം, നവ ലിബറല്‍ എന്നിങ്ങനെ പറഞ്ഞുപറഞ്ഞ് കമ്യൂണിസ്റ്റുകളുടെ കുത്തകയായ വാക്കുകളൊന്നും ബി.ജെ.പി.ക്കാര്‍ പ്രയോഗിക്കരുതെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം.

കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ വോട്ടര്‍മാരെ സ്വാധീനിക്കണമെങ്കില്‍ കമ്യൂണിസ്റ്റുകളുടെ കുത്തക വാക്കുകളോട് ഗുഡ്‌ബൈ പറയണമെന്ന് ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ് കേരളത്തിലെ നേതാക്കളോട് പറഞ്ഞു.

പ്രസംഗത്തിലും ഭാവത്തിലും കമ്യൂണിസ്റ്റ് നേതാക്കളെ അനുകരിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ദേശീയ നേതൃത്വം പറയുന്നു. പാര്‍ട്ടി അച്ചടക്കം, കുലംകുത്തി, ബദല്‍ രേഖ, പ്രതിലോമശക്തികള്‍, എതിരാളികള്‍, പരിപ്രേക്ഷ്യം, ജാഗ്രത തുടങ്ങിയ വാക്കുകളെയാണ് സംസ്ഥാന നേതാക്കള്‍ ‘കമ്യൂണിസ്റ്റ് പ്രയോഗങ്ങള്‍’ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സമ്മേളനങ്ങളുടെയും കാമ്പെയിനുകളുടെയും പോസ്റ്ററുകളില്‍ മുഷ്ടിചുരുട്ടിയ മനുഷ്യരുടെ ചിത്രങ്ങള്‍ വേണ്ടെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പൊതുപരിപാടികളുടെ വേദികള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനവേദികളുമായി സാമ്യമുള്ള രീതിയില്‍ അലങ്കരിക്കരുതെന്നും പറഞ്ഞിട്ടുണ്ട്. കേരളത്തിലെ വോട്ടര്‍മാരെ കമ്യൂണിസ്റ്റ് അനുഭാവികളും കമ്യൂണിസ്റ്റ് വിരുദ്ധരും എന്ന രീതിയിലാണ് ദേശീയ നേതൃത്വം തരംതിരിക്കുന്നത്. കമ്യൂണിസ്റ്റ് വിരുദ്ധ വോട്ടുകള്‍ പരമാവധി സ്വന്തം പെട്ടിയിലേക്ക് മാറ്റുകയാണ് തന്ത്രം.

കമ്യൂണിസ്റ്റ് പ്രയോഗങ്ങളും ശരീരഭാഷയും പ്രസംഗശൈലിയുമെല്ലാം ഇതിന് തടസ്സമാകുമെന്ന തത്ത്വമാണ് ബി.ജെ.പി. ദേശീയ നേതൃത്വത്തിനുള്ളത്. കമ്യൂണിസ്റ്റുകളോട് കടുത്ത മത്സരമുള്ളയിടങ്ങളില്‍ അവരെ അനുകരിക്കാനുള്ള പ്രവണത ബി.ജെ.പി.ക്കാര്‍ കാണിക്കുന്നതായും അവര്‍ വിലയിരുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here