ആള് നമ്മുടെ പടത്തിക്കോര; ഒരു മീന് കിട്ടിയത് 2.34 ലക്ഷം, വലയിലായത് മംഗളൂരു മല്‍പെ തുറമുഖത്ത്

0
368

മംഗളൂരു: വലനിറയെ മീനൊന്നും വേണ്ട ലക്ഷാധിപതിയാകാന്‍. ഒരൊറ്റ മീന്‍ വലയില്‍ കുടുങ്ങിയാല്‍ മതി. കടല്‍പൊന്നെന്നറിപ്പെടുന്ന അത്യപൂര്‍വ ഗോല്‍മീന്‍ വലയില്‍ കുടുങ്ങിയ സന്തോഷത്തിലാണ് മല്‍പെ തുറമുഖത്തെ മീന്‍പിടിത്ത തൊഴിലാളികള്‍. തിങ്കളാഴ്ച ഇവിടെനിന്ന് ബോട്ടില്‍ മീന്‍പിടിക്കാന്‍ പോയ തൊഴിലാളികള്‍ക്കാണ് ഗോല്‍മീന്‍ (ബ്‌ളാക്ക് സ്‌പോട്ടഡ് ക്രോക്കര്‍) ലഭിച്ചത്. 20 കിലോയുള്ള മീന്‍ 2,34,080 രൂപയ്ക്കാണ് ലേലത്തില്‍ പോയത്.

പ്രോട്ടോണിബിയ ഡയകാന്തസ് എന്നാണ് ഗോല്‍മീനിന്റെ ശാസ്ത്രനാമം. കേരളത്തില്‍ പടത്തിക്കോരയെന്നാണ് ഇതിനെ വിളിക്കുന്നത്. മത്സ്യത്തിനുള്ളില്‍ കാണപ്പെടുന്ന ‘സ്വിം ബ്ലാഡറാ’ണ് ഈ ഉയര്‍ന്ന വിലയ്ക്ക് പിന്നില്‍. ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ വലുതും പ്രധാനപ്പെട്ടതുമായ ശസ്ത്രക്രിയകള്‍ക്കാവശ്യമായ നൂല് നിര്‍മാണത്തിന് ഈ ബ്ലാഡറാണ് ഉപയോഗിക്കുന്നത്. അയഡിന്‍, ഒമേഗ-3 ഫാറ്റി ആസിഡ്, അയണ്‍, മഗ്‌നീഷ്യം, ഫ്‌ളൂറൈഡ്, സെലിനിയം തുടങ്ങി നിരവധി പോഷകഘടകങ്ങളുടെ കലവറയാണ് ഗോല്‍മീന്‍. ഒട്ടേറെ ഔഷധഗുണങ്ങളുണ്ടെന്ന് പറയപ്പെടുന്ന ഗോല്‍മീനിന് വിദേശ വിപണിയില്‍ വന്‍ വിലയാണ്. സൗന്ദര്യവര്‍ധകവസ്തുക്കള്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്നു.

ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളിലെ ആഴക്കടലുകളിലാണ് സാധാരണ ഈ മീന്‍ കാണപ്പെടുന്നത്. വളര്‍ച്ച പൂര്‍ത്തിയായാല്‍ 30 കിലോവരെ തൂക്കം വരുന്ന ഗോല്‍മീനിന് അന്താരാഷ്ട്ര വിപണിയില്‍ അഞ്ചുലക്ഷം രൂപവരെ വിലയുണ്ട്. കഴിഞ്ഞവര്‍ഷം മഹാരാഷ്ട്ര തീരക്കടലില്‍നിന്ന് 157 ഗോല്‍മീനുകളെ പിടിച്ച മീന്‍പിടിത്തക്കാരന്‍ ചന്ദ്രകാന്ത് താരെ 1.33 കോടി രൂപയ്ക്കാണ് ആ മീനുകള്‍ ലേലത്തില്‍ വിറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here