കരുക്കള്‍ക്ക് ഒപ്പം ശിരോവസ്ത്രവും നീക്കി!, ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ച് ഇറാന്‍ ചെസ് താരം; സാറയുടെ നീക്കത്തില്‍ ഞെട്ടി മതഭരണകൂടം

0
275

റാനില്‍ മാസങ്ങളായി നടക്കുന്ന ഹിജാബ് പ്രക്ഷോഭത്തിന് പുതുമാനം നല്‍കി രാജ്യാന്തര ചെസ് താരം സാറ കദം. പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിജാബ് ധരിക്കാതെയാണ് സാറ കദം മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. കസഖ്സ്ഥാനില്‍ നടക്കുന്ന ഫിഡെ ലോക ചെസ് ചാംപ്യന്‍ഷിപ്പിലാണ് ശിരോവസ്ത്രം ഉപേക്ഷിച്ച് ഇവര്‍ മത്സരത്തിനെത്തിയത്. ഇവരുടെ ചിത്രങ്ങള്‍ ഇറാനിലെ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍, ഇതേകുറിച്ച് പ്രതികരിക്കാന്‍ സാറ തയാറായിട്ടില്ല. രാജ്യാന്തര തലത്തില്‍ 804 റാങ്ക് ഉള്ള മത്സരാര്‍ത്ഥിയാണ് സാറ കദം. സാറയുടെ നീക്കം പ്രക്ഷോഭത്തിന് പുതുമാനം നല്‍കുമെന്ന് ഭരണകൂടം ഭയന്നിട്ടുണ്ട്.

അതേസമയം, ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി (22) മരിച്ചതിനെ തുടര്‍ന്ന് വനിതകളുടെ നേതൃത്വത്തില്‍ തുടങ്ങിയ പ്രക്ഷോഭം 100 ദിവസം പിന്നിട്ടു. അതിനിടെ, രാജ്യാന്തര ഫുട്‌ബോള്‍ താരം അലി ദേയിയുടെ (53) ഭാര്യയും മകളും രാജ്യം വിടുന്നത് ഇറാന്‍ തടഞ്ഞു. പ്രക്ഷോഭത്തെ പിന്തുണച്ച വ്യക്തിയാണ് അലി ദേയി.

സമരത്തിന് അന്താരാഷ്ട്ര പിന്തുണ ലഭിച്ചതോടെ ഭരണകൂടം മതകാര്യ പൊലീസിനെ പിന്‍വലിച്ചിരുന്നു. പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മഹ്‌സ അമിനി എന്ന യുവതി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ഇറാനില്‍ സംഘര്‍ഷം രൂക്ഷമായത്.

രാജ്യത്തെ വിവിധ സര്‍വകലാല വിദ്യാര്‍ഥികളും സ്ത്രീകളുമാണ് ഹിജാബ് വിരുദ്ധസമരത്തിന് നേതൃത്വം നല്‍കി തെരുവില്‍ ഇറങ്ങിയത്. അമിനിയുടെ മരണം മര്‍ദനം മൂലമല്ലെന്നും നേരത്തെ ഉണ്ടായിരുന്ന രോഗങ്ങളെ തുടര്‍ന്നാണെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും സമരക്കാര്‍ പിന്മാറിയില്ല. ആദ്യം ഇറാനിലും പിന്നീട് രാജ്യമാകെയും പ്രതിഷേധങ്ങള്‍ അലയടിച്ച് ഉയര്‍ന്നു. ഇതോടെ വന്‍ അന്താരാഷ്ട്ര സമ്മര്‍ദം ഇറാന്റെ മേല്‍ ഉണ്ടായി. തുടര്‍ന്നാണ് മത പൊലീസിന് പിന്‍വലിക്കേണ്ടി വന്നിട്ടുള്ളത്.

മെഹ്‌സ അമീനിയുടെ മരണത്തിനു ശേഷം ഇറാനില്‍ മതകാര്യ പോലീസിന്റെ സാന്നിധ്യം ഏറെക്കുറെ ഇല്ലാതായിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് മതകാര്യ പോലീസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയത്. ഇറാനില്‍ 1979 മുതല്‍ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് കടുത്ത യാഥാസ്ഥിതിക നിയമങ്ങളാണ് ഇറാനില്‍ നിലനില്‍ക്കുന്നത്. 2006-ല്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദിനെജാദിന്റെ നേതൃത്വത്തിലാണ് രാജ്യത്ത് ‘അച്ചടക്കത്തിന്റെയും ഹിജാബിന്റെയും സംസ്‌കാരം ഉറപ്പുവരുത്തുന്നതിന്’ ഗാഷ്ദ് ഇ ഇര്‍ഷാദ് എന്ന പേരിലുള്ള മതകാര്യപോലീസിന് രൂപംനല്‍കിയത്. ഇതിനു ശേഷം സ്ത്രീകളുടെ വസ്ത്രധാരണം നിരീക്ഷിക്കുകയും നിയമലംഘനം ആരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഹിജാബ് വിരുദ്ധസമരത്തിന് നേരെ വെടിവെയ്പ്പ് നടത്തിയത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. പൊലീസ് കസ്റ്റഡിയില്‍ മരിച്ച മഹ്‌സ അമിനിയുടെ 40ാം ചരമദിനം ആചരിക്കാനെത്തിയവര്‍ക്കു നേരെയാണ് സുരക്ഷാ സേന വെടിയുതിര്‍ത്തത്. ഇതിനെതിരെ ഇറാനിലെ ഭൂരിപക്ഷം സ്ത്രീകളും മുടിമുറിച്ചും ശിരോവസ്ത്രം വലിച്ചെറിഞ്ഞും രംഗത്തിറങ്ങിയത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അവധി നല്‍കിയിരിക്കുകയായിരുന്നു. അമിനിയുടെ കസ്റ്റഡി മരണത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ 250ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 600ലേറെ ആളുകളെയാണ് ഭരണകൂടം അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here