ഐപിഎല്‍ താരലേലം: മലയാളി താരങ്ങളില്‍ രോഹന്‍ കുന്നുമ്മലും ഷോണ്‍ ജോര്‍ജും ശ്രദ്ധാകേന്ദ്രം

0
159

കൊച്ചി: ഐപിഎല്‍ മിനിതാരലേലം കൊച്ചിയില്‍ നടക്കാനിരിക്കെ പ്രതീക്ഷയോടെ മലയാളി താരങ്ങളും. പത്ത് താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത രോഹന്‍ കുന്നുമ്മല്‍ തന്നെയാണ് അതില്‍ പ്രധാനി. 20 ലക്ഷമാണ് താരത്തിന്റെ അടിസ്ഥാന വില. ലിസ്റ്റിലെ 33-ാം താരമാണ് രോഹന്‍. കോഴിക്കോട്ടുകാരന്റെ സമീപകാലത്തെ ഫോം നിരവധി ഫ്രാഞ്ചൈസികളുടെ ശ്രദ്ധയാകര്‍ഷിക്കുമെന്നുറപ്പ്.

ലിസ്റ്റില്‍ 54-ാം സ്ഥാനത്തുള്ള പേസര്‍ കെ എം ആസിഫിന് 30 ലക്ഷമാണ് അടിസ്ഥാന വില. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ആസിഫ്. കഴിഞ്ഞ തവണ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമുണ്ടായിരുന്ന മുഹമ്മദ് അസറുദ്ദീനും 20 ലക്ഷമാണ് അടിസ്ഥാന വില. സ്പിന്നറായ എസ് മിഥുന് 20 ലക്ഷം അടിസ്ഥാന വിലയുണ്ട്. സീനിയര്‍ താരം സച്ചിന്‍ ബേബിയും പട്ടികയലുണ്ട്. 20 ലക്ഷം അടിസ്ഥാനവിലയുള്ള സച്ചിന്‍ രാജസ്ഥാന്‍ റോയല്‍സ്, ആര്‍ബിസി, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കായി കളിച്ചിട്ടുണ്ട്.

യുവതാരം ഷോണ്‍ റോജറാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. 20 ലക്ഷമാണ് താരത്തിന്റെ അടിസ്ഥാനവില. വിഷ്ണു വിനോദിനും 20 ലക്ഷമാണ് അടിസ്ഥാന വില. ഡല്‍ഹി കാപ്പിറ്റല്‍സ്, ഹൈദരാബാദ്, ആര്‍സിബി എന്നിവര്‍ക്കായി കളിച്ചുള്ള പരിചയമുണ്ട് വിഷ്ണുവിന്. ബേസില്‍ തമ്പിയും ഇത്തവണയെത്തും. 20 ലക്ഷമാണ് അടിസ്ഥാനവില. മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ്, ഗുജറാത്ത് ലയണ്‍സ് എന്നിവര്‍ക്ക് വേണ്ടി കളിച്ചിരുന്നു. ലിസ്റ്റില്‍ 267ആമതായി ലേലത്തിനെത്തുക വൈശാഖ് ചന്ദ്രന്‍. ഓള്‍റൗണ്ടറുടെ അടിസ്ഥാന വില 20 ലക്ഷമാണ്. അബ്ദുള്‍ ബാസിത്തിനും 20 ലക്ഷം അടിസ്ഥാന വിലയുണ്ട്.

ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ലേലത്തിന് തുടക്കമാവുക. ആകെ 405 താരങ്ങള്‍ ലേലത്തിനുണ്ട്. ഇതില്‍ പത്ത് ടീമുകള്‍ക്ക് വേണ്ടത് 87 പേരെ. ഇംഗ്ലണ്ട് താരങ്ങളായ ബെന്‍ സ്റ്റോക്‌സ്, സാം കറന്‍, ഹാരി ബ്രൂക്ക്, ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീന്‍, ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ എന്നിവരാണ് ലേലത്തിലെ ശ്രദ്ധാകേന്ദ്രങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here