ബിരിയാണിയില്‍ കളര്‍ ചേര്‍ത്താല്‍ 6 മാസം തടവും 5 ലക്ഷം രൂപ ഫൈനും

0
214

കൊച്ചി: ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ കൃത്രിമ കളര്‍ ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കേരള ഭക്ഷ്യ സുരക്ഷാ വിഭാഗം. ബിരിയാണിയില്‍ കൃത്രിമ കളര്‍ ചേര്‍ക്കുന്നത് 6 മാസം തടവ് ശിക്ഷയും 5 ലക്ഷം രൂപ വരെ ഫൈനും ലഭിക്കാവുന്ന കുറ്റമാണെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.

ഇത്തരത്തില്‍ ഭക്ഷണത്തില്‍ കൃത്രിമ കളര്‍ ചേര്‍ക്കുന്നത് സംബന്ധിച്ച പരാതികള്‍ 1800 425 1125 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കാം. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വിഭാഗം ആവര്‍ത്തിക്കുന്നതിനൊപ്പമാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷന്റെയും മുന്നറിപ്പ്.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷന്‍ ഷവര്‍മ്മ എന്ന പേരില്‍ 5605 കടകളില്‍ പരിശോധന നടത്തിയിട്ടുണ്ട്. തുടര്‍ന്ന് 955 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയെന്നും 162 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തുവെന്നും മന്ത്രിസഭയില്‍ അറിയിച്ചിരുന്നു.

ഓപ്പറേഷന്‍ ഓയില്‍ എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ വെളിച്ചെണ്ണയില്‍ മായം കലര്‍ത്തിയ 41 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 201 കടകളില്‍ പരിശോധന നടത്തി. ചെക്ക് പോസ്റ്റുകളില്‍ പരിശോധന വ്യാപകമാക്കിയിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചിരുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ സംസ്ഥാനത്തെ 14 ജില്ലകളിലും മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്.

പഴകിയ മത്സ്യത്തിന്റെ വില്‍പന തടയുന്നതിനായി ഇതുവരെ 7516 പരിശോധനകള്‍ നടത്തി. പരിശോധനയില്‍ 29,000ലേറെ പഴകിയ മത്സ്യം പിടികൂടി. ഇനിയും പരിശോധന തുടരുമെന്നും വീണാ ജോര്‍ജ് അറിയിച്ചു. 2021 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഒക്ടോബര്‍ വരെ 75230 പരിശോധനകളാണ് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നടത്തിയത്.

ഈ പരിശോധനയില്‍ 11407 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 583 സാമ്പിളുകള്‍ അണ്‍ സേഫായി കണ്ടെത്തി. 307 സാമ്പിളുകള്‍ മിസ് ബ്രാന്‍ഡ് ആയിരുന്നു. 237 സാമ്പിളുകള്‍ സബ് സ്റ്റാന്‍ഡേര്‍ഡായും കണ്ടെത്തിയെന്ന് മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here