മക്കയിലെ കിസ്‌വ നിർമാണ ഫാക്ടറിയിൽ കഅബയുടെ പുതിയ മൂടുപടത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. വർഷത്തിൽ ഒരിക്കളാണ് കഅബയുടെ മൂടുപടം മാറ്റാറുള്ളത്. 200-ഓളം ജീവനക്കാർ 9 മാസം സമയമെടുത്താണ് മൂടുപടം തയ്യാറാക്കുന്നത്.
കഅബയുടെ മൂടുപടമായ കിസ്വ നിർമിക്കുന്നത് മക്കയിൽ ഇതിനായി മാത്രം പ്രവർത്തിക്കുന്ന ഫാക്ടറിയിലാണ്. 200-ഓളം ജീവനക്കാർ ഈ ഫാക്ടറിയിൽ ജോലി ചെയ്യുന്നു. 2 കോടിയോളം റിയാൽ ചിലവിൽ ശുദ്ധമായ പട്ടുനൂൽ ഉപഗോയിച്ച് 9 മാസം വരെ സമയമെടുത്താണ് കിസ്വ നിർമിക്കുന്നത്. 850 കിലോ പട്ടും, 120 കിലോ സ്വർണ്ണ നൂലും, 100 കിലോ വെള്ളി നൂലും കിസ്വ നിർമാണത്തിനായി ഉപയോഗിക്കുന്നു. കഅബയുടെ 4 ചുമരുകൾക്കും വാതിലിനുമായി പ്രധാനമായും 5 കഷ്ണങ്ങൾ ആയാണ് കിസ്വ തയ്യാറാക്കുന്നത്. കഅബയിൽ അണിയിച്ചതിന് ശേഷം ഈ കഷ്ണങ്ങൾ തുന്നിചേര്ക്കും.
കഅബയുടെ മുകൾ ഭാഗത്ത് ഇസ്ലാമിക് കാലിഗ്രാഫിയിൽ വിശുച്ച ഖുറാൻ വചനങ്ങൾ എഴുതിയ പട്ടയ്ക്ക് 47 മീറ്റർ നീളവും 95 സെന്റീമീറ്റർ വീതിയുമുണ്ട്. കിസ് വയുടെ ആകെ ഭാരം 1,150 കിലോഗ്രാം വരും. 21 മെഷീനുകളാണ് നിർമാണത്തിന് ഉപയോഗിക്കുന്നത്. വർഷത്തിൽ ഒരിക്കൽ ഹജ്ജ് വേളയിലാണ് പഴയ കിസ്വ മാറ്റി കഅബയിൽ പുതിയ കിസ്വ അണിയാറുള്ളത്. നേരത്തെ ഈജിപ്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നാണ് കഅബയിൽ അണിയാനുള്ള കിസ്വ കൊണ്ട് വന്നിരുന്നത്. എന്നാൽ അബ്ദുൾ അസീസ് രാജാവിൻറെ കാലത്താണ് മക്കയിൽ കിസ്വ നിർമാണത്തിനായി പ്രത്യേക കേന്ദ്രം ആരംഭിച്ചത്. നേരത്തെ അനുമതി വാങ്ങി ഹജ്ജ് ഉംറ തീർഥാടകർക്കും മറ്റും ഫാക്ടറി സന്ദർശിക്കാൻ ഇപ്പോൾ സൌകര്യമുണ്ട്. കിസ്വ നിര്മാണ കേന്ദ്രം സന്ദർശിക്കുന്ന പലർക്കും ജോലിക്കാരോടൊപ്പം കിസ്വ നെയ്‌തെടുക്കുന്നതിൽ പങ്കാളിയാകാനുള്ള അവസരവും ലഭിക്കാറുണ്ട്.