ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ

0
209

അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വസതിയില്‍ സന്ദര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. പുതുവര്‍ഷത്തലേന്ന് അമിത് ഷായുടെ ക്ഷണം സ്വീകരിച്ചാണ് ഹാര്‍ദ്ദിക് അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയത്. ശ്രീലങ്കക്കെതിരായ ടി20 പരമ്പര ജനുവരി മൂന്നിന് തുടങ്ങാനിരിക്കെയാണ് ടി20 ടീമിന്‍റെ താല്‍ക്കാലിക നായകനായ ഹാര്‍ദ്ദിക്കിനെ അമിത് ഷാ വീട്ടിലേക്ക് ക്ഷണിച്ചത്.

സഹോദരനും മുന്‍ ഇന്ത്യന്‍ താരവുമായ ക്രുനാല്‍ പാണ്ഡ്യയും ഹാര്‍ദ്ദിക്കിനൊപ്പം ഉണ്ടായിരുന്നു. അമിത് ഷായെ സന്ദര്‍ശിച്ച ചിത്രങ്ങള്‍ ഹാര്‍ദ്ദിക് തന്നെയാണ് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. വീട്ടിലേക്ക് ക്ഷണിച്ചതിനും കൂടിക്കാഴ്ചക്ക് സമയം നല്‍കിയതിനും അമിത് ഷായോട് ഹാര്‍ദ്ദിക് നന്ദി പറഞ്ഞു.

 

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരക്കിടെ വിരലിന് പരിക്കേറ്റ രോഹിത് ശര്‍മ വിശ്രമത്തിലായതിനാല്‍ മൂന്നിന് ശ്രീലങ്കക്കെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയില്‍ ഹാര്‍ദ്ദിക് ആണ് ഇന്ത്യയെ നയിക്കുന്നത്. സീനിയര്‍ താരങ്ങളായ വിരാട് കോലി, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, ശിഖര്‍ ധവാന്‍ എന്നിവരെയൊന്നും സെലക്ടര്‍മാര്‍ ടി20 ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

ടി20 ലോകകപ്പ് സെമിയില്‍ തോറ്റ് പുറത്തായതോടെ കോലിയും രോഹിത്തും അടക്കമുള്ളവരെ ഇനി ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്ന് സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടി20 ടീമിന്‍റെ നായകനായി ഹാര്‍ദ്ദിക്കിനെ വൈകാതെ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണില്‍ തന്നെ ചാമ്പ്യന്‍മാരാക്കിയാണ് ഹാര്‍ദ്ദിക് തന്‍റെ നായകമികവ് പുറത്തെടുത്തത്.

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. മൂന്ന് ടി20 മത്സരങ്ങള്‍ക്ക് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഇന്ത്യ കളിക്കും.ഏകദിന ടീമില്‍ സഞ്ജുവിന് ഇടമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here