ആദ്യം ആര് ഫോട്ടോ എടുക്കും? വിവാഹത്തിന് വധുവിന്റെയും വരന്റെയും വീട്ടുകാർ തമ്മിൽ കൂട്ടത്തല്ല്

0
221

ഇന്ത്യൻ വിവാഹങ്ങളിൽ പലപ്പോഴും അനേകം അതിഥികൾ പങ്കെടുക്കാറുണ്ട്. ചിലപ്പോഴൊക്കെ ചില വഴക്കുകളും ഉണ്ടാകാറുണ്ട്. ചിലതെല്ലാം കയ്യാങ്കളി വരെ എത്താറുമുണ്ട്. ഇന്ന് മൊബൈൽ ഫോണും ക്യാമറകളും സാമൂഹിക മാധ്യമങ്ങളും ഒക്കെ സജീവമായൊരു കാലത്ത് അങ്ങനെ ഒരു സംഭവം ഉണ്ടായാൽ അത് പ്രചരിക്കാൻ അധികം സമയമൊന്നും വേണ്ട. ഇവിടെയും അതുപോലെ ഒരു വിവാഹത്തിന് കൂട്ടത്തല്ല് തന്നെ നടന്നു.

എന്നാൽ, തല്ല് നടക്കാനുണ്ടായ കാരണമാണ് അതിലും വിചിത്രം. ആദ്യം ആര് ഫോട്ടോ പകർത്തും എന്നതായിരുന്നു തർക്കത്തിനുള്ള കാരണം. പെണ്ണിന്റെ വീട്ടുകാർ ആദ്യം വിവാഹത്തിന്റെ ചിത്രം പകർത്തുമോ അതോ ചെറുക്കന്റെ വീട്ടുകാർ പകർത്തുമോ എന്നതായിരുന്നു തർക്കത്തിൽ കലാശിച്ചത്. യുപിയിലെ ദേവരിയ ജില്ലയിലാണ് സംഭവം നടന്നത്.

ഡിസംബർ എട്ടിനായിരുന്നു വിവാഹം. വരമാല ചടങ്ങ് കഴിഞ്ഞയുടനെ തന്നെ വരന്റെയും വധുവിന്റെയും വീട്ടുകാർ ആര് ആദ്യം ഫോട്ടോ പകർത്തും എന്നതിനെ ചൊല്ലി ചർച്ച തുടങ്ങി. ഇത് അധികം വൈകാതെ ചൂടുപിടിച്ചു, പിന്നാലെ വഴക്കിലും കയ്യാങ്കളിയിലും എത്തിച്ചേരുകയായിരുന്നു.

വിവാഹ ഘോഷയാത്ര രാംപൂർ കാർഖാന ധൂസിൽ നിന്ന് മാധവ്പൂർ ഗ്രാമത്തിലേക്ക് ആയിരുന്നു. എന്നാൽ, അപ്പോഴൊന്നും കുഴപ്പമില്ലായിരുന്നു. മാത്രമല്ല, എല്ലാവരും വിവാഹത്തിന്റെ ആവേശത്തിലും ആയിരുന്നു. എന്നാൽ, ചടങ്ങുകൾ ആരംഭിച്ച് കഴിഞ്ഞപ്പോഴാണ് തീരെ പ്രതീക്ഷിക്കാത്ത ഈ ട്വിസ്റ്റ് ഉണ്ടായത്. വരന്റെ ഭാ​ഗത്ത് നിന്നുമുള്ള ചില ആളുകളാണ് ഞങ്ങൾ ആദ്യം ഫോട്ടോ എടുക്കും എന്നും പറഞ്ഞ് തർക്കം തുടങ്ങിയത്. അതിൽ പലരും മദ്യപിച്ചിട്ടുണ്ടായിരുന്നു. ഏതായാലും കയ്യാങ്കളിയിൽ വരന്റെ അമ്മാവനും സഹോദരിക്കും പരിക്കേറ്റു.

ഏതായാലും അധികം വൈകാതെ രാംപൂർ കർഖാന പൊലീസ് സ്ഥലത്തെത്തി. രം​ഗം ശാന്തമാക്കി. അപ്പോഴേക്കും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വരനാണെങ്കിൽ ഇതിലെല്ലാം മനം മടുത്ത് ആദ്യം താലി കെട്ടാൻ വിസമ്മതിച്ചു. എന്നാൽ, പിന്നീട് വിവാഹം നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here