കാസര്‍ഗോഡ് പത്ത് പുതിയ അടിപ്പാതകള്‍ കൂടി; ഹൊസങ്കടിയിലും ബന്തിയോട്ടും മേൽപ്പാത

0
536

കാഞ്ഞങ്ങാട് : ദേശീയപാത മുറിച്ചുകടക്കുന്നതിന് ജില്ലയിൽ പത്ത്‌ അടിപ്പാതകൾകൂടി വരുന്നു. തലപ്പാടി-ചെങ്കള റീച്ചിലെ നായന്മാർമൂല, ചെങ്കള സന്തോഷ് നഗർ, മൊഗ്രാൽ പുത്തൂർ, ഷിറിയക്കുന്ന്, കൈക്കമ്പ-നയാബസാർ, ഉപ്പള ഗേറ്റ്, കുഞ്ചത്തൂർ, ഉദ്യാവര മാട, പൊസോട്ട് എന്നിവിടങ്ങളിലും ചെങ്കള-നീലേശ്വരം റീച്ചിൽ പെരിയാട്ടടുക്കത്തുമാണിത്. ഇതോടെ തലപ്പാടി-ചെങ്കള റീച്ചിലെ അടിപ്പാതകളുടെ എണ്ണം ഇരുപതും ചെങ്കള-നീലേശ്വരം റീച്ചിലെ അടിപ്പാതകളുടെ എണ്ണം പതിമൂന്നും ആയി.

മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഓഫീസിനടുത്ത് നടപ്പാതയും ഉപ്പളയിൽ ഫ്ളൈ ഓവറും നിർമിക്കും. ഹൊസങ്കടിയിലും ബന്തിയോട്ടും അടിപ്പാത മാറ്റി മേൽപ്പാതയാക്കും. ചട്ടഞ്ചാലിൽ സർവീസ് റോഡ് ഉയർത്തുന്ന രീതിയിൽ മേൽപ്പാത നിർമിക്കും. പലയിടത്തും പ്രതിഷേധം കനക്കുന്നതിനിടെ ജനകീയ ആവശ്യത്തെ മുൻനിർത്തി എം.എൽ.എ.മാർ ഇടപെട്ടതിനെ തുടർന്നാണ് രൂപരേഖയിലെ മാറ്റം.

നീലേശ്വരം- തളിപ്പറമ്പ് റീച്ചിൽ ചെറുവത്തൂർ കൊവ്വലിലും പിലിക്കോട് തീക്കുഴിച്ചാലിലും അടിപ്പാത വേണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച തീരുമാനമായിട്ടില്ല. തലപ്പാടിമുതൽ ചെങ്കളവരെ 39 കിലോമീറ്ററാണ്. കൂടുതൽ അടിപ്പാതകൾ ഉൾപ്പെടുത്തി രൂപരേഖ മാറ്റുന്നതിനാൽ നേരത്തേയുള്ള അടങ്കലായ 1703 കോടി രൂപയിലും മാറ്റം വരും.

മൂന്ന്‌ പാലങ്ങളുടെ പണി 65 ശതമാനം

പൊസോട്ട്, മഞ്ചേശ്വരം, കുമ്പള പാലങ്ങളുടെ നിർമാണം 65 ശതമാനം പൂർത്തിയായതായി ബന്ധപ്പെട്ടവർ അറിയിച്ചു. തലപ്പാടി-ചെങ്കള റീച്ചിൽ ചെറുതും വലുതുമായ എട്ട്‌ പാലങ്ങളാണ് നിർമിക്കുന്നത്. ചെങ്കള-നീലേശ്വരം റീച്ചിൽ തെക്കിൽപ്പാലത്തിന്റെ പണി നടക്കുന്നു. ഈ റീച്ചിൽ ഉൾപ്പെടുന്ന നീലേശ്വരം പാലത്തിന്റെയും നീലേശ്വരം-തളിപ്പറമ്പ് റീച്ചിൽ ഉൾപ്പെടുന്ന പാലങ്ങളുടെയും പണി തുടങ്ങിയിട്ടില്ല. പാലത്തിന്റെ ഉയരം കൂട്ടണമെന്ന ഉൾനാടൻ ജലഗതാഗതവകുപ്പിന്റെ നിർദേശമുണ്ടായതിനാലാണ് പണി തുടങ്ങാൻ കാലതാമസമുണ്ടാകുന്നത്.

മൂന്നരക്കിലോമീറ്റർ ആറുവരിപ്പാതയായി

തലപ്പാടിയിൽനിന്ന് കേരളത്തിൽ പാത തുടങ്ങുന്നിടത്തുനിന്ന്‌ കുഞ്ചത്തൂർ മാടവരെയുള്ള മൂന്നരക്കിലോമീറ്റർ ദൂരം ആറുവരിപ്പാത പൂർത്തിയായി.

ഇതിന്റെ ടാറിങ്ങും തീർന്നു. കാസർകോട്ട്‌ ആകാശപാതയ്ക്കു വേണ്ട 30 കോൺക്രീറ്റ് തൂണുകളിൽ 20 എണ്ണം പൂർത്തിയായി. ചെങ്കള-നീലേശ്വരം 37 കിലോമീറ്റർ റീച്ചിലെയും നീലേശ്വരം-തളിപ്പറമ്പ് 40 കിലോമീറ്റർ റീച്ചിലെയും അടിപ്പാതകളുടെ പണി പൂർത്തിയായത് 15 ശതമാനത്തിൽ താഴെ മാത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here