കർണാടകയിലും പച്ച പെയിന്റ് വിവാദം; റെയിൽവേ സ്റ്റേഷന്റെ നിറം മാറ്റിയില്ലെങ്കിൽ കാവി പൂശുമെന്ന് പ്രതിഷേധക്കാർ

0
209

ബെം​ഗളൂരു: കർണാടകയിലെ കലബുറഗി റെയിൽവേ സ്‌റ്റേഷനിൽ പച്ച പെയിന്റടിച്ചത് വിവാദമായി. ഹിന്ദുത്വ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് പച്ച പെയിന്റ് മാറ്റുമെന്ന് റെയിൽവേ അറിയിച്ചു. മുസ്ലീം പള്ളിയുടെ നിറമാണ് റെയിൽ സ്റ്റേഷൻ കെട്ടിടം പെയിന്റ് ചെയ്യാൻ ഉപയോ​ഗിച്ചതെന്നും മാറ്റിയില്ലെങ്കിൽ കാവി പെയിന്റടിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. തുടർന്ന് റെയിൽവേ സ്റ്റേഷനു മുന്നിൽ കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചു. 15 ദിവസത്തിനകം പെയിന്റ് മാറ്റണമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തെ തുടർന്ന് ഭിത്തിയിൽ വെള്ള പെയിന്റടിക്കാൻ തീരുമാനിച്ചെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

പച്ച നിറം നീക്കിയില്ലെങ്കിൽ ചുവരിൽ കാവി പെയിന്റ് ചെയ്യുമെന്നാണ് ഹിന്ദു ജാഗ്രത സേന റെയിൽവേയെ അറിയിച്ചത്. ശ്രീരാമസേനയുടെ വർക്കിംഗ് പ്രസിഡന്റ് സിദ്ധലിംഗ സ്വാമിജിയും പെയിന്റ് മാറ്റണമെന്ന മുന്നറിയിപ്പുമായി രം​ഗത്തെത്തി.  സംഭവം വിവാദമായതിന് പിന്നാലെ മുംബൈയിലെ സെൻട്രൽ റെയിൽവേ ജനറൽ മാനേജർ അനിൽകുമാർ ലഹോട്ടി ബുധനാഴ്ച കലബുറഗി റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുമെന്നറിയിച്ചിരുന്നു.

മൈസൂരിലെ ബസ് സ്റ്റോപ്പിലെ വെയിറ്റിം​ഗ് ഷെഡ്ഡിന് മേലെ സ്ഥാപിച്ചിരുന്ന താഴികക്കുടവും വിവാദത്തിലായിരുന്നു. ബസ് സ്റ്റാൻഡിലെ പ്രധാന താഴികക്കുടത്തിന് അരികിലുള്ള രണ്ട് താഴികക്കുടങ്ങൾ മുസ്ലീം പള്ളിയുടേത് പോലെയാണെന്ന് ബിജെപി എംപി പ്രതാപ് സിംഹ ആരോപിച്ചതിനെ തുടര്‍ന്ന് പൊളിച്ചുനീക്കി. വിഷയത്തിൽ വിശദീകരണം നൽകാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിരുന്നു.

ബസ് സ്റ്റോപ്പ് വിവാദമാകേണ്ട കാര്യമില്ലായിരുന്നു. ഞാൻ മൈസൂരുവിലുടനീളം 12 ബസ് സ്റ്റോപ്പുകൾ കൊട്ടാര മാതൃകയിൽ നിർമ്മിച്ചു. എന്നാൽ അതിന് വർഗീയ നിറം നൽകി, അത് എന്നെ വേദനിപ്പിച്ചു. മുതിർന്നവരുടെ അഭിപ്രായം സ്വീകരിച്ച ശേഷം, ഞാൻ രണ്ട് ചെറിയ താഴികക്കുടങ്ങൾ പൊളിച്ച് വലിയ താഴികക്കുടം നിലനിർത്തി. ജനങ്ങൾ അത് വേറൊരു രീതിയിൽ കാണരുത്. വികസന താൽപര്യം മുൻനിർത്തിയാണ് ഞാനാ തീരുമാനമെടുത്തതെന്നായിരുന്നു കോൺട്രാക്ടർ രാം ദാസിന്‍റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here