കൊച്ചി: കൂത്താട്ടുകുളം കാർഷിക വിപണിയിലെ ലേലത്തിൽ താരമായി ചക്ക. റെക്കോർഡ് തുകയ്ക്കാണ് ചക്ക ലേലത്തിൽ പോയത്. 1010 രൂപയ്ക്ക് ചക്ക ലേലം കൊണ്ടതോടെ സംഭവം വാർത്തയായി. ഒരു കാലത്ത് വെറുതേ കളഞ്ഞിരുന്ന ചക്കയാണിപ്പോൾ ലേല വിപണികളിൽ താരമായത്. രണ്ട് ചക്കയാണ് ലേലത്തിൽ 1000 രൂപ എത്തിയത്. ഒരു ചക്ക 1010 രൂപയ്ക്കും മറ്റൊരു ചക്ക 1000 രൂപയ്ക്കും വിറ്റു. നാട്ടുകാര്‍ തന്നെയാണ് ഈ വിലയിൽ ചക്ക വാങ്ങുന്നത് എന്നതും കൗതുകം. ആവശ്യക്കാർ ഏറിയതോടെ ലേലം മുറുകി. ഒടുവിൽ കിഴക്കേക്കുറ്റ് വീട്ടിൽ ചാക്കോച്ചൻ 1010 രൂപയ്ക്ക് ചക്ക സ്വന്തമാക്കി. 1000 രൂപയ്ക്കും 500 രൂപയ്ക്കും ചക്ക ലേലത്തിൽ പോയി.
സാധാരണ സീസണിൽ 150-200 രൂപ നിലവാരത്തിൽ ലഭിയ്ക്കാറുള്ള ചക്കയ്ക്ക് ഇത്തവണ വിപണിയിൽ 300 മുതൽ 500 വരെയാണ് വില കർഷകർക്ക് ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂത്താട്ടുകുളം അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് പ്രൊസസിങ് സൊസൈറ്റി 2009 ലാണ് ലേല വിപണി ആരംഭിച്ചത്. എല്ലാ ചൊവ്വാഴ്ച്ചയുമാണ് കാർഷിക വിളകളുടെ ലേലം നടക്കുക. വളർത്തു മൃഗങ്ങൾ, പച്ചക്കറികൾ ഉൾപ്പെടെ എല്ലാം ഇവിടെ ലേലത്തിൽ വയ്ക്കാം.