‘മുസ്ലിം സ്ത്രീകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് മതത്തെ ദുർബലപ്പെടുത്തും’; പരാമർശവുമായി അഹമ്മദാബാദ് ഇമാം

0
218

അഹമ്മദാബാദ്: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ത്രീകൾക്ക് ടിക്കറ്റ് നൽകുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നും  മതത്തെ ദുർബലപ്പെടുത്തുന്നതാണെന്നും അഹമ്മദാബാദ് ജുമാ മസ്ജിദ് ഇമാം ഷബീർ അഹമ്മദ് സിദ്ദിഖി പറഞ്ഞു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകായിരുന്നു ഇമാം. സ്ത്രീകൾക്ക് ഒരു പ്രത്യേക സ്ഥാനമുള്ളതിനാൽ പള്ളിയിൽ നമസ്‌കരിക്കാൻ അനുവാദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരൊറ്റ സ്ത്രീ പോലും പള്ളിയിൽ നമസ്‌കരിക്കുന്നത് നിങ്ങൾ കാണുന്നുണ്ടോ? ഇസ്‌ലാമിൽ നമസ്‌കാരത്തിന് വലിയ പ്രാധാന്യമുണ്ട്. സ്ത്രീകൾ മുന്നിൽ വരുന്നത് ഇസ്‌ലാമിൽ അനുവദനീയമായിരുന്നെങ്കിൽ അവരെ പള്ളിയിൽ പ്രവേശിക്കുന്നത് തടയില്ലായിരുന്നു. സ്ത്രീകൾക്ക് ഇസ്‌ലാമിൽ ഒരു പ്രത്യേക പദവി ഉള്ളതിനാലാണ് പള്ളികൾ സന്ദർശിക്കുന്നതിൽ നിന്ന് അവരെ തടയുന്നത്. ഏത് പാർട്ടിയായാലും മുസ്ലിം സ്ത്രീകൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകിയാലും ഇസ്ലാമിക വിരുദ്ധരാണ്. പുരുഷന്മാരെ ലഭിക്കാത്തതുകൊണ്ടാണോ നിങ്ങൾ സ്ത്രീകൾക്ക് സീറ്റ് കൊടുക്കുന്നത്.  സ്ത്രീകളാണ് മത്സരിക്കുന്നതെങ്കിൽ അത് മതത്തെ ദുർബലപ്പെടുത്തുമെന്നും ഇമാം പറഞ്ഞു.

ഗുജറാത്തിലെ 14 സെൻട്രൽ, വടക്കൻ ജില്ലകളിലെ 182 നിയമസഭാ സീറ്റുകളിൽ 93 എണ്ണത്തിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സൗരാഷ്ട്ര, കച്ച്, ദക്ഷിണ ഗുജറാത്ത് മേഖലകളിലെ 89 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ ഒന്നിന് നടന്നിരുന്നു. ആദ്യഘട്ടത്തിൽ ശരാശരി 63.31 ശതമാനം പോളിങ് രേഖപ്പെടുത്തി. ഡിസംബർ എട്ടിന് വോട്ടെണ്ണൽ നടക്കും.

മുസ്ലീങ്ങളെപ്പോലെ ഹിന്ദുക്കളും ചെറുപ്പത്തിലേ വിവാഹം കഴിക്കണമെന്നും കൂടുതൽ കുട്ടികളുണ്ടാകണമെന്നും പറഞ്ഞ അസം എംപി മൗലാന ബദറുദ്ദീൻ അജ്മൽ കഴിഞ്ഞ ദിവസം വിവാദത്തിലകപ്പെട്ടിരുന്നു. ‘മുസ്ലിം ആൺകുട്ടികൾ 22 വയസ്സിലും പെൺകുട്ടികൾ 18 വയസ്സിലും വിവാഹിതരാകുന്നു. ഹിന്ദുക്കൾ 40 വയസ്സ് വരെ ഒന്നു മുതൽ മൂന്ന് വരെ ഭാര്യമാരെ അനധികൃത പാർപ്പിക്കുന്നു. അവർ കുഞ്ഞുങ്ങളെ ജനിക്കാൻ അനുവദിക്കുന്നില്ല. അവർ പണം ലാഭിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു’- എംപി വാർത്താ ചാനലിനോട് പറഞ്ഞു. എംപിയുടെ പരാമർശം വിവാദമായതിനെ തുടർന്ന് പൊലീസ് കേസെടുത്തു. ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) നേതാവാണ് ബദറുദ്ദീൻ അജ്മൽ.

കേരളത്തിലും മതനേതാക്കൾ വിവാദ പരാമർശം നടത്തി. അമിതമായ ഫുട്ബോൾ ആവേശം മതവിരുദ്ധമാണെന്നായിരുന്നു സമസ്ത വിഭാ​ഗത്തിന്റെ നിലപാട്. ഇതിനെതിരെ വ്യാപക വിമർശനയമുയർന്നു. തൊട്ടുപിന്നാലെ കുടുംബശ്രീയുടെ പ്രതിജ്ഞയെച്ചൊല്ലിയും വിവാദമുണ്ടായി. കുടുംബസ്വത്തിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശമെന്ന ഭാ​ഗമാണ് മതനേതാക്കളെ ചൊടിപ്പിച്ചത്. കുടുംബശ്രീ പ്രതിജ്ഞ ശരീഅത്ത് വിരുദ്ധമാണെന്നും പിൻവലിക്കണമെന്നും ആവശ്യമുയർന്നു. എന്നാൽ, പിൻവലിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here