നമ്മള്‍ പ്രതിമ നിര്‍മിച്ച് ഭക്തരെ വാര്‍ക്കുന്നു, അവര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മിച്ച് പ്രതിഭകളെ വളര്‍ത്തുന്നു, നമ്മള്‍ ഗാലറികളില്‍ കളി കാണുന്നു- അരുണ്‍ കുമാര്‍

0
207

തിരുവനന്തപുരം: ഖത്തര്‍ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലേയും നിര്‍മിതികളെ സംബന്ധിച്ച് കുറിപ്പുമായി മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാര്‍.

ഇന്ത്യയില്‍ പ്രതിമ നിര്‍മിച്ച് ഭക്തരെ വാര്‍ക്കുമ്പോള്‍ വിദേശികള്‍ സ്റ്റേഡിയങ്ങള്‍ നിര്‍മിച്ച് പ്രതിഭകളെ വളര്‍ത്തുകയാണെന്ന് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ എഴുതി.

ലോകം ഇന്ത്യയെ അടയാളപ്പെടുത്താത്ത ഒരു ലോകകപ്പ് കാലം കൂടി കഴിയുമ്പോള്‍ പുള്ളാവൂര്‍ പുഴയിലെ ഛായാപടങ്ങള്‍ മാത്രമാണ് നമ്മളെ അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറില്‍ എട്ട് ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാന്‍ ചെലവാക്കിയത് 650 കോടി യു.എസ് ഡോളര്‍.

ബ്രസീലില്‍ മാറക്കാന സ്റ്റേഡിയത്തിന് 2013ലെ കണക്കനുസരിച്ച് ചെലവായത് 114 കോടി യു.എസ് ഡോളര്‍.

2030ലെ ഫിഫ ലോകകപ്പ് ആതിഥേയത്വം സ്വപ്നം കാണുന്ന മൊറോക്കോ 93,000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മൂന്നാമത്തെ വലിപ്പമേറിയ കാസാ ബ്ലാങ്കാ സ്റ്റേഡിയത്തിന്റെ പണിപ്പുരയിലാണ്.

ഇങ്ങ് ഇന്ത്യയില്‍ 2930 കോടി ചെലവിട്ട് സര്‍ദാര്‍ പട്ടേല്‍ ഏകതാ പ്രതിമ. അയോധ്യയിലെ വരാന്‍ പോകുന്ന രാമ പ്രതിമയ്ക്ക് ചെലവിടുന്നത് 2500 കോടി,
ഹൈദരാബാദിലെ തുല്യത്യാ പ്രതിമയ്ക്ക് ചെലവ് 1000 കോടി.. അങ്ങനെയങ്ങനെ
നമ്മള്‍ പ്രതിമ നിര്‍മിച്ച് ഭക്തരെ വാര്‍ക്കുന്നു.

അവര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മിച്ച് പ്രതിഭകളെ വളര്‍ത്തുന്നു. ഫലമോ ഇന്ത്യയെക്കാള്‍ ജി.ഡി.പി റാങ്കിങ്ങില്‍ പിന്നിലുള്ള കഷ്ടി കേരളത്തിന്റെ ജനസംഖ്യ മാത്രമുള്ള മൊറോക്കോയടക്കമുള്ള രാജ്യങ്ങള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കളിക്കുന്നു.

നമ്മള്‍ ഗാലറികളില്‍ കളി കാണുന്നു. ലോകം ഇന്ത്യയെ അടയാളപ്പെടുത്താത്ത ഒരു ലോകകപ്പ് കാലം കൂടി കഴിയുന്നു. നമ്മള്‍ ഈ ഭൂപടത്തിലേ ഇല്ല, ആ പുള്ളാൃാവൂര്‍ പുഴ യിലെ ഛായാപടങ്ങള്‍ മാത്രം നമ്മളെ അടയാളപ്പെടുത്തുന്നു, അരുണ്‍ കുമാര്‍ എഴുതി.

LEAVE A REPLY

Please enter your comment!
Please enter your name here