FIFA ലോകകപ്പ് കഴിഞ്ഞാൽ ഖത്തറിലെ സ്റ്റേഡിയങ്ങൾക്ക് എന്ത് സംഭവിക്കും? ഭാവി പദ്ധതികള്‍ എന്തെല്ലാം?

0
251

ലോകകപ്പ് മത്സരങ്ങള്‍ കഴിഞ്ഞാലുടന്‍ ഖത്തറിലെ സ്റ്റേഡിയങ്ങൾ പൊളിച്ചുനീക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്റ്റേഡിയങ്ങള്‍ പൊളിച്ചുനീക്കുമെന്ന് പറയുന്നുണ്ടെങ്കിലും എന്നാണ് പൊളിക്കുന്നതെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. ഫിഫ ലോകകപ്പിന് ശേഷം, ഏഷ്യന്‍ കപ്പ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയവയ്ക്കും ഖത്തര്‍ തന്നെയാണ് വേദിയാകുന്നത്. അതുകൊണ്ട് തന്നെ ഖത്തറിലെ ഫിഫ വേള്‍ഡ് കപ്പ് വേദികള്‍ക്ക് എന്ത് സംഭവിക്കുമെന്നും നോക്കാം.

എന്താണ് ഖത്തറിന് വേണ്ടത്?

ലോക കപ്പിന് വേദിയാകുന്ന രാജ്യത്തെ സംബന്ധിച്ച് ഫിഫയ്ക്ക് വ്യക്തമായ പദ്ധതികളുണ്ട്. ഫൈനല്‍ മത്സരത്തിന് കുറഞ്ഞത് 80,000 പേര്‍ക്കെങ്കിലും ഇരിക്കാന്‍ കഴിയുന്ന ഒരു പ്രധാന സ്റ്റേഡിയമായിരിക്കണമെന്നും സെമി ഫൈനലില്‍ ഏകദേശം 60,000 പേരെ വഹിക്കാന്‍ ശേഷിയുള്ള ഒരു പ്രധാന സ്റ്റേഡിയം ഉണ്ടായിരിക്കണമെന്നും ഫിഫ നിര്‍ദ്ദേശത്തിലുണ്ട്. അത് കൂടാതെ ഏകദേശം 40,000 പേര്‍ക്ക് മത്സരം കാണാന്‍ കഴിയുന്ന മറ്റനേകം സംവിധാനങ്ങളും ഉള്‍ക്കൊള്ളാന്‍ ആതിഥേയരാജ്യത്തിന് കഴിയണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. നാല് വര്‍ഷം മുമ്പ് 35,000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള രണ്ട് പ്രധാന സ്റ്റേഡിയമാണ് ആവശ്യമെന്നായിരുന്നു റഷ്യ വേള്‍ഡ് കപ്പിന് വേദിയായപ്പോള്‍ ഫിഫ നല്‍കിയ നിര്‍ദ്ദേശം.

2010ല്‍ ആതിഥേയ രാജ്യത്തിനായുള്ള ലേലത്തില്‍ ഖത്തര്‍ വിജയിച്ച സമയത്ത് ഏകദേശം 12 സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാനുള്ള പ്ലാന്‍ രാജ്യത്തിനുണ്ടായിരുന്നു.

ആ പദ്ധതിയനുസരിച്ച് എട്ട് സ്റ്റേഡിയങ്ങള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പണികഴിപ്പിച്ചാണ് 2022 ഫിഫ ടൂര്‍ണ്ണമെന്റിനായിട്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തിയത്. അതില്‍ 7 എണ്ണം ലോകകപ്പിനായി തന്നെ നിര്‍മ്മിക്കപ്പെട്ടതാണ്. എന്നാല്‍ സ്റ്റേഡിയങ്ങളില്‍ ഒന്നായ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം 2019ല്‍ നടന്ന വേള്‍ഡ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി നവീകരിക്കുകയായിരുന്നു.

തുടര്‍ന്ന് ഖത്തറില്‍ ഇത്രയധികം പുതിയ വേദികള്‍ ആവശ്യമില്ലെന്ന തീരുമാനത്തോട് ഫിഫയും യോജിക്കുകയായിരുന്നു. അതേസമയം ഖത്തറിലെ 12 ടീമുകളുള്ള ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ ആഭ്യന്തര മത്സരങ്ങള്‍ക്ക് സാധാരണയായി ഇത്രയധികം വലിയ വേദികള്‍ ആവശ്യമായി വരാറില്ല.

ലേലം നടക്കുന്ന സമയത്ത് ഖത്തര്‍ നല്‍കിയ ദീര്‍ഘകാല വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ടൂര്‍ണ്ണമെന്റിന് ശേഷം ചില വേദികളില്‍ നിന്നും ഒരു നിര വീതം നീക്കം ചെയ്യുമെന്നത്. തുടര്‍ന്ന് സ്റ്റേഡിയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സമ്പന്നരല്ലാത്ത രാജ്യങ്ങള്‍ക്ക് സീറ്റും അതിനായുള്ള സ്റ്റീലും നല്‍കുമെന്നും വാഗ്ദാനത്തിലുണ്ടായിരുന്നു.

ചെലവ്

ഖത്തറിലെ സ്റ്റേഡിയങ്ങള്‍ പണികഴിപ്പിച്ചതുമായി ബന്ധപ്പെട്ട് എത്ര ചെലവായി എന്നുള്ളത് അവ്യക്തമാണ്. എന്നാല്‍ ലോകകപ്പിനായുള്ള തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട പദ്ധതികളുടെ ആകെ ചെലവ് ഏകദേശം 200 ബില്യണ്‍ ഡോളറാണെന്നാണ് വിവരം.

89,000 പേര്‍ക്ക് ഇരിക്കാവുന്ന ലുസൈല്‍ സ്റ്റേഡിയം ഒരു പാത്രത്തിന്റെ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 69,000 ഇരിപ്പിടങ്ങളുള്ള അല്‍ ബൈത്ത് സ്റ്റേഡിയം നാടോടികളുടെ മരുഭൂമിയിലെ കൂടാരത്തിന്റെ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അല്‍ തുമാമ സ്റ്റേഡിയം ഒരു തൊപ്പിയുടെ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

അക്കാലത്തെ അറിയപ്പെട്ടിരുന്ന ആര്‍ക്കിടെക്റ്റായ സഹ ഹാദീദ് ഒരു പേള്‍ ഫിഷിംഗ് ബോട്ടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അല്‍ ജനൗബ് സ്റ്റേഡിയം ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്നാണ് പറയുന്നത്.

മനുഷ്യവകാശ ലംഘനങ്ങള്‍

പതിനായിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ നിർമ്മാണ ജോലിയ്ക്കായി കൊണ്ടുവന്നത് സൃഷ്ടിച്ച വിവാദം ചെറുതായിരുന്നില്ല. അതില്‍ തന്നെ ദക്ഷിണേഷ്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികള്‍ എത്തിയത്.

ലോകകപ്പ് മുന്നൊരുക്കങ്ങള്‍ക്കായുള്ള ജോലിക്കിടെ എത്ര തൊഴിലാളികള്‍ മരിച്ചുവെന്നും എത്ര പേര്‍ക്ക് പരിക്ക് പറ്റിയെന്നുമുള്ള വിവരങ്ങളും അവ്യക്തമായി തന്നെ തുടരുകയാണ്. ഇത്തരം കേസുകളെപ്പറ്റി ഒരു അന്വേഷണവും ഖത്തറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

അതേസമയം യൂറോപ്യന്‍ കണ്‍സ്ട്രക്ഷന്‍ സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളെ അവരുടെ തൊഴിലുടമകളുമായി ബന്ധിപ്പിച്ചിരുന്ന സംവിധാനമായ കഫാല സമ്പ്രദായവും ഖത്തര്‍ പരിഷ്‌കരിച്ചിരുന്നു. കൂടാതെ തൊഴിലാളികള്‍ക്കായുള്ള കുറഞ്ഞ പ്രതിമാസ വേതനമായി 1,000 ഖത്തര്‍ റിയാല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

എന്നാല്‍ ഖത്തറിൽ ഇത്തരം നിയമങ്ങള്‍ ശക്തമായി പാലിക്കപ്പെടുന്നില്ലെന്നാണ് മനുഷ്യവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. തുടര്‍ന്ന് വേള്‍ഡ് കപ്പ് ജോലികളുമായി ബന്ധപ്പെട്ട് പരിക്ക് പറ്റിയ തൊഴിലാളികള്‍ക്കും മരിച്ചുപോയ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള പദ്ധതി ഫിഫ തന്നെ മുന്നോട്ട് വെച്ചിരുന്നു. തുടര്‍ന്ന് ഖത്തര്‍ ഭരണകൂടം തന്നെ ഈ വിഷയത്തെ കൈകാര്യം ചെയ്യാന്‍ പ്രാപ്തമാണെന്ന നിലയില്‍ മുന്നോട്ട് വരികയായിരുന്നു. തൊഴിലാളികള്‍ക്ക് വേതനം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ ഒരു പരിഹാരം കാണുമെന്നായിരുന്നു പറഞ്ഞിരുന്നത്.

ഭാവി പദ്ധതികള്‍

അതേസമയം പൊളിച്ചുമാറ്റുന്ന സ്റ്റേഡിയത്തിന്റെ ഭാഗങ്ങള്‍ എങ്ങോട്ടേക്കാണ് മാറ്റുന്നതെന്ന കാര്യത്തില്‍ യാതൊരു വിവരങ്ങളും ഇപ്പോള്‍ ലഭ്യമല്ല. ലോകകപ്പ് സംഘാടകര്‍ പറയുന്നത് അനുസരിച്ച് ലുസൈല്‍ സ്റ്റേഡിയത്തില്‍ ‘സ്‌കൂളുകള്‍, ഷോപ്പുകള്‍, കഫേകള്‍, കായിക താരങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍, ക്ലിനിക്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരിടം നിലനിര്‍ത്തുമെന്നും അല്‍ ബൈത്തിൽ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍, ഒരു ഷോപ്പിംഗ് മാള്‍, ഒരു സ്പോര്‍ട്സ് മെഡിസിന്‍ ക്ലിനിക്ക് എന്നിവയുണ്ടാകുമെന്നും പറയുന്നു

അതുകൂടാതെ പ്രാദേശിക ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്ക് രണ്ട് സ്റ്റേഡിയങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. അല്‍ റയ്യാന്‍ ക്ലബ്ബ് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലും അല്‍ വക്ര, അല്‍ ജനൂബിലും കളിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. അതുപോലെ തന്നെ 2026ലെ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ ഭാഗമായി ഖത്തറിന്റെ ദേശീയ ടീമിന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പരിശീലനം തുടരാനും സാധിക്കും.

ഏഷ്യന്‍ കപ്പ്

2024ല്‍ നടക്കുന്ന ഏഷ്യ കപ്പ് മത്സരങ്ങള്‍ക്കായി ഖത്തറിലെ ചില സ്റ്റേഡിയങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കപ്പെടുമെന്നാണ് പറയപ്പെടുന്നത്.

ലോകകപ്പ് തുടങ്ങുന്നതിന് ഒരുമാസം മുമ്പാണ് ചൈനയെ പിന്തള്ളി ഏഷ്യന്‍ കപ്പിനായുള്ള ആതിഥേയത്വം ഖത്തര്‍ ഔദ്യോഗികമായി ഏറ്റെടുത്തത്. കൊവിഡ് 19 വര്‍ധനവ് ആണ് ചൈനയെ ലിസ്റ്റില്‍ നിന്ന് പിന്തള്ളാന്‍ കാരണം. എന്നാല്‍ 13 മാസത്തിനുള്ളില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനായി ഒരുപക്ഷേ സ്റ്റേഡിയം 974 ഒഴിവാക്കപ്പെടുമോ എന്ന് കണ്ടറിയണം. ഒളിമ്പിക്‌സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ പങ്കെടുക്കുന്ന 2030ലെ ഏഷ്യന്‍ ഗെയിംസിനും ഖത്തര്‍ തന്നെയാണ് വേദിയാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here