‘വോട്ടിംഗ് മെഷീനില്‍ കൃത്രിമം’; ഗുജറാത്തില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

0
183

അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിധാം മണ്ഡലത്തിൽ പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥി ആത്മഹത്യ ഭീഷണി മുഴക്കി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ (ഇവിഎം) കൃത്രിമം നടന്നു എന്നാരോപിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഭാരത് സോളങ്കിയാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. കഴുത്തിൽ കുരുക്കിട്ട് തൂങ്ങാൻ ശ്രമിച്ച സോളങ്കിയെ പ്രവർത്തകർ ഇടപെട്ട് പിന്തിരിപ്പിച്ചു.

താമരത്തരംഗം ആഞ്ഞടിച്ച ഗുജറാത്തിൽ ചരിത്രത്തിലെ മികച്ച പ്രകടനവുമായി ബിജെപി തുടർച്ചയായ ഏഴാം തവണയും അധികാരമുറപ്പിച്ചു. പോൾ ചെയ്ത വോട്ടിന്റെ 53 ശതമാനവും കയ്യടക്കിയ ബിജെപി 182 സീറ്റിൽ 152 ലും വ്യക്തമായ ലീഡ് നേടി.  13 ശതമാനം വോട്ടും 6  സീറ്റുകളുമായി  ആം ആദ്മി പാർട്ടി സാന്നിധ്യമറിയിച്ച ഗുജറാത്തിൽ കോൺഗ്രസ് തകർന്നു തരിപ്പണമായി. വോട്ട് ശതമാനത്തിലും സീറ്റെണ്ണത്തിലും തകർന്നടിഞ്ഞ കോൺഗ്രസ് 20  സീറ്റിൽ ഒതുങ്ങി.

അതേസമയം, ഇഞ്ചോടിഞ്ച്‌ പോരാട്ടം നടന്ന ഹിമാചലിൽ ഇപ്പോഴത്തെ ലീഡ് നിലയിൽ കോൺഗ്രസ് മുന്നിലാണ്. 38 സീറ്റിൽ കോൺഗ്രസും 27 സീറ്റിൽ ബിജെപിയും ലീഡ് ചെയ്യുന്ന ഹിമാചലിൽ പല  മണ്ഡലങ്ങളിലും കോൺഗ്രസിന്റെ ലീഡ് നില അഞ്ഞൂറ് വോട്ടിൽ താഴെയാണ്. മൂന്നിടത്ത് വിമത സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നതിനാൽ അവരുടെ നിലപാടും നിർണായകമാകും. ഹിമാചലിൽ സർക്കാർ ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷ കോൺഗ്രസ് പ്രകടിപ്പിച്ചു.

ഗുജറാത്തിലെ ഗാന്ധിനഗർ സൗത്തിൽ ബിജെപിയുടെ അൽപേഷ് താക്കൂർ മുന്നിലാണ്. കോൺഗ്രസിലെ ഹിമാൻഷ് പട്ടേലാണ് പിറകിൽ. വീരംഗം മണ്ഡലത്തിൽ ഹാർദിക് പട്ടേലും ജാംനഗർ റൂറലിൽ ഹാൻസ് രാജ് പട്ടേലും മുന്നിലാണ്. വാദ്ഗാം മണ്ഡലത്തിൽ വീണ്ടും മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി ജിഗ്നേഷ് മേവാനി നിലവിൽ പിറകിലാണ്. മുഖ്യമന്ത്രി ബൂഭേന്ദ്ര പട്ടേൽ ഗാട്ലോഡിയ മണ്ഡലത്തിൽ വിജയം ഉറപ്പിച്ച് കഴിഞ്ഞു.  ജാം നഗർ നോർത്തിൽ ആദ്യം പിറകിൽ പോയ ബിജെപി സ്ഥാനാർത്ഥി റിവാബ ജഡേജ ലീഡ് തിരിച്ചു പിടിച്ചു. പോർബന്ധറിൽ കോൺഗ്രസിലെ പ്രമുഖ നേതാവ് അർജുൻ മോദ്വാദിയ മികച്ച ലീഡോഡെ മുന്നിട്ട് നിൽക്കുന്നു.

കോൺഗ്രസിന്റെ ജീവൻ ഭായി അഹിർ ജാം നഗർ മണ്ഡലത്തിൽ പിറകിൽ. തൂക്കുപാല അപകടം ഉണ്ടായ മോർബിയിൽ ബിജെപി സ്ഥാനാർത്ഥി കാന്തിലാൽ അമൃതിയയാണ് മുന്നിട്ട് നിൽക്കുന്നത്. വഗോദിയ മണ്ഡലത്തിൽ ബിജെപി വിമതൻ ദർമേന്ദ്ര സിംഗ് വഗേലയാണ് മുന്നിൽ. ഹിമാചലിലെ ഫത്തേപൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഭവാനി സിംഗും  സിംല റൂറലിൽ വിക്രമാദിത്യ സിംഗു മുന്നിലാണ്. സേരജ് മണ്ഡലത്തിൽ നിലവിലെ മുഖ്യമന്ത്രി ജയ് റാം താക്കൂർ ഏറെ വോട്ടുകൾക്ക് മുന്നിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here