ഇന്ത്യയുടെ 2024 ടി20 ലോകകപ്പ് മിഷന്‍ 2023 ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയോടെ ആരംഭിക്കും. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, മുന്‍ നായകന്‍ വിരാട് കോഹ്ലി ഇനി ഇന്ത്യയുടെ ടി20 പ്ലാനുകളുടെ ഭാഗമാകില്ല എന്നതാണ് വലിയ വാര്‍ത്ത. ടി20 ടീമിന്റെ നായകസ്ഥാനം ഹാര്‍ദിക് പാണ്ഡ്യയെ ഏല്‍പ്പിക്കും.
രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, മുഹമ്മദ് ഷമി, ആര്‍.അശ്വിന്‍, ദിനേഷ് കാര്‍ത്തിക് എന്നിവരെ ഇന്ത്യന്‍ ടി20 ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് ബിസിസിഐ അനൗപചാരിക ചാറ്റില്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ഡിസംബറില്‍ പുതിയ സെലക്ഷന്‍ കമ്മിറ്റിയെ നിയമിക്കും. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച എല്ലാ ഔപചാരിക തീരുമാനങ്ങളും അവര്‍ തന്നെയായിരിക്കും എടുക്കുക. രോഹിത്, വിരാട് എന്നിവരുമായി സംസാരിച്ചുവെന്നും അവര്‍ക്കും ബിസിസിഐയുടെ തീരുമാനത്തോട് യോജിപ്പാണെന്നും ഒരു ബിസിസിഐ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ മൂന്ന് വീതം ഏകദിന, ടി20 പരമ്പരകളാണ് കളിക്കുന്നത്. ടി20 ടീമില്‍ ഇടംപിടിക്കുന്ന താരങ്ങളെ ഏകദിന സീരീസിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തില്ല. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ വിവാഹിതനാകാന്‍ പോകുന്നതിനാല്‍ പരമ്പര നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്.