ഉത്തർപ്രദേശിൽ പെൺകുട്ടികൾ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് സ്വന്തം വീടുകളിലേക്ക് ഓടിപ്പോകുന്നു; കാരണക്കാരൻ ഈച്ച

0
235

ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലെ ഗ്രാമങ്ങൾ ആർക്കും പരിഹാരം കണ്ടെത്താനാകാത്ത ഒരു പ്രശ്നത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഈ ഗ്രാമത്തിലേക്ക് കല്യാണം കഴിച്ചു വന്ന യുവതികൾ ആരും ഭർത്താക്കന്മാർക്കൊപ്പം അവരുടെ വീടുകളിൽ കഴിയാൻ തയ്യാറാകുന്നില്ല. എല്ലാവരും സ്വന്തം വീടുകളിലേക്ക് ഓടിപ്പോവുകയാണ്. ഭർത്താക്കന്മാരുടെ പീഡനമോ അമ്മായിയമ്മയുടെ പീഡനമോ കുടുംബ തർക്കമോ ഒന്നുമല്ല ഇതിന് കാരണം, നിസ്സാരം എന്ന് നമ്മൾ കരുതുന്ന ഈച്ചകൾ ആണ് ഇവിടെ വില്ലന്മാരായി എത്തിയിരിക്കുന്നത്.

ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് ഈച്ചകൾ കൂട്ടമായി എത്തിയാണ് ഇവിടുത്തെ ഗ്രാമങ്ങളിൽ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. കല്യാണം കഴിച്ചു വന്ന യുവതികളെല്ലാം ഇവിടെ നിന്ന് ഓടിപ്പോകുന്നു എന്നത് മാത്രമല്ല ഇവിടേക്ക് കല്യാണം കഴിച്ചു വരാൻ ഒരു യുവതികളും തയ്യാറാകുന്നില്ല എന്നതും ഈ ഗ്രാമങ്ങളെ ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ്. ഉത്തർപ്രദേശിലെ  ബദായാൻ പുർവ, കുയാൻ, പട്ടി, ദഹീ, സേലംപൂർ, ഫത്തേപൂർ, ഝൽ പൂർവ, നയാ ഗാവ്, ദിയോറിയ, ഏക്ഘര എന്നീ ഗ്രാമങ്ങളിലാണ് ഈച്ചകൾ നിറഞ്ഞിരിക്കുന്നത്. ആയിരക്കണക്കിന് ഈച്ചകളാണ് ഈ ഗ്രാമങ്ങളിൽ വന്നു കൂടിയിരിക്കുന്നത്.

ഈച്ചകളുടെ ശല്യം ഒന്നുകൊണ്ടുമാത്രം ഈ ഗ്രാമങ്ങളിൽ നിന്ന് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആറു പെൺകുട്ടികളാണ് ഭർത്താക്കന്മാരെ ഉപേക്ഷിച്ച് സ്വന്തം വീടുകളിലേക്ക് മടങ്ങിയത്. ഈച്ചകളുടെ ശല്യം നാൾക്ക് നാൾ കൂടി വന്നതോടെ ഇപ്പോൾ പെൺകുട്ടികൾ ആരും ഈ ഗ്രാമങ്ങളിലേക്ക് വിവാഹം കഴിച്ചു വരാൻ തയ്യാറാകുന്നില്ല. വിവാഹപ്രായമായിട്ടും വിവാഹം കഴിക്കാൻ സാധിക്കാതെ നിരവധി പുരുഷന്മാരാണ് അവിവാഹിതരായി ഈ ഗ്രാമങ്ങളിൽ കഴിയുന്നത്.

2014 -ൽ പ്രദേശത്ത് ഒരു കോഴി ഫാം ആരംഭിച്ചതോടെയാണ് ഈച്ച ശല്യം ആരംഭിച്ചത്. ഇത് ഈച്ചകളുടെ കൂട്ടത്തെ ആകർഷിച്ചു, ബദായാൻ പൂർവ ഗ്രാമത്തിലാണ് ഏറ്റവും കൂടുതൽ ഈച്ചകൾ വന്നുകൂടിയിരിക്കുന്നത്.  അനിയന്ത്രിതമായ ഈച്ച ശല്യത്തിനെതിരെ ഗ്രാമവാസികൾ ഇപ്പോൾ ധർണ നടത്തി പ്രതിഷേധിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here