പാലക്കാട്: ഫുട്‌ബോള്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ കിരീടനേട്ടം നാട്ടുകാര്‍ക്ക് സൗജന്യമായി മീന്‍ നല്‍കി ആഘോഷിച്ച് ആരാധകന്‍. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയും മത്സ്യവ്യാപാരിയുമായ സൈതലവിയാണ് 200 കിലോ മത്തി നാട്ടുകാര്‍ക്ക് സൗജന്യമായി വിതരണംചെയ്തത്.
അര്‍ജന്റീന കപ്പടിച്ചതിന് പിന്നാലെ ഈ വിജയം എങ്ങനെ ആഘോഷിക്കുമെന്നായിരുന്നു കടുത്ത അര്‍ജന്റീന ആരാധകനായ സൈതലവിയുടെ ചിന്ത. തുടര്‍ന്നാണ് മീന്‍ വാങ്ങി നാട്ടുകാര്‍ക്ക് വിതരണം ചെയ്യാമെന്ന് തീരുമാനിച്ചത്. തിങ്കളാഴ്ച രാവിലെ പാലക്കാട് പോയി 200 കിലോ മത്തി വാങ്ങിയ സൈതലവി, മുഴുവന്‍ മീനും നാട്ടുകാര്‍ക്ക് നല്‍കുകയായിരുന്നു.
ഇതിഹാസതാരം മെസ്സിയുടെ ആരാധകന്‍, വാമോസ് സൈതലവി തുടങ്ങിയ അനൗണ്‍സ്‌മെന്റിന്റെ അകമ്പടിയോടെയായിരുന്നു മീന്‍ വിതരണം. ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് പൈസ ചിലവാക്കുന്നതിനെക്കാള്‍ നല്ലത് ആ പൈസയ്ക്ക് നാട്ടുകാര്‍ക്ക് മീന്‍ വാങ്ങികൊടുത്തൂടെ എന്നായിരുന്നു സൈതലവിയുടെ ചോദ്യം. നേരത്തെ ചെന്നൈയില്‍ ജോലിചെയ്തിരുന്ന ഇദ്ദേഹം പത്തുവര്‍ഷം മുമ്പാണ് നാട്ടിലെത്തി മത്സ്യകച്ചവടം ആരംഭിച്ചത്.